പകരച്ചുങ്കം: ഇങ്ങോട്ടു വന്നാൽ ചർച്ചയാവാമെന്ന് ട്രംപ്, കർശന നടപടികളുമായി തിരിച്ചടിച്ച് ചൈന

അമേരിക്കയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കുള്ള തീരുവ നേരത്തെ പ്രഖ്യാപിച്ച 34 ശതമാനത്തിൽ നിന്ന് 84 ശതമാനമാക്കി ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ ഉയർത്തി.

Update: 2025-04-09 13:50 GMT
Editor : André | By : Web Desk

ബീജിങ്: പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിൽ ഇളവു തേടി നിരവധി രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച നടത്തുമ്പോൾ, കർശന നീക്കങ്ങളുമായി തിരിച്ചടിച്ച് ചൈന. അമേരിക്കയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കുള്ള തീരുവ നേരത്തെ പ്രഖ്യാപിച്ച 34 ശതമാനത്തിൽ നിന്ന് 84 ശതമാനമാക്കി ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ ഉയർത്തി. 12 യു.എസ് കമ്പനികളെ 'കയറ്റുമതി നിയന്ത്രണ ലിസ്റ്റി'ൽ പെടുത്തിയതായി ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 104 ശതമാനം തീരുവ ഏർപ്പെടുത്തുന്ന നീക്കവുമായി അമേരിക്ക മുന്നോട്ടു പോവുകയാണെങ്കിൽ സ്വന്തം താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനാവശ്യമായ ശക്തമായ നടപടികളുമായി തങ്ങൾ മുന്നോട്ടു പോകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചു.

ഇന്നു പുലർച്ചെ അമേരിക്കൻ സമയം 12.01 മുതൽക്കാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം നിലവിൽ വന്നത്. ഇത് ഏഷ്യൻ ഓഹരിവിപണികളിൽ രണ്ടു മുതൽ നാല് വരെ ശതമാനം ഇടിവുണ്ടാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറക്കാമെന്നും തീരുവ ഇളവ് നൽകണമെന്നും കാണിച്ച് എഴുപതോളം രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച തുടങ്ങിയെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. അമേരിക്ക, ഇസ്രായേൽ, വിയറ്റ്‌നാം രാജ്യങ്ങൾ പുതുക്കിയ ഇറക്കുമതി നിരക്ക് പ്രഖ്യാപിച്ചപ്പോൾ ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ അമേരിക്കയുമായുള്ള ചർച്ച തുടരുകയാണ്.

ചൈന ഇങ്ങോട്ടു സമീപിക്കുകയാണെങ്കിൽ തങ്ങൾ ചർച്ചയ്ക്കു തയാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൈനയുമായി ചർച്ചയ്ക്ക് ട്രംപ് തയാറാണെന്നും അതിനുള്ള ആദ്യനീക്കം ചൈനയിൽ നിന്നാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. ചൈന-അമേരിക്ക വ്യാപാര പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ചൈനയിലെ മന്ത്രിസഭയ്ക്കു തുല്യമായ സ്റ്റേറ്റ് കൗൺസിലും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകളുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 84 ശതമാനമാക്കി ചൈന വർധിപ്പിച്ചിരിക്കുന്നത്.

തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഫെന്റനിൽ അടക്കമുള്ള രാസവസ്തുക്കൾ അമേരിക്കയിൽ എത്താതിരിക്കാനുള്ള നടപടികളും ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്ന കൃഷി, സർവീസ്, ഊർജ വ്യവസായങ്ങളെ ഇത് സാരമായി ബാധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിച്ച സംസ്ഥാനങ്ങളെയാവും ഇത് കാര്യമായി ബാധിക്കുക.

വ്യാപാര, വാണിജ്യ നിയന്ത്രണങ്ങൾ തുടരാനാണ് അമേരിക്കയുടെ തീരുമാനമെങ്കിൽ അവസാനം വരെ പോരാടുമെന്നും വ്യാപാര യുദ്ധത്തിൽ ആരും ജയിക്കുമെന്ന് കരുതേണ്ടെന്നും ചൈനീസ് വാണിജ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'വ്യാപാര യുദ്ധത്തിൽ ഒരു വിജയി ഉണ്ടാകില്ല എന്ന കാര്യം ഞാൻ ഉറപ്പിച്ചു പറയാം. വ്യാപാര യുദ്ധം ചൈന ആഗ്രഹിക്കുന്നുമില്ല. പക്ഷേ, ചൈനീസ് ജനതയ്ക്ക് പരിക്കേൽക്കുകയും അവർ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോൾ ചൈനീസ് ഭരണകൂടം വെറുതെ ഇരിക്കില്ല' മന്ത്രാല വക്താവ് പറഞ്ഞു.

ചൈനയ്ക്കു മേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്കയിലെ പല നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനെ ഉയർത്തുമെന്ന് ആശങ്ക വ്യാപകമായിട്ടുണ്ട്. നിയന്ത്രണം തങ്ങളുടെ സംരംഭങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് കാണിച്ച് അമേരിക്കയില നിരവധി ചെറുകിട, മധ്യ സംരംഭകർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് ഇരട്ടിയോളം വില വർധിക്കുന്നത് അമേരിക്കയിലെ സാധാരണ ജനങ്ങളെയും ബാധിക്കും.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News