ഭക്ഷണം കൊടുക്കുക വല്ലപ്പോഴും, അസ്ഥികളൊടിഞ്ഞ് തല മൊട്ടയടിക്കപ്പെട്ട് അവശനിലയിൽ 53കാരി; ഭർത്താവ് അറസ്റ്റിൽ

ഇടയ്ക്കിടെ കരയുന്ന ശബ്ദം കേൾക്കുമെന്നല്ലാതെ അയൽവക്കക്കാരാരും ഒരിക്കൽ പോലും സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ല

Update: 2023-08-07 16:27 GMT

53കാരിയെ 12 വർഷത്തോളം വീട്ടുതടങ്കലിൽ പീഡിപ്പിച്ചതിന് ഭർത്താവ് അറസ്റ്റിൽ. ജർമനിയിലെ മുൻ വ്യവസായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദമ്പതികളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഈസ്‌റ്റേൺ ഫ്രാൻസിലെ ദമ്പതികളുടെ വീട്ടിലാണ് പൊലീസ് സ്ത്രീയെ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തീർത്തും അവശനിലയിലായിരുന്നു ഇവർ. ദേഹം നിറയെ മുറിവുകളും കൈവിരലുകളിലുൾപ്പടെ 12ഓളം ഒടിവുകളുമായി പരിതാപകരമായിരുന്നു ആരോഗ്യാവസ്ഥ. തല മൊട്ടയടിക്കപ്പെട്ട് നഗ്നയായി തറയിൽ കിടന്നിരുന്ന ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. എങ്ങനെയോ കയ്യെത്തിച്ച് ഇവർ തന്നെയാണ് ഫോൺ വിളിച്ച് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Advertising
Advertising

പൊലീസെത്തുമ്പോൾ സ്ത്രീ കിടന്നിരുന്ന മുറിയും മറ്റ് രണ്ട് മുറികളും പുറത്തു നിന്ന് പൂട്ടിയിരുന്നു. അപാർട്ട്‌മെന്റിൽ പത്തോളം പൂച്ചകൾ മാത്രമാണുണ്ടായിരുന്നത്. വർഷങ്ങളായി ഇവിടെയാണ് ദമ്പതികളുടെ താമസം. ഭാര്യക്ക് ക്യാൻസർ ആണെന്നാണ് പ്രതി അപാർട്ട്‌മെന്റിലുള്ളവരോട് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ കരയുന്ന ശബ്ദം കേൾക്കുമെന്നല്ലാതെ അയൽവക്കക്കാരാരും ഒരിക്കൽ പോലും സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ല. പത്ത് വർഷം മുമ്പൊരിക്കൽ കണ്ടതായി ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകൽ, പീഡനം എന്നിവയടക്കം വകുപ്പുകൾ ചുമത്തിയാണ് സ്ത്രീയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ ബിഎഫ്എംടിവി റിപ്പോർട്ട് ചെയ്തു. അപാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ താൻ ചെയ്ത പ്രവൃത്തികളെ കുറിച്ച് പ്രതി കുറിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. ഭാര്യക്ക് ഭക്ഷണം കൊടുക്കുന്ന സമയമടക്കം ഇതിലുണ്ടെന്നാണ് വിവരം. എന്നാലിത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News