വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; അപലപിച്ച് സഭാ നേതാക്കളും നയതന്ത്രജ്ഞരും

ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങൾക്ക് ശേഷം 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തയ്ബെ പട്ടണം സന്ദർശിച്ചു

Update: 2025-07-16 10:30 GMT

വെസ്റ്റ് ബാങ്ക്: ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള വെസ്റ്റ് ബാങ്കിലെ തെയ്ബെ എന്ന കൊച്ച് ക്രിസ്ത്യൻ ഗ്രാമത്തിൽ സമീപകാല ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ തുടർന്ന് ഗ്രാമവാസികൾ സഹായത്തിനായി അപേക്ഷിക്കുകയാണ്. ക്രിസ്ത്യൻ മതനേതാക്കളും നയതന്ത്രജ്ഞരും ഗ്രാമത്തിലെ തെരുവുകളിലൂടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പ്രാർത്ഥനകൾ നടത്തി.

ജറുസലേമിലെ ലാറ്റിൻ പാട്രിയാർക്ക് കാർഡിനൽ പിയർബാറ്റിസ്റ്റ പിസ്സബല്ല, ഗ്രീക്ക് ഓർത്തഡോക്സ് പാട്രിയാർക്ക് തിയോഫിലോസ് III എന്നിവർ ചേർന്ന് അഞ്ചാം നൂറ്റാണ്ടിലെ സെന്റ് ജോർജ് പള്ളിയിൽ പ്രാർത്ഥന നയിച്ചു. ജൂലൈ 7-ന് ഈ പള്ളിക്ക് സമീപമുള്ള ശ്മശാനത്തിന് തീയിട്ട ആക്രമണം ഗ്രാമവാസികൾക്ക് വലിയ ഞെട്ടലുണ്ടാക്കി. ഗ്രാമവാസികൾ പറയുന്നതനുസരിച്ച് കുടിയേറ്റക്കാർ ഒലിവ് തോട്ടങ്ങൾ നശിപ്പിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തെയ്ബെക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി ജലസ്രോതസ്സുകൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി ഫലസ്തീൻ അധികൃതർ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

യൂറോപ്യൻ യൂണിയന്റെ പ്രതിനിധി അലക്സാണ്ടർ സ്റ്റുട്സ്മാൻ കുടിയേറ്റക്കാർക്കും അവരുടെ സംഘടനകൾക്കുമെതിരെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധങ്ങളെ പരാമർശിച്ച് ഈ ആക്രമണങ്ങൾ സമാധാന പ്രക്രിയയെ ദുർബലപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കി. തെയ്ബെ വെസ്റ്റ് ബാങ്കിലെ ഏക പൂർണ ക്രിസ്ത്യൻ ഗ്രാമമാണ്. എന്നാൽ ആക്രമണങ്ങളുടെ ഭീഷണി മൂലം പലരും പലായനം ചെയ്യാൻ ആലോചിക്കുന്നതായി മതനേതാക്കൾ പറയുന്നു. 'ഈ സാഹചര്യം കാരണം പ്രത്യേകിച്ച് യുവാക്കൾക്ക് ഭാവിയിൽ പ്രതീക്ഷ വെച്ചുപുലർത്താൻ പ്രയാസമാണ്.' പിസ്സബല്ല കൂട്ടിച്ചേർത്തു.

ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ തെയ്ബെയിലെ ആക്രമണങ്ങളെ 'ക്രിസ്ത്യൻ പൈതൃകത്തിനും വിശുദ്ധ സ്ഥലങ്ങൾക്കും എതിരായ വ്യക്തമായ ലംഘനം' എന്ന് വിശേഷിപ്പിച്ച് പ്രസ്താവന ഇറക്കി. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) ജൂലൈ 1-7 വരെ 27 കുടിയേറ്റ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ൽ 1,420-ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി OCHA വ്യക്തമാക്കി. മതനേതാക്കൾ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോട് തെയ്ബെയുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാനും നടപടിയെടുക്കാനും അഭ്യർത്ഥിച്ചു. 'ഇവിടെ തെയ്ബെയിലും വെസ്റ്റ് ബാങ്കിന്റെ മറ്റിടങ്ങളിലും ഞങ്ങളുടെ സമൂഹത്തിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണം.' അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News