പാകിസ്താനിൽ നിന്ന് 200,000 കഴുതകളെ വാങ്ങി ചൈന; ചൈനീസുകാര്‍ക്ക് എന്തിനാണ് ഇത്രയധികം കഴുതകൾ?

2024 ൽ ഒപ്പുവച്ച കരാർ പ്രകാരം, 200,000 കഴുതകളെയാണ് ചൈന പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്

Update: 2025-10-15 04:36 GMT
Editor : Jaisy Thomas | By : Web Desk

Representation Image

ബീജിങ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്താന്‍. ചൈന, എത്യോപ്യ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ചൈനയാണ് പാകിസ്താനിൽ നിന്നും ഏറ്റവും കൂടുതൽ കഴുതകളെ വാങ്ങുന്ന രാജ്യം. 2024 ൽ ഒപ്പുവച്ച കരാർ പ്രകാരം, 200,000 കഴുതകളെയാണ് ചൈന പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. കഴുതകളുടെ ഇറക്കുമതി വർധിപ്പിക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്നും കറാച്ചി തുറമുഖത്തിന് സമീപം ഒരു കശാപ്പുശാല തുറക്കാൻ ഒരുങ്ങുകയാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

കഴുതകളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി പാകിസ്താനിലെ ഗ്വാദറിൽ കഴുതകൾക്കായി ഷെൽട്ടറുകൾ നിര്‍മിക്കാനും പദ്ധതിയുണ്ട്. നിലവിൽ പാകിസ്താനിൽ 5.2 ദശലക്ഷം കഴുതകളുണ്ടെന്നാണ് കണക്ക്. എന്തിനാണ് ചൈന പാകിസ്താനിൽ ഇത്രയധികം കഴുതകളെ ഇറക്കുമതി ചെയ്യുന്നത്? എന്താണ് ഉപയോഗം?

Advertising
Advertising

ചൈനയും കഴുതകളും

കഴുതത്തോലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജെലാറ്റിൻ ആണ് ചൈന പ്രധാനമായും എജിയാവോ എന്ന മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്നത്.ചൈനയിലും മറ്റ് പല രാജ്യങ്ങളിലും ഈ മരുന്നിന്‍റെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കഴുതകളെ ഇറക്കുമതി ചെയ്യുന്നത്. അമിതവണ്ണം കുറക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിളര്‍ച്ച പരിഹരിക്കാനും ചൈനക്കാര്‍ ഉപയോഗിക്കുന്ന പരമ്പരാഗത മരുന്നാണ് എജിയാവോ. ചൈനയില്‍ കോടിക്കണക്കിന് രൂപയുടെ വിപണിയാണിത്.

ഈ മരുന്ന് കോള കോറി അസിനി എന്നും ഡോങ്കി-ഹൈഡ് ഗ്ലൂ എന്നും അറിയപ്പെടുന്നു. കഴുതത്തോലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജെലാറ്റിൻ വിവിധ ഔഷധസസ്യങ്ങളും മറ്റ് ചേരുവകളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഈ മരുന്ന് രക്തചംക്രമണം മെച്ചപ്പെടുത്തുമെന്നും രക്തസ്രാവം തടയാൻ സഹായിക്കുമെന്നും ഉറക്കം മെച്ചപ്പെടുത്തുമെന്നും ചർമത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുമെന്നുമാണ് അവകാശവാദം. മറ്റ് നിരവധി രോഗങ്ങൾക്കും എജിയാവോ നല്ലതാണെന്ന് ചൈനക്കാര്‍ കരുതുന്നു.

എത്രത്തോളം കഴുതകളെ വേണം?

എജിയാവോ മരുന്ന് വ്യവസായത്തിന് പ്രതിവര്‍ഷം 6 ദശലക്ഷം കഴുതകളുടെ തോൽ ആവശ്യമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയിൽ കഴുതകളുടെ ഉപയോഗം ഔഷധങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ കഴുത ഇറച്ചി വിഭവങ്ങൾ വളരെ ജനപ്രിയമാണ്. കൂടാതെ, ചൈനീസ് ഭാഷയിൽ “lǘròu huǒshāo” എന്നറിയപ്പെടുന്ന കഴുത ഇറച്ചി ബർഗറുകൾ ബയോഡിംഗ്, ഹെജിയാൻ നഗരങ്ങളിൽ വളരെയധികം ഡിമാന്‍ഡുള്ള സ്ട്രീറ്റ് ഫുഡാണ്.

ചൈനയിൽ കഴുതകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് പാകിസ്താൻ പോലുള്ള രാജ്യങ്ങളിലേക്ക് തിരിയാൻ നിര്‍ബന്ധിതരാകുന്നു. പാകിസ്താനിലാണെങ്കിൽ കഴുതകൾ യഥേഷ്ടവും. രാജ്യത്തെ പല വ്യവസായങ്ങളുമായും കഴുതകൾക്ക് ബന്ധമുണ്ട്. ഇഷ്ടിക ചൂളകളിലും കാർഷിക മേഖലകളിലും ട്രാൻസ്പോർട്ടേഷനും അലക്കു ശാലകളിലുമെല്ലാം കഴുതകളെ ഉപയോഗിക്കുന്നുണ്ട്. ഡിമാൻഡ് വര്‍ധിച്ചതോടെ കഴുതകൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താനിലെ സാധാരണക്കാരുടെ സ്ഥിതി അതിലേറെ പരിതാപകരമായിരിക്കുകയാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News