Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: ഐഫോൺ നിർമാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മിക്കണമെന്ന് ആപ്പിളിനോട് ട്രംപ് പറഞ്ഞു. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഐഫോണുകൾ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയിൽ പ്ലാന്റുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് കഴിഞ്ഞ ആഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു.
'അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കിൽ, ആപ്പിൾ യുഎസിനു കുറഞ്ഞത് 25 ശതമാനം താരിഫ് നൽകണം'-ട്രംപ് പറഞ്ഞു.
ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.
ആപ്പിളിന് നിലവിൽ മൂന്ന് പ്ലാന്റുകളാണ് ഇന്ത്യയിലുള്ളത്. രണ്ട് എണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലും. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമാണത്തിലാണ്.