ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം, ഇരുനൂറിലേറെ പേർക്ക് പരിക്ക്

തൈസീർ ജാബിരിക്കു പിന്നാലെ ഇസ്‌ലാമിക് ജിഹാദിന്റെ മറ്റൊരു നേതാവിനെ കൂടി ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ഇസ്‌ലാമിക് ജിഹാദ് ഇക്കാര്യം തള്ളി.

Update: 2022-08-07 01:52 GMT
Advertising

ഗസ്സ: ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തു വ്യോമാക്രമണം തുടരുന്നു. ഇതുവരെ 24 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗസ്സയിലെ റഫയിലും ജബലിയയിലും ഇന്നലെ രാത്രി നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റു ഗസ്സയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മതിയായ ചികിത്‌സാ സൗകര്യം പോലും ലഭിക്കുന്നില്ല.



ഗസ്സയിലെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് യു.എൻ മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടി. തൈസീർ ജാബിരിക്കു പിന്നാലെ ഇസ്‌ലാമിക് ജിഹാദിന്റെ മറ്റൊരു നേതാവിനെ കൂടി ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ഇസ്‌ലാമിക് ജിഹാദ് ഇക്കാര്യം തള്ളി. സിവിലിയൻ വസതികൾക്കു നേരെയാണ് ഇന്നലെയും ഇസ്രായേൽ ആക്രമണം നടന്നത്. തിരിച്ചടിയെന്നോണം രാത്രിയിലും നിരവധി റോക്കറ്റുകളാണ് ഗസ്സയിൽ നിന്ന് ഇസ്രായേലിനു നേർക്ക് തൊടുത്തുവിട്ടത്. രണ്ടു റോക്കറ്റുകൾ തെൽ അവീവിനു നേർക്കും വന്നെത്തി. ഒരാഴ്ച കൂടി ഗസ്സയിൽ വ്യോമാക്രമണം തുടരാൻ ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗം തീരുമാനിച്ചു.



ഇസ്‌ലാമിക് ജിഹാദ് ഉൾപ്പെടെ ഫലസ്തീൻ പ്രതിരോധ സംഘടനകളുമായി ചർച്ചക്കില്ലെന്നും ഇസ്രായൽ വ്യക്തമാക്കി. ഗസ്സയോട് ചേർന്ന സിദ്‌റത്ത്, അസ്‌കലോൺ, അസ്‌ദോദ്, ബൽമാസിം, സികിം പ്രദേശങ്ങളിൽ ഇസ്രായേൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിനിടെ, കിഴക്കൻ ജറൂസലമിലേക്കും സംഘർഷം പടരുമെന്ന ആശങ്ക ശക്തമാണ്. മസ്ജിദുൽ അഖ്‌സ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ജൂത കുടിയേറ്റക്കാർ പ്രഖ്യാപിച്ച മാർച്ച് ഇന്നാണ്. വെളുപ്പിനെ തന്നെ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. മാർച്ച് തടയേണ്ടതില്ലെന്ന യായിർ ലാപിഡ് സർക്കാർ തീരുമാനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കും.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News