ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു; അപകടകരമെന്ന് ലോകാരോഗ്യ സംഘടന

മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഞായറാഴ്ച അറിയിച്ചു

Update: 2023-11-13 02:45 GMT
Editor : Jaisy Thomas | By : Web Desk

അല്‍-ശിഫ ആശുപത്രി

Advertising

തെല്‍ അവിവ്: ഹമാസ് നിയന്ത്രിത മേഖലയുടെ വടക്കൻ ഭാഗത്ത് ഇസ്രയേലി ആക്രമണം രൂക്ഷമായതോടെ ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫയുടെ പ്രവർത്തനം നിലച്ചു. മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഞായറാഴ്ച അറിയിച്ചു.

ഫലസ്തീൻ എൻക്ലേവിന്‍റെ വടക്ക് ഭാഗത്തുള്ള അൽ-ശിഫ കോംപ്ലക്‌സ് ഉൾപ്പെടെയുള്ള ആശുപത്രികൾ ഇസ്രായേൽ സൈന്യം ഉപരോധിച്ചതിനെ തുടര്‍ന്ന് രോഗികളെ പരിചരിക്കാന്‍ പാടുപെടുകയാണ് ഡോക്ടര്‍മാര്‍. വൈദ്യുതിയില്ലാത്തതുമൂലം ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം മൂന്ന് നവജാതശിശുക്കളാണ് അല്‍-ശിഫയില്‍ മരിച്ചത്. നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും ഇതിനോടകം ഗുരുതരമായ സാഹചര്യങ്ങളെ വഷളാക്കുന്നതായി ഡബ്ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അല്‍-ശിഫ ആശുപത്രി അധികൃതരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചുവെന്നും അവിടുത്ത സ്ഥിതിഗതികള്‍ ഭയാനകവും അപകടകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''സുരക്ഷിത താവളമാകേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല,”ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.വൈദ്യുതിയും വെള്ളവുമില്ലാതെ സുരക്ഷിതമായി പുറത്തേക്ക് കടക്കാതെ രോഗികളും ജീവനക്കാരും വിനാശകരമായ സാഹചര്യമാണ് നേരിടുന്നതെന്ന് അൽ-ശിഫ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ നിദാൽ അബു ഹാദ്രൂസ് പറഞ്ഞു.“ഇത് അധികകാലം തുടരാനാവില്ല. ജീവനക്കാരെയും രോഗികളെയും രക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്,” അബു ഹാദ്രൂസ് അൽ ജസീറയോട് വ്യക്തമാക്കി. ബോംബാക്രമണത്തില്‍ അല്‍ -ശിഫയിലെ മൂന്ന് നഴ്സുമാര്‍ കൊല്ലപ്പെട്ടതായി അധിനിവേശ ഫലസ്തീൻ പ്രദേശത്തെ യുഎൻ ദുരിതാശ്വാസ ഏജൻസി ഞായറാഴ്ച ഏറ്റവും പുതിയ അപ്‌ഡേറ്റിൽ അറിയിച്ചു.

വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയുടെ പ്രധാന ജനറേറ്ററിൽ ഇന്ധനം തീർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൗട്ട് അൽ ജസീറയോട് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News