ജറൂസലേമിന്റെ തലസ്ഥാന പദവി അംഗീകരിക്കില്ല; ഇസ്രയേലിനെതിരെ ആസ്‌ട്രേലിയ

ജറൂസലേമിനെ തലസ്ഥാനമായി അംഗീകരിച്ച മുന്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി

Update: 2022-10-18 07:00 GMT
Editor : abs | By : Web Desk
Advertising

കാൻബറ: ജറൂസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച തീരുമാനം റദ്ദു ചെയ്ത് ആസ്‌ട്രേലിയൻ ഭരണകൂടം. 2018 ഡിസംബറിൽ മുൻ പ്രധാനമന്ത്രി സ്‌കോട്‌മോറിസൺ എടുത്ത തീരുമാനമാണ് സെന്റർ-ലെഫ്റ്റ് ലേബർ പാർട്ടി ഗവൺമെന്റ് റദ്ദാക്കിയത്. ഇസ്രയേലിലെ ഓസീസ് എംബസി ടെൽ അവീവിൽ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള സമാധാന ചർച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയമാണ് പടിഞ്ഞാറൻ ജറൂസലേമിന്റേതെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം. ഇതിനെ ഇല്ലാതാക്കുന്ന ഒരു സമീപനത്തെയും പിന്തുണയ്ക്കില്ലെന്ന് വോങ് കൂട്ടിച്ചേർത്തു.

സിഡ്‌നി മേഖലയിലെ ജൂത വംശജരെ സ്വാധീനിക്കാനാണ് തീരുമാനത്തിലൂടെ മോറിസൺ ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒമ്പതു വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ശേഷം കഴിഞ്ഞ മേയിലാണ് മോറിസൺ കസേരയിൽനിന്ന് പുറത്തായത്. 

ടെൽ അവീവിൽനിന്ന് ജറൂസലേമിലേക്ക് തലസ്ഥാനം മാറ്റാനുള്ള ഇസ്രയേൽ തീരുമാനത്തെ ആദ്യം പിന്തുണച്ചത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപായിരുന്നു. ജോ ബൈഡൻ സ്ഥാനമേറ്റെടുത്ത ശേഷവും തീരുമാനത്തിൽ മാറ്റമുണ്ടായിട്ടില്ല.

1947ലെ യുഎൻ വിഭജന പദ്ധതി രാജ്യാന്തര പദവി ശുപാർശ ചെയ്യുന്ന ജറൂസലേമിൽ നയതന്ത്രകാര്യാലയങ്ങൾ സ്ഥാപിക്കരുത് എന്നതാണ് അംഗരാജ്യങ്ങൾക്ക് യുഎൻ നൽകിയിട്ടുള്ള നിർദേശം. 1995ൽ എംബസിമാറ്റാൻ യുഎസ് നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കാൻ ഒരു പ്രസിഡൻറും തയാറായിരുന്നില്ല.  

Summary: Australia dropped its recognition of West Jerusalem as the capital of Israel, unwinding language adopted by Scott Morrison's government after the US moved its own embassy from Tel Aviv. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News