​ഗസ്സയിലെ ഹമാസ് വിരുദ്ധ- ഇസ്രായേൽ അനുകൂല സായുധ സംഘ തലവൻ കൊല്ലപ്പെട്ടു

ഇയാളുടെ നേതൃത്വത്തിലുള്ള മിലിഷ്യയ്ക്ക് ഇസ്രായേൽ ആയുധങ്ങളും നൽകിയിരുന്നു. ​

Update: 2025-12-04 16:03 GMT

​ഗസ്സ സിറ്റി: ​ഗസ്സയിൽ ഹമാസ് വിരുദ്ധ നീക്കത്തിന് ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘത്തിന്റെ തലവൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഹമാസിനെതിരെ ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുകയും മാനുഷിക സഹായം കൊള്ളയടിക്കുകയും ചെയ്ത അബു ശബാബ് മിലിഷ്യയുടെ തലവൻ യാസർ അബൂ ശബാബാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയുടെ ഭാവി ഭരണകൂടം തന്റേതായിരിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് യാസർ അബൂ ശബാബ്.

ഗസ്സയിൽ വച്ചാണ് യാസർ അബൂ ശബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര കലഹത്തിലാണ് അബൂ ശബാബ് കൊല്ലപ്പെട്ടതെന്നും ഹമാസ് ആക്രമണത്തിലല്ലെന്നുമാണ് റിപ്പോർട്ട്. പരിക്കേറ്റ അബൂ ശബാബിനെ തെക്കൻ ഇസ്രായേലിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Advertising
Advertising

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിനെ പിന്തുണയ്ക്കുന്ന ചിലയാളുകളാൽ അബൂ ശബാബ് മിലിഷ്യയിലെ മറ്റ് ചില അം​ഗങ്ങളും കൊല്ലപ്പെട്ടതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യാസർ അബൂ ശബാബിന്റെ നേതൃത്വത്തിലുള്ള സംഘമുൾപ്പെടെ ​ഗസ്സയിലെ സായുധ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിരുന്നു.

ഇസ്രായേൽ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് യാസർ അബൂ ശബാബിന്റെ കുടുംബം താമസിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള മിലിഷ്യയ്ക്ക് ഇസ്രായേൽ ആയുധങ്ങളും നൽകിയിരുന്നു. ​ഗസ്സയ്ക്കുള്ളിൽ അബു ശബാബ് മിലിഷ്യയുടെ നടുക്കുന്ന ഇടപെടലുകൾ പുറത്തുവന്നിരുന്നു. ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾ വൻ തോതിൽ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളും ഇവർ ചെയ്യുന്നുണ്ട്.

സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. യാസർ അബൂ ശബാബിന്റെ മുതിർന്ന കമാൻഡർമാരിലൊരാളുമായി സ്കൈ ന്യൂസ് നടത്തിയ എക്സ്ക്ലുസീവ് അഭിമുഖത്തിൽ പണവും തോക്കുകളും കാറുകളും നൽകി കള്ളക്കടത്ത് നടത്താൻ ഇസ്രായേൽ സൈന്യം അവരെ സഹായിക്കുന്നത് ഏത് വിധമാണെന്നും വെളിപ്പെട്ടു. ഇത്തരം വിമത സംഘങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ഗസ്സയെ വിഭജിച്ചു കീഴടക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ, ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫറാവിയെ അബു ശബാബ് സായുധ സംഘം വധിച്ചിരുന്നു. ഗസ്സ വംശഹത്യ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ സജീവമായിരുന്ന സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അബു ശബാബ് മിലിഷ്യ അംഗങ്ങൾ വെടിവച്ചു കൊന്നത്. സാലിഹ് അൽജഫറാവിയെ ആയുധധാരികളായ സംഘം വളഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകളാണ് ഏറ്റത്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News