'ജൂത വിരോധി, മംദാനിക്കായി വോട്ട് ചെയ്യുന്നവർ മണ്ടന്മാർ': വീണ്ടും ട്രംപ്‌

സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സൊഹ്റാൻ മംദാനി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ട്രംപ് എതിർപ്പുയർത്തുന്നത്.

Update: 2025-11-04 15:50 GMT
Editor : rishad | By : Web Desk

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്കെതിരെ വീണ്ടും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

സൊഹ്‌റാന്‍ മംദാനി ജൂത വിരോധിയാണെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യരുതെന്നും ട്രംപ് പറഞ്ഞു. ' ജൂത വിരോധിയെന്ന് സ്വയം അവകാശപ്പെടുന്ന സൊഹ്‌റാൻ മംദാനിക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും മണ്ടനാണെന്നായിരുന്നു ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് പറഞ്ഞത്.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. മംദാനി മേയറായാൽ ന്യൂയോർക്കിലേക്കുള്ള ഫണ്ടുകൾ തടയുമെന്നും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ പുതിയ മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെടും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

Advertising
Advertising

സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ചാണ് നേരത്തെ സൊഹ്റാൻ മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്. 

ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യു.എസ് പ്രസിഡൻ്റ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഗസ്സയിലെ വംശഹത്യക്ക്‌ സഹായം നൽകുന്നതിനെ മംദാനി എതിർത്തിരുന്നു. ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.

ട്രംപ് യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്നും മംദാനി തിരിച്ചടിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സൊഹ്റാൻ മംദാനി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ട്രംപ് എതിർപ്പുയർത്തുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News