പശ്ചിമേഷ്യയിലെ സംഘർഷം; ആസ്ട്രേലിയയുടെ ആരോഗ്യമേഖലയെ തകർക്കുമോ ?

രാജ്യത്തെ മരുന്ന് നിർമ്മാതാക്കളോടും വിതരണക്കാരോടും അഞ്ച് മുതൽ ആറ് മാസത്തേക്കാവശ്യമായ അവശ്യമരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു

Update: 2026-04-04 07:05 GMT

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, നിലവിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. ലോകത്തെ പല രാജ്യങ്ങളെയും യുദ്ധം വിവിധ രീതികളിൽ ബാധിച്ചുകഴിഞ്ഞു. എന്നാൽ ആസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയുടെ വാതിലുകളാണ് യുദ്ധം തുറന്നിട്ടിരിക്കുന്നത്.

ദ്വീപ് രാഷ്ട്രമായ ആസ്ട്രേലിയ, തങ്ങൾക്കാവശ്യമായ മരുന്നുകളുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ആരോഗ്യമേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യം പ്രധാനമായും ആശ്രയിക്കുന്നത് ഇറക്കുമതി​ചെയ്യുന്ന മരുന്നുകളെയാണ്. നേരത്തെ തന്നെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് രാജ്യം പ്രയാസങ്ങൾ നേരിട്ടിരുന്നു. അതിനിടയിൽ പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചത് ആസ്ട്രേലിയയുടെ ആരോഗ്യമേഖലയ്ക്ക് കനത്ത ആഘാതമായി മാറി. വളരെ കുറഞ്ഞ അളവിൽ മരുന്നുകളും ചില വാക്സിനുകളും മാത്രമാണ് രാജ്യം നിലവിൽ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്.

Advertising
Advertising

മരുന്നുകൾ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളും മൂലകങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്. യുദ്ധം രൂക്ഷമാവുകയും ഹോർമൂസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുകയും ചെയ്തതോടെ ഷിപ്പിംഗ് റൂട്ടുകൾ തടസ്സപ്പെടാനും ചരക്കുനീക്കം വൈകാനും തുടങ്ങി. സംഘർഷമേഖലകളിലെ വ്യോമപാത ഒഴിവാക്കാൻ കാർഗോ വിമാനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരികയോ അല്ലെങ്കിൽ സർവീസുകൾ തന്നെ റദ്ദാക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. ഗതാഗത മാർഗ്ഗങ്ങൾ വഴിതിരിച്ചുവിടുന്നത് ചെലവ് വർദ്ധിപ്പിക്കാനും മരുന്നുകളുടെ വില ഉയരാനും കാരണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വർഷങ്ങളായി ആസ്ട്രേലിയയിൽ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആന്റിബയോട്ടിക്കുകൾ, അനസ്തേഷ്യ, ഹോർമോൺ, കാൻസർ , അപസ്മാരം, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവക്കുള്ള മരുന്നുകൾക്കാണ്  പ്രധാനമായും  രാജ്യം ക്ഷാമം നേരിടുന്നത്. അടിയന്തര അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാനായി 2023-ൽ ആസ്ട്രേലിയ ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ മരുന്ന് നിർമ്മാതാക്കളോടും വിതരണക്കാരോടും അഞ്ച് മുതൽ ആറ് മാസത്തേക്കാവശ്യമായ അവശ്യമരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശിച്ചു. ഈ മുൻകരുതൽ മൂലമാണ് രാജ്യത്തെ ആരോഗ്യമേഖല ഇതുവരെ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോയത്. എങ്കിലും 2025 വരെ പല മരുന്നുകൾക്കും വിപണിയിൽ കുറവ് അനുഭവപ്പെട്ടിരുന്നു. കാൻസർ മരുന്നുകളുടെ വിതരണത്തിലെ കാലതാമസം രോഗികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ പറയുന്നു.  ആഴ്ചകൾക്കുള്ളിൽ മരുന്നുകളുടെ സ്റ്റോക്ക് തീർന്നേക്കാമെന്ന് ചില വിതരണക്കാർ ഇതിനോടകം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

വലിയൊരു വിപണിയുണ്ടായിട്ടും പ്രമുഖ മരുന്ന് കമ്പനികളെ ആകർഷിക്കാൻ ആസ്ട്രേലിയയ്ക്ക് കഴിയാത്തതിന് പിന്നിൽ മറ്റൊരു ഘടകവുമുണ്ട്. മിതമായ നിരക്കിൽ ജനങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്‌സ് സ്‌കീം (PBS) ആണത്. ഇത് രോഗികൾക്ക് ആശ്വാസമാണെങ്കിലും, വലിയ ലാഭം പ്രതീക്ഷിക്കുന്ന ആഗോള മരുന്ന് നിർമ്മാതാക്കളെ ആസ്ട്രേലിയൻ വിപണിയിൽ നിന്ന് പിന്നോട്ട് വലിക്കാൻ കാരണമായി. നിലവിൽ ആഗോള ഔഷധ വിപണിയുടെ വെറും രണ്ട് ശതമാനം മാത്രമാണ് ആസ്ട്രേലിയയുടെ വിഹിതം.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - അനസ് അസീന്‍

Chief Web Journalist

Similar News