'ഗസ്സയിലെ സ്ഥിതി ആപത്കരം'; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ഗസ്സ യുദ്ധവിരാമം ഉടൻ ഉണ്ടാകുമെന്ന യുഎസ് പ്ര ഖ്യാപനത്തിനിടയിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഇന്ന് വൈറ്റ്ഹൗസിൽ നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്
ഗസ്സ Photo|AP
തെൽ അവിവ്: യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സയിൽ സ്ഥിതി കൂടുതൽ ആപത്കരമെന്ന മുന്നറിയിപ്പുമായി യുഎൻ. അതിനിടെ അൽശിഫ ആശുപത്രി ഉൾപ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകർക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ.
ഗസ്സ യുദ്ധവിരാമം ഉടൻ ഉണ്ടാകുമെന്ന യുഎസ് പ്ര ഖ്യാപനത്തിനിടയിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഇന്ന് വൈറ്റ്ഹൗസിൽ നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്. യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചർച്ച. ഏതു സാഹചര്യത്തിലും യുദ്ധം നിർത്തില്ലെന്ന നിലപാടിൽ തന്നെയാണ് നെതന്യാഹുവും ഇസ്രയേൽ മന്ത്രിമാരും. യുഎസ് സമ്മർദത്തിന് വഴങ്ങി യുദ്ധവിരാമ കരാറിൽ ഏർപ്പെടരുതെന്ന് ബെസലേൽ സ്മോട്രിച്ച് ഉൾപ്പെടെയുള്ള മന്ത്രിമാർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. യുഎസ് പദ്ധതിയോട് ഹമാസ് സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. ഹമാസിനെ പൂർണമായും ഒഴിവാക്കി ഇടക്കാല സർക്കാർ രൂപവത്കരണവും ഗസ്സ പുനർനിർമാണവും എന്ന യു.എസ് പദ്ധതിയോട് മുസ്ലിം രാജ്യങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചേക്കും.
വെടിനിർത്തലിന് ശേഷമുളള ഗസ്സയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സുപ്രധാന പങ്കുവഹിക്കുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്‍റോണിയോ തജാനി പ്രതികരിച്ചു. ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഗസ്സയെ മുഴുവനായും തകർക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇന്നലെ കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമായി.മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ബോംബിട്ടു.
അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, താമസ സമുച്ചയങ്ങൾ, ക്യാമ്പുകൾ എന്നിവയെ ലക്ഷ്യമിട്ടാണ് ആക്രമണം. സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ സമുച്ചയമായ അൽ ശിഫ ആശുപത്രിക്ക് സമീപം ഇസ്രായേൽ ടാങ്കുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ ചികിൽസയിലുള്ള 159 ഓളം രോഗികൾ മരണമുഖത്താണിപ്പോൾ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് രണ്ട് ബന്ദികളുടെ ജീവൻ അപകടത്തിലാണെന്ന് ഹമാസ് സൂചന നൽകി. ഗസ്സ ഐക്യദാർഡ്യ യാനങ്ങൾ ചേർന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില അടുത്ത നാലുനാൾക്കകം ഗസ്സ തീരം തൊടും. ഇവ പിടിച്ചെടുക്കാനും സന്നദ്ധപ്രവർത്തകരെ പിടികൂടാനും പ്രത്യേക നാവിസ സംഘത്തിന് ഇസ്രയേൽ രൂപം നൽകി.