അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇടമില്ല: ഗസ്സ ലോകത്തെ ഏറ്റവും അപകടം പിടിച്ച സ്ഥലമെന്ന് യുഎൻ

യുദ്ധാനന്തരം സൈനികവൽക്കരിക്കപ്പെട്ട ഒരു ഗസ്സയുണ്ടാകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്

Update: 2023-12-06 10:08 GMT
Editor : banuisahak | By : Web Desk
Advertising

ഗസ്സ സിറ്റി: ഗസ്സയിൽ ഓരോ മിനിറ്റിലും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്. പലായനം ചെയ്യുന്നവർക്ക് പോകാൻ സുരക്ഷിതമായ ഒരിടമില്ലെന്ന് യുഎൻആർഡബ്ല്യുഎ പറഞ്ഞു. അഭയാർത്ഥി കേന്ദ്രങ്ങളിൽ ഒരു കുഞ്ഞിന് പോലും ഇടമില്ലാത്ത അവസ്ഥയാണ്. ഓരോ കേന്ദ്രങ്ങളിലും ശേഷിയിലധികം ആളുകൾ കവിഞ്ഞുകഴിഞ്ഞു.

യുഎൻആർഡബ്ല്യുഎയുടെ കേന്ദ്രങ്ങളടക്കം ആളുകൾക്ക് അഭയം തേടാൻ ഇനിയൊരു ഇടവും ബാക്കിയില്ല. ഗസ്സ മുനമ്പ് ലോകത്തെ ഏറ്റവും അപകടംപിടിച്ച സ്ഥലമാണെന്നും യുഎൻആർഡബ്ല്യുഎ എക്‌സിൽ പോസ്റ്റ് ചെയ്തു. 

യുദ്ധാനന്തരം സൈനികവൽക്കരിക്കപ്പെട്ട ഒരു ഗസ്സയുണ്ടാകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. പക്ഷേ, യാഥാർഥ്യം അതെല്ലെന്ന് ചിന്തിക്കുന്നവരെ നിശ്ശബ്ദരാക്കാൻ കഴിയില്ല. ഗാസയെ സൈനികവൽക്കരിക്കുക എന്ന നെതന്യാഹുവിന്റെ ആശയം വ്യക്തമാക്കുന്നത് യഥാർത്ഥത്തിൽ ഇസ്രായേൽ സൈന്യത്തെ പ്രദേശത്ത് നിർത്തുക എന്നതാണ്. 

അതേസമയം, ഗസ്സ മുനമ്പിൽ നിന്ന്, സിനായിലോ മറ്റെവിടെയെങ്കിലുമോ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ നടക്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി ഞങ്ങൾ നിലകൊള്ളും. ഫലസ്തീൻ ജനതക്ക് ജീവിക്കാൻ ഒരു മാതൃരാജ്യമുണ്ട്. അത് ഫലസ്തീൻ ആണ്, ഫലസ്തീൻ മാത്രമാണ്, ഫലസ്തീൻ ഫോളോ-അപ്പ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

മാനുഷിക സഹായം, അല്ലെങ്കിൽ സുരക്ഷിത മേഖലകൾ എന്നിങ്ങനെ സയണിസ്റ്റുകളുമായുള്ള കരാറുകളിൽ ഏർപ്പെടരുതെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് മാസം നീണ്ടുനിന്ന യുദ്ധത്തിലുടനീളം കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള ഭയം ഫലസ്തീനികൾ പങ്കുവെച്ചിരുന്നു. 1948ൽ നടന്ന നക്ബയിലൂടെയാണ് ഇസ്രായേൽ സ്ഥാപിക്കപ്പെട്ടത്. ഗ​സ്സ​യി​ലെ 2.3 ദശ​ല​ക്ഷം വ​രു​ന്ന ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു ഭാ​ഗ​ത്തെ കൂ​ട്ട​മാ​യി പുറന്തള്ളുകയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. രണ്ടാം നക്ബക്ക് ഗസ്സയിൽ തുടക്കമായി കഴിഞ്ഞു. എന്നാൽ, ഏത് വിധേനെയും ചെറുത്തുനിൽപ്പ് തുടരുകയാണ് നിരായുധരായ മനുഷ്യർ. 

ഫലസ്തീൻ ജനതയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഇസ്രായേലിന്റെ ക്രൂരതകൾ അവസാനിപ്പിക്കാനുള്ള വഴിയാണ് നോക്കേണ്ടത്. ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് കുടിയിറക്കി ശത്രുവിന്റെ ലക്ഷ്യങ്ങൾ നടപ്പാക്കരുതെന്നും ഫലസ്തീൻ ഫോളോ-അപ്പ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News