ഭിന്നശേഷിക്കാരനായ ജീവനക്കാരനെ അധിക്ഷേപിച്ച് മസ്ക്; വിവാദമായതോടെ ഖേദപ്രകടനം

മസ്ക് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി അനാദരവ് നിറഞ്ഞതും നിരാശാജനകവുമാണെന്ന് വിമര്‍ശനം ഉയര്‍ന്നു

Update: 2023-03-08 10:43 GMT
Advertising

കാലിഫോര്‍ണിയ: ഭിന്നശേഷിയുള്ള ജീവനക്കാരനെ അധിക്ഷേപിച്ച് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്ക്. മസ്കുലാര്‍ ഡിസ്ട്രോഫി രോഗമുള്ള, വീല്‍ചെയറിന്‍റെ സഹായത്തോടെ സഞ്ചരിക്കുന്ന ഹരാൾദുർ തോർലീഫ്‌സണെയാണ് മസ്ക് പരിഹസിച്ചത്. ജോലിയും ശമ്പളവും സംബന്ധിച്ച് ട്വീറ്റുകളിലൂടെയുള്ള വാക്പോരിനിടെയായിരുന്നു അധിക്ഷേപം.

"പ്രിയപ്പെട്ട ഇലോൺ മസ്ക് ഒന്‍പത് ദിവസമായി കമ്പനിയുടെ കമ്പ്യൂട്ടറിലേക്ക് എനിക്ക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല. എച്ച്.ആറുമായി ബന്ധപ്പെട്ടപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. എന്‍റെ ജോലി നഷ്ടമായതാണോ അല്ലയോ എന്ന് വ്യക്തമാക്കണം"- ഇതായിരുന്നു ട്വിറ്ററില്‍ ഹല്ലിയെന്ന് അറിയപ്പെടുന്ന ഹരാൾദുർ തോർലീഫ്‌സന്‍റെ ആവശ്യം. മസ്ക് ഹല്ലിയെ പരിഹസിച്ചാണ് മറുപടി നല്‍കിയത്. എന്താണ് ജോലിയെന്ന് ചോദിച്ച മസ്ക്, ഹല്ലിക്ക് 'പ്രമുഖവും സജീവവുമായ ട്വിറ്റർ അക്കൗണ്ട് ഉണ്ടെന്നും സമ്പന്നനാണെന്നും' മസ്ക് ട്വീറ്റ് ചെയ്തു. 'വലിയ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എന്നെ പരസ്യമായി നേരിടുന്നത്' എന്നും 'രോഗാവസ്ഥയുടെ പേരു പറഞ്ഞ് കമ്പനിയെ പറ്റിക്കുകയാണ്' എന്നും 'സുഖമില്ലാത്തയാള്‍ ഇവിടെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുക' ആണെന്നും മസ്ക് അധിക്ഷേപിച്ചു. തുടര്‍ന്ന് കാലുകള്‍ ചലിപ്പിക്കാനാവാത്ത തന്റെ ആരോഗ്യസ്ഥിതി ഹല്ലി വിശദീകരിച്ചു. 25ആം വയസ്സു മുതല്‍ ഇതാണ് അവസ്ഥയെന്നും കഴിഞ്ഞ 20 വര്‍ഷമായി വീല്‍ചെയറിലാണെന്നും അദ്ദേഹം പറഞ്ഞു.


ഇതോടെ ഹല്ലിക്ക് പിന്തുണയുമായി നിരവധി പേരെത്തി. മസ്ക് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി അനാദരവ് നിറഞ്ഞതും നിരാശാജനകവുമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഹല്ലിയുടെ ജോലിയിലെ മികവ് ഉള്‍പ്പെടെ മസ്കിനെ ടാഗ് ചെയ്ത് കൂടെ ജോലി ചെയ്തവര്‍ വിശദീകരിച്ചു- "ഹല്ലിക്കൊപ്പം പ്രവർത്തിച്ച ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ കഴിവും വിനയവും പ്രശസ്തമാണ്. നിങ്ങളുടെ ടീമിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളാണ് അദ്ദേഹം. ജോലിയൊന്നും ചെയ്തില്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍ എവിടെയോ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്".

തുടര്‍ന്നായിരുന്നു മസ്കിന്‍റെ ഖേദപ്രകടനം- "എന്താണ് യാഥാര്‍ഥ്യമെന്ന് അറിയാന്‍ ഞാന്‍ ഹല്ലിയുമായി വീഡിയോ കോളില്‍ സംസാരിച്ചു. അതൊരു വലിയ കഥയാണ്. ട്വീറ്റില്‍ സംസാരിക്കുന്നതിനേക്കാള്‍ ആളുകളോട് നേരിട്ട് ആശയവിനിമയം നടത്തുന്നതാണ് നല്ലത്. അദ്ദേഹത്തിന്‍റെ സാഹചര്യത്തെ തെറ്റിദ്ധരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നോട് പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പ്രതികരണം". 






Summary- Twitter's Chief Executive Officer made headlines yesterday for mocking a former employee Haraldur Thorleifsson for his disability. The two were engaged in a war of words over the latter's employment and payment

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News