Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂയോർക്ക്: വാര്‍ധക്യത്തെ തുരത്താനും മരണത്തിന് മറുമരുന്ന് കണ്ടെത്തുന്നതിനുമായുള്ള തന്റെ പരീക്ഷണത്തില്‍ പുരോഗതിയുണ്ടെന്ന് യുഎസ് ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍. 2039നകം തന്റെ പരീക്ഷണം അവസാനഘട്ടം കടക്കുമെന്നും നിലവില്‍ തന്റെ ശാരീരികപ്രവര്‍ത്തനങ്ങള്‍ പതിനെട്ടുകാരന്റേതിന് തുല്യമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
2019 മുതല്‍ 2025 വരെയുള്ള തന്റെ ശരീരവളര്‍ച്ചയുടെ തെളിവുകളെന്ന നിലയില്‍ വിവിധ സമയങ്ങളിലായി ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബ്രയാന്റെ അവകാശവാദം. 48 വയസുള്ള താന്‍ യഥാര്‍ത്ഥ പ്രായത്തേക്കാളും ചെറുപ്പക്കാരനാണെന്നും അധികം വൈകാതെ അമര്‍ത്യനാകുമെന്നും പറഞ്ഞു. 400 മില്യണ്‍ യുഎസ് ഡോള ആസ്തിയുള്ള ബ്രയാന്‍ യുവത്വം നിലനിര്‍ത്തുന്നതിനായുള്ള ഗവേഷണത്തിന്റെ ഭാഗമായി ദിവസവും കഴിക്കുന്നത് 111 ഗുളികകളാണ്.
എന്റെ ബയോളജിക്കല്‍ പ്രായത്തില്‍ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ഭൂമിയില്‍ ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായി യഥാര്‍ത്ഥ്യബോധത്തോടെ 24 മാസംകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. തന്റെ ഗവേഷണത്തിന് തുണയേകിയ തെറാപ്പികള്‍ക്കും എഐക്കും നന്ദി. ബ്രയാന്‍ സമീപകാലത്ത് പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
2039നകം തന്റെ ഗവേഷണം പൂര്‍ത്തിയാകുമെന്നും താന്‍ ലക്ഷ്യം കാണുമെന്നും അയാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2039ല്‍ തനിക്കെങ്ങനെയാണ് അമര്‍ത്യനാകാനുകകയെന്ന് നിലവില്‍ നമുക്കാര്‍ക്കും അറിയില്ല. എന്നാല്‍, ആ ലക്ഷ്യം കയ്യെത്തിപ്പിടിക്കാനാകാത്ത അകലത്തിലല്ലെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. അദ്ദേഹം കുറിച്ചു.
മരണം ഇല്ലാതാക്കാനും നിത്യയൗവനം നിലനിര്‍ത്താനുമുള്ള ഗവേഷണങ്ങള്‍ക്കായി ബ്ലൂപിന്റ് എന്ന പേരിലുള്ള ഒരു സ്ഥാപനത്തിന് തുടക്കമിട്ടുണ്ട് 48കാരന്‍. പ്രായമാകുന്ന ജീവശാസ്ത്രാവസ്ഥ അവസാനിപ്പിക്കാനുള്ള ഗവേഷണത്തിനായി ഒരു സംഘം ഡോക്ടര്‍മാരെ കമ്പനിയില്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ശരീരം തന്നെയാണ് ഗവേഷണവസ്തുവായി അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ദിവസവും 111 ഗുളികകളാണ് ബ്രയാന്‍ കഴിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുപുറമെ തലച്ചോറിലേക്ക് ചുവന്ന വെളിച്ചം കടത്തിവിടുന്ന ബേസ്ബാള്‍ തൊപ്പി ധരിച്ചാണ് അദ്ദേഹം നടക്കുന്നത്. ദിവസവും ജോലിയൊന്നുമെടുക്കാതെ വെറുതെയിരിക്കും. പുസ്തകം വായിക്കാന്‍ പോലും മെനക്കെടാറില്ല. റൂമില്‍ ബെഡിന് പുറമെ, അസ്ഥികളിലെ പ്രോട്ടീന്‍ വളര്‍ച്ചയ്ക്കും ശരീരത്തിലെ ചുളിവുകള്‍ കുറയ്ക്കാനുമുള്ള കുറയ്ക്കാനുമുള്ള ലേസര്‍ ഫേസ് ഷീല്‍ഡും ഉറക്കസമയത്തെ ഉദ്ധാരണം അളക്കാനായി ജനനേന്ദ്രിയത്തില്‍ ഘടിപ്പിക്കുന്ന ഉപകരണവും മാത്രമാണ് റൂമിലുണ്ടാകുക.
മുഖത്തെ ചുളിവുകള്‍ തടയാനായി ഒരു ക്രീം ഉപയോഗിച്ചാണു രാവിലെ മുഖം കഴുകുക. മധുരപലഹാരങ്ങളോ ഭക്ഷണമോ ഒന്നും തൊടുക പോലുമില്ല. ദിവസവും എട്ടു മണിക്കൂറിലേറെ ഉറക്കവും നിര്‍ബന്ധമാണ്. മധുരവും എട്ടു മണിക്കൂറില്‍ കുറഞ്ഞ ഉറക്കവുമെല്ലാണു മനുഷ്യരുടെ പ്രായം കൂട്ടുന്നതെന്നാണ് ബ്രയാന്‍ പറയുന്നത്.
48 വയസ് പ്രായമായ തന്റെ അവയവങ്ങള്‍ 18 വയസുകാരന്റേതു പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു മാറ്റുകയാണ് ബ്രയാന്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള ഗവേഷണത്തിന്റെയും പരിചരണങ്ങളുടെയും ഭാഗമായി സ്വന്തം എല്ലുകള്‍ 30 വയസുകാരന്റേതും ഹൃദയം 37കാരന്റേതുമായിട്ടുണ്ടെന്ന് ഇദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.
അഞ്ച് വര്‍ഷംമുന്‍പാണ് മരണത്തിനു മറുമരുന്ന് കണ്ടെത്താനുള്ള ദൗത്യം ബ്രയാന്‍ ജോണ്‍സന്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ ബ്രയാന്റെ ജീവിതവും ശരീരവും നിരീക്ഷിക്കാനായി ഒരുസംഘം ഡോക്ടര്‍മാര്‍ തന്നെയുണ്ട്. അദ്ദേഹം കഴിക്കുന്ന മരുന്നും തുടരുന്ന ജീവിതശൈലിയും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഇവര്‍ പ്രായമാകുന്നതു തടയാനുള്ള കണ്ടെത്തലുകള്‍ നടത്തുന്നത്.