'ഞാൻ എന്റെ ആശുപത്രി വിടില്ല..'; ഇസ്രായേലിന് കീഴ്‌പ്പെടുത്താനാകാത്ത മനോവീര്യം, ഡോ.ഹുസാം അബൂ സഫിയയുടെ അവസാന ഫോട്ടോ പുറത്ത്

ഫലസ്‌തീനികളുടെ മനോധൈര്യവും വംശഹത്യ നടത്തുന്നവരുടെ ദൗർബല്യവും ഒറ്റ ചിത്രത്തിൽ കാണാം.. വൈറ്റ് കോട്ടിട്ട് തകർന്നടിഞ്ഞ കെട്ടിടാവാശിഷ്‌ടങ്ങൾക്കിടയിലൂടെ തല ഉയർത്തിപ്പിടിച്ചിച്ച് നടക്കുകയാണ് ഒരു മനുഷ്യൻ..

Update: 2024-12-30 16:15 GMT
Editor : banuisahak | By : Web Desk

ഫലസ്‌തീനികളുടെ മനോധൈര്യവും വംശഹത്യ നടത്തുന്നവരുടെ ദൗർബല്യവും ഒറ്റ ചിത്രത്തിൽ കാണാം.. വൈറ്റ് കോട്ടിട്ട് തകർന്നടിഞ്ഞ കെട്ടിടാവാശിഷ്‌ടങ്ങൾക്കിടയിലൂടെ തല ഉയർത്തിപ്പിടിച്ചിച്ച് നടക്കുകയാണ് ഒരു മനുഷ്യൻ.. 51കാരനായ ഒരു ഡോക്‌ടർ ആണ് അദ്ദേഹം. എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല... എന്റെ ജനങ്ങൾക്ക് എന്നെ ആവശ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹം നടന്നടുക്കുന്നത് ഇസ്രായേലിന്റെ ടാങ്കറുകൾ വളഞ്ഞ ഒരു പ്രദേശത്തേക്കാണ്.

വടക്കൻ ഗസ്സയിലെ അവസാനത്തെ ആശുപത്രിയായ കമാൽ അദ്‌വാൻ ആശുപത്രിയുടെ ജനറൽ ഡയറക്‌ടറും ശിശുരോഗ വിദഗ്‌ധനുമായ ഡോ. ഹുസാം അബൂ സഫിയയുടെ അവസാനത്തെ ഫോട്ടോ പുറത്തുവന്നിരിക്കുന്നു. ഇസ്രായേൽ തടവിലാക്കുന്നതിന് മുൻപ് ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം... ഇസ്രായേൽ സൈന്യം കമാൽ അദ്‌വാന്റെ മതിലുകൾ തകർത്ത് മുന്നോട്ട് വന്നപ്പോഴും വിരൽ ചൂണ്ടി ഹുസാം അബൂ സഫിയ പറഞ്ഞു 'ഞാൻ എന്റെ ആശുപത്രി വിടില്ല'. 

Advertising
Advertising

ഒളിച്ചോടുകയോ കീഴ്പ്പെടുകയോ ചെയ്തില്ല. ആ ചിത്രത്തിലേക്ക് നോക്കൂ, അദ്ദേഹം ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല.. തെല്ലും ഭയമില്ലാതെ അതിലേക്ക് നടന്നടുക്കുകയാണ്. ടാങ്കറുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഇസ്രായേൽ സൈന്യത്തിന് നേരെ തന്റെ വൈറ്റ് കോട്ടുമിട്ട് നടന്നുനീങ്ങുന്ന അദ്ദേഹം കൊല്ലപ്പെട്ടവരും പോരാടുന്നവരുമായ നിരവധി ഫലസ്‌തീനികളുടെ പ്രതിനിധിയാണ്.  

'ഒരിക്കലും ഓടിപ്പോകില്ല, എന്റെ ജനങ്ങൾക്കൊപ്പം ഞാനുണ്ടാകും, ഗസ്സ ഞങ്ങളുടെ മാതൃഭൂമിയാണ്, ഞങ്ങളുടെ മാതാവാണ്.. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതും എല്ലാമെല്ലാമാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും പോലെ ഗസ്സയിലെ ജനങ്ങൾക്കും സ്വാതന്ത്ര്യം വേണം. ഇവിടെ ഈ ആശുപത്രിയിൽ തുടരുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നറിയാം... എങ്കിലും അവസാനം വരെയും ഇവിടം വിട്ടുപോകില്ല'- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഡോ. ഹുസാം പറയുന്നത് ഇങ്ങനെ. 

അബു ഏലിയാസ് എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. 1973 നവംബർ 21 ന് വടക്കൻ ഗാസ മുനമ്പിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ജനിച്ചു. 1948ൽ അഷ്‌കെലോൺ ജില്ലയിലെ ഫലസ്‌തീൻ പട്ടണമായ ഹമാമയിൽ നിന്ന് കുടിയിറക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ കുടുംബം. പീഡിയാട്രിക്സിലും നിയോനറ്റോളജിയിലും ബിരുദാനന്തര ബിരുദവും പലസ്തീൻ ബോർഡ് സർട്ടിഫിക്കേഷനും അദ്ദേഹം നേടിയിട്ടുണ്ട്.

