ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; കൂടുതൽ പ്രസവിക്കാൻ സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈന

ജനനനിരക്ക് ഗണ്യമായി കുറയുന്നത് തുടർന്നാൽ യുവജനങ്ങളുടെ എണ്ണം കുറയുകയും അത് വരും വർഷങ്ങളിൽ ചൈനയിലെ തൊഴിൽ ശക്തിയെ ചുരുക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഈ ആനുകൂല്യങ്ങളെല്ലാം വിവാഹിതരായ ദമ്പതികൾക്ക് മാത്രമായിരിക്കും ലഭിക്കുക എന്നതും ശ്രദ്ധേയമാണ്.

Update: 2022-07-12 13:12 GMT
Advertising

ബീജിങ്: ജനസംഖ്യാ നിയന്ത്രണം സൃഷ്ടിച്ച കനത്ത പ്രതിസന്ധി മറികടക്കാൻ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈനീസ് സർക്കാർ. നികുതിയിളവുകൾ, ഭവന വായ്പാ സഹായങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, എന്നിവക്കു പുറമെ സാമ്പത്തിക ആനുകൂല്യങ്ങളും നൽകാനാണ് പുതിയ തീരുമാനം. ജനസംഖ്യ വർധിപ്പിച്ച് തൊഴിൽശേഷി മെച്ചപ്പെടുത്തുന്നതിനുമായി രാജ്യത്തെ വനിതകൾക്ക് കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ലോകത്ത് ജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യമാണ് ചൈന. കടുത്ത നിയന്ത്രണങ്ങളാണ് ജനസംഖ്യവർധന തടയാൻ നേരത്തെ അവർ നടപ്പിലാക്കിയിരുന്നത്. രാജ്യത്തിന്റെ ജനസംഖ്യാ നയങ്ങളുടെ ഭാഗമായി ജനസംഖ്യ വർധന തടയാൻ ചൈനീസ് സർക്കാർ ഒറ്റ കുട്ടി നയവും, നിർബന്ധിത ഗർഭച്ഛിദ്രവും വന്ധ്യംകരണവും മറ്റും നടപ്പിലാക്കിയിരുന്നു. എന്നാൽ ഈ കർശന ജനസംഖ്യാ നിയന്ത്രണത്തെ തുടർന്ന് ജനസംഖ്യ കുറയുമെന്ന ഘട്ടമെത്തിയതോടെ രാജ്യം പുതിയ പ്രതിസന്ധിയിലാവുകയായിരുന്നു. അതിനാലാണ് തങ്ങളുടെ ജനസംഖ്യാ നയത്തിൽ ചൈന കാര്യമായ മാറ്റം വരുത്തുന്നത്. ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ ഒന്നിൽ കൂടുതൽ, കൃത്യമായി പറഞ്ഞാൽ മൂന്ന് കുട്ടികൾക്കെങ്കിലും ഒരു സ്ത്രീ ജന്മം നൽകണമെന്നാണ് നിലവിൽ ചൈനീസ് ഭരണകൂടം ആവശ്യപ്പെടുന്നത്.

ഈ വർഷം ജനുവരിയിലെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് പ്രകാരം 2021 അവസാനത്തോടെ ചൈനയിൽ 141 കോടി ജനങ്ങളുണ്ടായിരുന്നു. എന്നാൽ ഇവിടെ ഇതേവർഷം നവജാതശിശുകളുടെ എണ്ണം 1.06 കോടിയായി കുറഞ്ഞു. ഇത് ചൈനയിലെ മരണനിരക്കിന് തുല്യമായി വരും. അതേസമയം കിഴക്കൻ ചൈനീസ് നഗരമായ വുഹുവിൽ ജനനങ്ങളുടെ എണ്ണം വളരെ താഴ്ന്നനിലയിലേക്ക് എത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ മരണത്തേക്കാൾ കുറഞ്ഞ അളവിൽ ജനനം സംഭവിക്കുന്നതോടെ രാജ്യത്തെ ജനസംഖ്യ കുറയുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അധികൃതർ നടപടി ആരംഭിച്ചത്.

ജനനനിരക്ക് ഗണ്യമായി കുറയുന്നത് തുടർന്നാൽ യുവജനങ്ങളുടെ എണ്ണം കുറയുകയും അത് വരും വർഷങ്ങളിൽ ചൈനയിലെ തൊഴിൽ ശക്തിയെ ചുരുക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഈ ആനുകൂല്യങ്ങളെല്ലാം വിവാഹിതരായ ദമ്പതികൾക്ക് മാത്രമായിരിക്കും ലഭിക്കുക എന്നതും ശ്രദ്ധേയമാണ്. ആർക്കൊക്കെ, എത്ര കുഞ്ഞുങ്ങൾ വരെ ആവാം എന്ന കാര്യങ്ങളിലൊക്കെ ബീജിങ് പ്രത്യേക നിർദേശങ്ങൾ തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അവിവാഹിതരായ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും കുടുംബാസൂത്രണ നയങ്ങളിലൂടെ ചൈന വിവേചനം കാണിക്കുന്നുവെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ചൈനയിലെ അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികൾക്ക് മെഡിക്കൽ ഇൻഷുറൻസും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് അടുത്തിടെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നു. മാത്രമല്ല അവിവാഹിതരും ഗർഭിണികളുമായ സ്ത്രീകൾക്ക് പൊതു ആരോഗ്യ പരിരക്ഷയും പ്രസവാവധി അടക്കമുളള കാര്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. ഗർഭിണിയായതിന്റെ പേരിൽ തൊഴിലുടമകൾ അവരെ പിരിച്ചുവിട്ടാൽ അവർക്ക് നിയമപരമായി സംരക്ഷണം പോലും ലഭ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ ചൈനീസ് വനിതകൾ പുരുഷന്മാരെ അപേക്ഷിച്ച് സ്വയം പര്യാപ്തരാണ്. അതുകൊണ്ടു തന്നെ വിവാഹം കുടുംബം കുഞ്ഞുങ്ങൾ തുടങ്ങിയ കാര്യങ്ങളെ പുതുതലമുറയിലെ പല പെൺകുട്ടികളും ബാധ്യതയായാണ് കരുതുന്നത്. കഴിഞ്ഞ വർഷമാണ് മൂന്നു മക്കൾ ദമ്പതികൾക്ക് അനുവദിക്കുന്ന രീതിയിൽ ജനസംഖ്യ-കുടുംബാസൂത്രണ നിയമം ചൈന പുതുക്കിയത്. എന്നാൽ ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കൂടുതൽ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുന്നതിൽ നിന്നും ചൈനീസ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News