'എന്റെ സമയം കഴിഞ്ഞു'; ട്രംപിന്റെ ഉപദേശകസ്ഥാനം ഒഴിഞ്ഞ് മസ്‌ക്
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങി. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം.
മസ്‌ക് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫെഡറല്‍ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡോജ് എന്ന വകുപ്പ് സൃഷ്ടിച്ചത്. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്.
‘‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ – അദ്ദേഹം എക്സിൽ കുറിച്ചു.
സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്‍റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് ആഞ്ഞടിച്ചിരുന്നു.
അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി രംഗത്ത് എത്തി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞിരുന്നു.