ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കൽ: റഫയിൽ ലോജിസ്റ്റിക് സെന്റർ സ്ഥാപിക്കുമെന്ന് ഈജിപ്ത്

ഗസ്സയിലേക്കുള്ള സഹായം വിവിധ മാർഗങ്ങളിലൂടെ സിനായ് മേഖലയിൽ എത്തിക്കൊണ്ടിരിക്കുകയാണ്

Update: 2024-02-18 11:00 GMT

കെയ്റോ: ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് സുഗമമാക്കാൻ റഫയിൽ ലോജിസ്റ്റിക്സ് സെൻറർ സ്ഥാപിക്കുമെന്ന് ഈജിപ്ത് അറിയിച്ചു. ഈജിപ്തിനും ഗസ്സക്കും ഇടയിലുള്ള റഫ അതിർത്തിയിലെ അൽ അരിഷിൽ കേന്ദ്രം നിർമിക്കുമെന്ന് നോർത്ത് സിനായ് ഗവർണർ മേജർ ജനറൽ മുഹമ്മദ് അബ്ദുൽ ഫാദിൽ പറഞ്ഞു.

ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെ പ്രവർത്തനം സുഗമമാക്കാനും പ്രദേശത്തെയും റോഡിലെയും തിരക്ക് കുറക്കാനുമായി ഈജിപ്ഷ്യൻ സൈന്യം അൽ-അരിഷിൽ കേന്ദ്രം നിർമിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അബ്ദുൽ ഫാദിൽ വ്യക്തമാക്കി.

ട്രക്കുകൾക്കുള്ള പാർക്കിങ് ഏരിയകൾ, സുരക്ഷിതമായ വെയർഹൗസുകൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, ഡ്രൈവർമാർക്കുള്ള താമസസൗകര്യം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടാകും.

Advertising
Advertising

ഗസ്സയിലേക്കുള്ള സഹായം കര, കടൽ, വ്യോമമാർഗങ്ങളിലൂടെ സിനായ് മേഖലയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അൽ-അരിഷ് തുറമുഖത്തുനിന്നും അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ട്രക്കുകളിൽ ഗസ്സയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

14 ലക്ഷത്തോളം ആളുകളാണ് റഫയിൽ കഴിയുന്നത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങും മുമ്പ് തെക്കൻ ഗസ്സയിൽ 280,000 ഫലസ്തീനികളാണ് ഉണ്ടായിരുന്നത്. യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികളിൽ ഭൂരിഭാഗവും റഫയിലാണ് അഭയം തേടിയിരിക്കുന്നത്.

താൽക്കാലിക ടെന്റുകളിൽ ഭക്ഷണവും വെള്ളമൊന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ. ഇസ്രായേൽ സൈന്യം റഫയിലും വ്യോമാക്രമണം നടത്തുന്നുണ്ട്. കൂടാതെ ഇവിടെ കരയാക്രമണത്തിനും ​പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലക്ഷ്യമിടുന്നുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News