മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് തലവൻ നെമെസിയോ ഒസെഗുര സെർവാന്റസിനെ (എൽ മെൻചോ) മെക്സിക്കൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മെക്സിക്കോയിലെ ജാലിസ്കോ ന്യൂ ജനറേഷൻ ഡ്രഗ് കാർട്ടലിന്റെ നേതാവാണ് എൽ മെൻചോ. ഏറ്റുമുട്ടലിൽ നാല് സിജെഎൻജി അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ പ്രധാന മയക്കുമരുന്ന് കടത്തുക്കാരനായ ഇയാളുടെ തലക്ക് മെക്സിക്കൻ ഭരണകൂടം 15 മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വ്യോമസേനയുടെയും നാഷണൽ ഗാർഡിന്റെയും അമേരിക്കയുടെയും പിന്തുണയോടെ പ്രത്യേക സേനയാണ് ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. വിമാനങ്ങൾ വീഴ്ത്താനും കവചിത വാഹനങ്ങൾ നശിപ്പിക്കാനും കഴിവുള്ള റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ വിവിധതരം ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. എൽ മെൻചോ കൊല്ലപ്പെട്ടതിന് പിന്നാലെ അദേഹത്തിന്റെ അനുയായികൾ രാജ്യത്ത് കലാപം അഴിച്ചുവിട്ടു. എട്ട് സംസ്ഥാനങ്ങളിൽ കലാപം വ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരാണ് 'എൽ മെൻചോ'?
ആധുനിക മെക്സിക്കോയിലെ ഏറ്റവും ശക്തനായ മയക്കുമരുന്ന് കടത്തുക്കാരിൽ പ്രധാനിയാണ് എൽ മെൻചോ. ഗ്രാമീണ ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്ന എൽ മെൻചോ ഒരു ആഗോള ക്രിമിനൽ സാമ്രാജ്യത്തെ തന്നെ വളർത്തിയെടുത്തു. ആധുനിക മെക്സിക്കോയിലെ ഏറ്റവും കുപ്രസിദ്ധമായ ക്രിമിനൽ ഗ്രൂപ്പുകളിൽ ഒന്നായ ജാലിസ്കോ ന്യൂ ജനറേഷൻ ഡ്രഗ് കാർട്ടലിന്റെ സ്ഥാപകനേതാവാണ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ എൽ മെൻചോ. 2010ൽ ജാലിസ്കോയിൽ ആരംഭിച്ച സിജെഎൻജി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാന്നിധ്യം വ്യാപിപ്പിച്ചു.
കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ, ഫെന്റനൈൽ എന്നിവ അമേരിക്കയിലേക്ക് കടത്തുകയാണ് സംഘത്തിന്റെ പ്രധാന ജോലി. നിരവധി തവണ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ നടത്തിയിട്ടുണ്ട്. മുമ്പ് ഒരു സൈനിക ഹെലികോപ്റ്റർ വെടിവച്ച് വീഴ്ത്തിയ കേസിൽ പ്രതിയാണ് എൽ മെൻചോ. മെക്സിക്കോയുടെ പരമ്പരാഗത മയക്കുമരുന്ന് കടത്ത് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഇന്ധന മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിലേക്കും കാർട്ടൽ അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.
മയക്കുമരുന്ന് കൃഷി വ്യാപകമായുള്ള മൈക്കോവക്കയിൽ 1966ൽ ജനിച്ച എൽ മെൻചോ 1980കളിൽ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറി. കാലിഫോർണിയയിലായിരിക്കെ ഹെറോയിൻ വ്യാപാരത്തിൽ ഏർപ്പെട്ട എൽ മെൻചോയെ അറസ്റ്റ് ചെയ്ത ജയിലിലടച്ചു. ശിക്ഷാകാലാവധി അവസാനിച്ച അദേഹത്തെ സ്വരാജ്യമായ മെക്സിക്കോയിലേക്ക് നാടുകടത്തി. എന്നാൽ മെക്സിക്കോയിൽ തിരിച്ചെത്തിയ എൽ മെൻചോ തീർത്തും വ്യത്യസ്തമായ തൊഴിലാണ് സ്വീകരിച്ചത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അദേഹം നിയമപാലകരുടെ സംഘത്തിൽ ചേർന്നു. പൊലീസിലായിരിക്കെ അദേഹം തന്റെ ക്രിമിനൽ ജീവിതത്തിന് സഹായകമായ ബന്ധങ്ങളും പ്രവർത്തന പരിജ്ഞാനവും നേടിയെടുത്തു. പിന്നീട് സിനലോവ കാർട്ടലുമായി ബന്ധമുള്ള മിലേനിയോ കാർട്ടൽ എന്ന ഗ്രൂപ്പിലൂടെ സംഘടിത കുറ്റകൃത്യങ്ങളിൽ പ്രവേശിച്ചു. മിലേനിയോ കാർട്ടലിലുണ്ടായ വിള്ളൽ അദേഹത്തെ പുതിയ സംഘം രൂപീകരിക്കാൻ പ്രേരിപ്പിച്ചു. 2009-2011 കാലഘട്ടത്തിൽ സിജെഎൻജി രൂപികരിച്ച എൽ മെൻചോ സിനലോവ കാർട്ടലിലെ മുൻ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള എതിരാളികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. കേഡർ സിസ്റ്റവും ബിസിനസ് കാര്യക്ഷമതയും ക്രൂരമായ അക്രമവും സംയോജിപ്പിച്ച പ്രവർത്തന ശൈലിയാണ് സംഘത്തിനുണ്ടായിരുന്നത്.
സംഘടിത കുറ്റകൃത്യങ്ങളിൽ വളരെ അപൂർവമായി മാത്രം കാണുന്ന അർധസൈനിക തന്ത്രങ്ങളാണ് സിജെഎൻജി പരീക്ഷിച്ചത്. കവചിത വാഹനങ്ങൾ, മാരക പ്രഹര ശേഷിയുള്ള ആയുധങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ, യൂണിഫോം ധരിച്ച തോക്കുധാരികൾ എന്നിവരെ സംഘം രാജ്യത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ വിന്യസിച്ചു. ശക്തി പ്രകടിപ്പിക്കുന്നതിനും എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായി പോരാളികളുടെ പ്രചാരണ വിഡിയോകൾ കാർട്ടൽ പതിവായി പുറത്തുവിട്ടിരുന്നു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ധനസഹായം നൽകിയും എൽ മെൻചോ തന്റെ അധികാരം ശക്തിപ്പെടുത്തി.
സാധാരണ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടാനും എൽ മെൻചോക്കും സംഘത്തിനും സാധിച്ചിരുന്നു. കോവിഡ് സമയത്ത്, സർക്കാർ സേവനങ്ങൾ പരിമിതമായിരുന്ന പ്രദേശങ്ങളിൽ സിജെഎൻജി അവരുടെ ലോഗോകൾ പതിച്ച ഭക്ഷണ പാക്കേജുകൾ വിതരണം ചെയ്തു. അക്രമത്തിന്റെയും സാമൂഹിക പിന്തുണയുടെയും ഈ മിശ്രിതം സംഘത്തെ സമൂഹത്തിൽ വേരുറപ്പുള്ള ഒരു പ്രസ്ഥാനമായി വളർത്തിയെടുത്തു. എൽ മെൻചോയെ ലക്ഷ്യം വെച്ച് നിരവധി ഏറ്റുമുട്ടലുകൾ മുൻപും നടന്നിരുന്നെങ്കിലും അതിവിദഗ്ധമായി അദേഹം രക്ഷപെടുകയായിരുന്നു.