ചെങ്കടലിലൂടെ ചൈനീസ്, റഷ്യൻ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാം -ഹൂതി നേതാവ്

‘ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ ഇസ്രായേലിനെ സാമ്പത്തികമായി ഞെരുക്കുകയാണ് ലക്ഷ്യം’

Update: 2024-01-19 08:38 GMT
Advertising

ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തി. റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

റഷ്യയും ചൈനയും ഉൾപ്പെടെ മറ്റെല്ലാ രാജ്യങ്ങൾക്കും ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം പ്രശ്നമല്ല. അത്തരം കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. കാരണം സ്വതന്ത്ര കപ്പൽ യാത്ര ഞങ്ങളുടെ രാജ്യത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. എന്നാൽ, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രയുടെ ഗതി മാറ്റാനുള്ള ഹൂതികളുടെ നിർദേശം അവഗണിച്ച കപ്പലുകൾക്ക് നേരെയാണ് ആക്രമണങ്ങൾ നടത്തിയത്. കപ്പൽ പിടിച്ചെടുക്കുകയോ തകർക്കുകയോ ചെയ്യുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ ഇസ്രായേലിനെ സാമ്പത്തികമായി ഞെരുക്കുകയാണ് ലക്ഷ്യം.

മറ്റുള്ളവർക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ് ഇസ്രായേലി വ്യവസായിയുമായി ബന്ധമുള്ള വ്യാപാരക്കപ്പലായ ഗ്യാലക്‌സി ലീഡർ നവംബറിൽ പിടിച്ചെടുത്തത്. തടവിലുള്ള കപ്പൽ ജീവനക്കാർ സുഖമായിരിക്കുന്നു. അവർക്ക് ഞങ്ങൾ മികച്ച പരിചരണമാണ് നൽകുന്നതെന്നും മുഹമ്മദ് അൽ ബുഖൈത്തി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഹൂതികളുടെ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ യു.എസ് കപ്പലിന് നേരെ തിരിച്ചടിച്ചിരുന്നു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ തുടരുന്ന ആസൂത്രിത വംശഹത്യക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധമുള്ള നിരവധി കപ്പലുകളാണ് ഹൂതികൾ ആക്രമിച്ചത്.

Summary: Chinese and Russian ships can safely navigate Red Sea - Houthi leader

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News