ഗസ്സയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികൾ മരിച്ചു
ബുധനാഴ്ച രാവിലെയാണ് സംഭവം
ഗസ്സ: തെക്കൻ ഗസ്സയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികൾ മരിച്ചു. ഖാൻ യൂനിസിനടുത്ത് യുഎസ് പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷണ വിതരണത്തിനിടെയാണ് സംഭവം. വിശന്നുവലഞ്ഞ് ഭക്ഷണ കേന്ദ്രത്തിലെത്തിയ ജനക്കൂട്ടത്തിന് നേരെ ജിഎച്ച്എഫ് ഗാർഡുകൾ കണ്ണീർവാതകമോ കുരുമുളക് സ്‌പ്രേയോ പ്രയോഗിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ അധികൃതരും ദൃക്‌സാക്ഷികളും പറഞ്ഞു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം.
എന്നാൽ തങ്ങളുടെ ജീവനക്കാര്‍ ജീവനക്കാർ കുരുമുളക് സ്പ്രേയോ കണ്ണീർവാതകമോ ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ജിഎച്ച്എഫ് തയാറായില്ല. ജനക്കൂട്ടത്തിനു നേരെ കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി പതിനഞ്ച് പേർ മരിച്ചുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ''ആശുപത്രിയിൽ എത്തിച്ച 15 പേരിൽ എല്ലാവരും നേരത്തെ മരിച്ചിരുന്നു. ഓക്സിജന്‍ കുറവിന്‍റെ വ്യക്തമായ ലക്ഷണങ്ങൾ കാണിച്ചിരുന്നു. നീല പാടുകൾ, ഛര്‍ദ്ദി, നീല ചുണ്ടുകൾ, വീര്‍ത്ത മുഖങ്ങൾ ...തുടങ്ങി ശ്വാസം മുട്ടലിന്‍റെ എല്ലാം ലക്ഷണങ്ങളും പ്രകടമായിരുന്നു'' ഗസ്സ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് സഖൗത്ത് പറഞ്ഞു. "ഞങ്ങൾക്ക് ലഭിച്ച 15 പേരിൽ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഇപ്പോൾ ടെന്‍റുകൾ പൂർണമായും ശൂന്യമാണ്, ഭക്ഷണമോ പാനീയമോ ഇല്ല. അതിനാൽ മറ്റ് മാർഗങ്ങളോ ബദലുകളോ ഇല്ലാതെ ആളുകൾ, കുറച്ച് ബ്രോഡ് ബീൻസ് അല്ലെങ്കിൽ ഹമൂസ്, അതുമല്ലെങ്കിൽ കുറച്ച് കിലോഗ്രാം മാവ് പോലും വാങ്ങാൻ അപകടകരമായ പ്രദേശങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു," റൂഖ പറഞ്ഞു." സഹായ വിതരണ ഗേറ്റുകൾക്ക് മുന്നിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് നേരെ സൈന്യം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതോടെ പരിഭ്രാന്തരായ ആളുകൾ ഓടിപ്പോകാൻ തുടങ്ങി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഗസ്സ ആരോഗ്യ അധികൃതരും നൽകിയ വിവരങ്ങൾ ജിഎച്ച്എഫ് നിഷേധിച്ചു. പകരം സംഭവത്തിന് ഹമാസിനെ കുറ്റപ്പെടുത്തി. ''ഈ ദാരുണമായ സംഭവം യാദൃശ്ചികമല്ല. ഇത് ഒരു കരുതിക്കൂട്ടിയുള്ള പ്രകോപനമായിരുന്നു, ഹമാസും സഖ്യകക്ഷികളും ഞങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണിത്'' ജിഎച്ച്എഫ് വക്താവ് ചാപിൻ ഫേ പറഞ്ഞു. "ജനക്കൂട്ടത്തിൽ പിസ്റ്റളുകൾ കൈവശം വച്ചിരുന്ന വലിയൊരു കൂട്ടം ആളുകളെ ജിഎച്ച്എഫ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഒരു അമേരിക്കൻ മെഡിക്കൽ പ്രൊഫഷണലായ ജിഎച്ച്എഫ് പ്രവർത്തകനെ ഹമാസ് അംഗമെന്ന് സംശയിക്കപ്പെടുന്ന ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് ലക്ഷ്യം വച്ചു'' ചാപിൻ ആരോപിച്ചു.