ആ കുഞ്ഞു ബ്രേസ്‌ലറ്റ് വാങ്ങാൻ മകളില്ല, കരഞ്ഞുതീർത്ത് പിതാവ്: കണ്ണ് നനയിച്ച് ഫലസ്തീൻ തടവുകാർ, വൈകാരിക രംഗങ്ങൾ
ഒക്ടോബർ 18നാണ് മകളുടെ ജന്മദിനമെന്ന് അയാൾക്ക് അറിയാം, പക്ഷേ അതുവാങ്ങാൻ മകളില്ലെന്ന അറിഞ്ഞ നിമിഷമാണ് അയാളെ തകർത്തത്
ഗസ്സസിറ്റി: ഇസ്രായേലി ജയിലുകളിൽ ഫലസ്തീനി തടവുകാർക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസികവും ശാരീരകവുമായ പീഡനങ്ങൾ. തടവുകാർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ അനധികൃതമായി തടവിലിട്ട 2000 ഫലസ്തീനികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിട്ടയച്ചത്.
ഇവരെയും വഹിച്ചുകൊണ്ടുവന്ന ബസിനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. വൈകാരികമായ രംഗങ്ങൾക്കാണ് ഇവിടം സാക്ഷ്യംവഹിച്ചതും. പലരും തങ്ങളുടെ മക്കളെ കാണുന്നത് ആദ്യം. അതിൽ 32 വർഷങ്ങൾക്ക് ശേഷം മക്കളെ കണ്ടൊരു പിതാവുമുണ്ടായിരുന്നു. മഹ്മൂദ് അൽ അർദ് എന്നാണ് ആ പിതാവിന്റെ പേര്. കെട്ടിപ്പിടിച്ചും കവിളിൽ ചുംബിച്ചും മക്കളെ സ്വീകരിക്കുമ്പോൾ ചുറ്റം കൂടിനിന്നവരുടെ കണ്ണും നനയുന്നുണ്ടായിരുന്നു.
എന്താണിങ്ങനെ നോക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ ഇതുപോലുള്ള മനുഷ്യനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് അയാളുടെ മറുപടി. അൽ ജസീറയാണ് വൈകാരിക രംഗങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. തന്റെ മക്കളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ ജയിൽ ഉദ്യോഗസ്ഥർ ഇയാളെ അറിയിച്ചിരുന്നത്. ഒരു തരത്തിൽ മാനസികമായി പീഡിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
അതേസമയം തന്റെ കുടുംബത്തിലെ ആരും ജീവിച്ചിരിക്കുന്നില്ല എന്ന അറിഞ്ഞൊരു പിതാവും അക്കൂട്ടത്തിലുണ്ടായിരുന്നു. നിലവിളിച്ചും മുഖംപൊത്തിക്കരഞ്ഞും മക്കളുടെ പേരുകൾ വിളിച്ച് പറഞ്ഞ് അയാൾ തന്റെ വേദനകൾ പങ്കുവെക്കുന്നുണ്ടായിരുന്നു. മകളുടെ ജന്മദിനത്തിൽ സമ്മാനിക്കാൻ ഒരു ബ്രേസ്‌ലറ്റും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഒക്ടോബർ 18നാണ് മകളുടെ ജന്മദിനമെന്ന് അയാൾക്ക് അറിയാം, പക്ഷേ അതുവാങ്ങാൻ മകളില്ലെന്ന അറിഞ്ഞ നിമിഷമാണ് അയാളെ തകർത്തത്.
മകളെ വാരിപ്പുണരുന്ന ഒരു പിതാവിനെയും കാണിക്കുന്നുണ്ട്. ആരാണിതെന്ന അമ്പരപ്പിൽ ആ കുട്ടി നിൽക്കുന്നതും, അബ്ബ(പിതാവ്) വരും എന്ന ഉമ്മി(മാതാവ്) പറഞ്ഞുകൊടുത്ത് മാത്രം അറിയാവുന്ന ആ കുട്ടി പിതാവിലേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.
അതേസമയം ഞങ്ങൾ ജയിലുകളിലല്ല അറവുശാലയിലാണെന്ന് പറയുകയാണ് അബ്ദുല്ല അബു റഊഫ്. ഒരു മനുഷ്യന് ചിന്തിക്കാൻ പോലും പറ്റാത്തത്ര രീതിയിലായിരുന്നു സൈനികരുടെ പെരുമാറ്റമെന്നാണ് റഊഫ് പറയുന്നത്. 127 കിലോയുള്ള കമാൽ അബ്ദുൽ ഷനബ് പറയുന്നത് ഞാനിപ്പോൾ 68 കിലോയായെന്നാണ്. ഭക്ഷണം കൊടുക്കാതെയും പീഡിപ്പിച്ചുമൊക്കെയുള്ള തടവറ ജീവിതമാണ് ഷനബ് പങ്കുവെക്കുന്നത്. ഷനബിന്റെ ബന്ധുക്കൾക്കും അയാളെ തിരിച്ചറിയാൻ പോലും പറ്റിയിരുന്നില്ല. ആളാകെ മാറി. ഞങ്ങൾ അറിയുന്ന ഷനബ് ഇങ്ങനെയായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധു പറയുന്നത്.