ഒക്‌ടോബർ 5ന് വടക്കൻ ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം വിനാശകരമായ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കമാൽ അദ്‌വാൻ ആശുപത്രി ഒഴിയണമെന്ന് നിരവധി തവണ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കമാൽ അദ്‌വാൻ ഒഴിയാൻ ഹുസാം അബൂ സഫിയ കൂട്ടാക്കിയില്ല. വ്യോമാക്രമണം നടത്തുന്നതിനിടെ പ്രദേശത്തെ ഫലസ്തീനികൾക്കുള്ള ഭക്ഷണവും വെള്ളവും ഇസ്രായേൽ നിർത്തലാക്കിയിരുന്നു. ഷെല്ലാക്രമണം നടത്തി നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കി.

മേഖലയിലെ ആശുപത്രികളെയും ഉപരോധം വിനാശകരമായി ബാധിച്ചു.ഒക്‌ടോബർ അവസാനം ഇസ്രായേൽ സൈന്യം ആശുപത്രിയിലേക്ക് ഇരച്ചുകയറുകയും 44 ജീവനക്കാരെ തടവിലാക്കുകയും ചെയ്‌തു. ഇക്കൂട്ടത്തിൽ അബൂ സഫിയയെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അന്ന് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അദ്ദേഹത്തിന്റെ 21കാരനായ മകൻ ഇബ്രാഹിമിനെ ആശുപത്രി ഗേറ്റിൽ കൊലപ്പെടുത്തി. ആശുപത്രി വിടാൻ വിസമ്മതിച്ചതിന് ശിക്ഷയായി മകനെ കൊലപ്പെടുത്തിയെന്നായിരുന്നു അബൂ സഫിയയുടെ പ്രതികരണം. ആശുപത്രി വളപ്പിലെ താത്കാലിക ശ്മാശാനത്തിൽ മകനെ ഖബറടക്കുകയും ചെയ്തു. 

ഉപരോധത്തിനിടയിലും അബൂ സഫിയയെപ്പോലുള്ള ഏതാനും ഡോക്ടർമാരും കുറച്ച് നഴ്‌സുമാരും ഉൾപ്പെട്ട മെഡിക്കൽ സംഘം , ഇസ്രായേൽ സൈന്യത്തിൻ്റെ ആവർത്തിച്ചുള്ള ഉത്തരവ് നിരസിച്ച് ആശുപത്രിയിൽ തുടർന്നു. ദിവസേന ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് വീഡിയോയിലൂടെ ലോകത്തെ അറിയിക്കുകയും ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഇടപെടലിനായി അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു ഹുസാം അബൂ സഫിയ. 

നവംബർ 23ന് ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തുകടക്കവെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. തുടയിലേറ്റ ഗുരുതര പരിക്ക് കാരണം സിരകളിലും ധമനികളിലും വിള്ളലുകൾ ഉണ്ടായി. ഇതൊന്നും അദ്ദേഹത്തെ തടയാൻ പര്യാപ്തമായിരുന്നില്ല. 'ഇതൊന്നും ഞങ്ങളെ തടയില്ല. എൻ്റെ ജോലിസ്ഥലത്ത് എനിക്ക് പരിക്കേറ്റത് ഒരു ബഹുമതിയാണ്. എൻ്റെ രക്തം എൻ്റെ സഹപ്രവർത്തകരെക്കാളും ഞങ്ങൾ സേവിക്കുന്ന ആളുകളെക്കാളും വിലപ്പെട്ടതല്ല.. സുഖം പ്രാപിച്ചാലുടൻ ഞാൻ എൻ്റെ രോഗികളുടെ അടുത്തേക്ക് മടങ്ങും' എന്ന് അദ്ദേഹം അന്ന് പറഞ്ഞത് വെറും വാക്കുകളായിരുന്നില്ല. 

നിലവിൽ ഇസ്രായേലിന്റെ തടങ്കൽ പാളയമായ Sde Teimanനിലാണ് ഡോ.ഹുസാം അബൂ സഫിയ എന്നാണ് റിപ്പോർട്ടുകൾ. കമാൽ അദ്‌വാനിൽ നിന്ന് ഇസ്രായേൽ സൈന്യം പിടികൂടിയ ശേഷം പിന്നീട് പുറംലോകം കണ്ടിട്ടില്ല അദ്ദേഹം. അതിക്രൂരമായ ഇസ്രായേൽ മുറകൾക്ക് പേരുകേട്ട Sde Teiman നിൽ ഡോ.ഹുസാം അബൂ സഫിയ തുടരുന്നത് ആശങ്കകൾ ഉയർത്തുന്നു. മനുഷ്യാവകാശ സംഘടനകളടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെടുമ്പോൾ ഹമാസ് തീവ്രവാദിയെന്ന പതിവ് വാദങ്ങൾ നിരത്തുകയാണ് ഇസ്രായേൽ..

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News