ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ബ്രിട്ടൻ: നിരാശാജനകമെന്ന് യോവ് ഗാലന്റ്

ആയുധങ്ങൾ ഇസ്രായേലിന്റെ കയ്യിലെത്തിയാലുള്ള അപകടം മുന്നിൽകണ്ടാണ് ബ്രിട്ടന്റെ തീരുമാനം

Update: 2024-09-03 05:08 GMT

ബ്രിട്ടൻ: ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് ഭരണകൂടം. 350 ആയുധ കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും സസ്പെൻഡ് ചെയ്യുമെന്നാണ് യു.കെ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ആയുധ വിതരണം നിര്‍ത്തിവെക്കുന്നത്. ആയുധങ്ങള്‍ ഇസ്രായേലിന്റെ കയ്യിലെത്തിയാലുള്ള അപകട സാധ്യത മുന്നില്‍കണ്ട് കൂടിയാണ് തീരുമാനം എന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കുന്നത്. 

ഗസ്സയില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ക്കാണ് ഭാഗിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും എന്നാല്‍ എഫ്-35 യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പാർലമെൻ്റിനെ അറിയിച്ചു.

Advertising
Advertising

സൈനിക വിമാനങ്ങൾ, ഹെലികോപ്ടറുകള്‍, ഡ്രോണുകൾ, ഗ്രൗണ്ട് ടാർഗറ്റിങ് സുഗമമാക്കുന്ന വസ്തുക്കൾ എന്നിവയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട 30 ലൈസൻസുകളിൽ വരുന്നത്. അതേസമയം ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ആയുധ ഉപരോധം അല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.കെ പിന്തുണയ്ക്കുന്നത് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ഇസ്രായേലിനുള്ള ആയുധ വിൽപ്പനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിശദീകരിക്കുമെന്ന് ലാമി വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലാമി പറഞ്ഞിരുന്നു. 

അതേസമയം ബ്രിട്ടന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രംഗത്ത് എത്തി. ഹമാസിനും ഇറാനുമെതിരായ നീക്കങ്ങളില്‍ ബ്രിട്ടന്റെ തീരുമാനം ഗുണം ചെയ്യില്ലെന്നായിരുന്നു ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. തീരുമാനത്തിൽ താൻ വളരെയധികം നിരാശനാണെന്നായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം. 

അതേസമയം ആയുധക്കയറ്റുമതി നിയന്ത്രിക്കാനുള്ള യുകെയുടെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഖത്തർ സർവകലാശാലയിലെ അന്താരാഷ്ട്ര കാര്യ പ്രൊഫസറായ ഹസൻ ബരാരി പറയുന്നത്. അന്താരാഷ്ട്ര സമൂഹത്തിനുള്ളൊരു ഓര്‍മപ്പെടുത്താലാണിതെന്നാണ് അദ്ദേഹം പറയുന്നത്.

ആരെയും വകവെക്കാതെ യുദ്ധം തുടരാൻ കഴിയില്ലെന്ന് ഇസ്രായേലികളോട് പറയാൻ എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാണെന്നും അങ്ങനെയുള്ളൊരു നടപടിയായി ബ്രിട്ടന്റെ തീരുമാനത്തെ കാണാമെന്നും ഹസൻ ബരാരി വ്യക്തമാക്കി. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം എന്ന പേരിൽ ഇസ്രായേൽ ഗസ്സയിൽ കാണിക്കുന്ന ക്രൂരതകളെ വിമർശിക്കുന്ന പ്രസ്താവനകൾ ബ്രിട്ടീഷ് സർക്കാറിൽ നിന്ന് കേൾക്കാറില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. 

യു.എസും ജർമ്മനിയും പോലുള്ള പ്രധാന വിതരണക്കാരെ അപേക്ഷിച്ച് ബ്രിട്ടീഷ് സ്ഥാപനങ്ങൾ താരതമ്യേന ചെറിയ അളവിലുള്ള ആയുധങ്ങളും ഘടകങ്ങളുമാണ് ഇസ്രായേലിന് വിൽക്കുന്നത്. 2022ൽ ഇസ്രായേലിലേക്കുള്ള സൈനിക കയറ്റുമതി 53 മില്യൺ ഡോളറാണെന്ന് ഈ വർഷം ആദ്യം സർക്കാർ അറിയിച്ചിരുന്നു. അതേസമയം ആയുധക്കയറ്റുമതിയിലെ നിയന്ത്രണം മതിയാകില്ലെങ്കിലും  യു.കെയുടെ നീക്കം ജാഗ്രതയോടെ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നായിരുന്നു അന്താരാഷ്ട്ര ആയുധ വ്യാപാരം നിർത്തലാക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗം സാമുവൽ പെർലോ വ്യക്തമാക്കിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News