ജർമ്മൻ തെരഞ്ഞെടുപ്പ്: കൺസർവേറ്റീവ് സഖ്യത്തിന് മുന്നേറ്റം; അടുത്ത ചാൻസിലറാകാൻ ഫെഡ്രിക് മെർസ്
സിഡിയു–സിഎസ്‌യു സഖ്യം 28.6 ശതമാനം വോട്ടു നേടിയെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്
ഫ്രെഡറിക് മെർസ്
ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അവകാശപ്പെട്ട് പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യം.
സിഡിയു–സിഎസ്‌യു സഖ്യം 28.6 ശതമാനം വോട്ടു നേടിയെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ആകെയുള്ള 630 സീറ്റിൽ 209 സീറ്റുകളാണ് നിലവിൽ സിഡിയു–സിഎസ്‌യു സഖ്യം നേടിയത്. കേവലഭൂരിപക്ഷത്തിന് 316 സീറ്റാണ് വേണ്ടത്. മെര്‍സാകും അടുത്ത ചാൻസലർ. സിഡിയുവിന്റെ അംഗല മെർക്കൽ ചാൻസലറായിരുന്ന കാലത്ത് പ്രഭ മങ്ങിപ്പോയ നേതാവാണ് കുടിയേറ്റ വിരുദ്ധനായ മെര്‍സ്
ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനായി മറ്റു പാർട്ടികളുമായി സഖ്യചർച്ചകൾ മേർട്‌സ് ആരംഭിച്ചതായാണ് റിപ്പോർട്ട്. പ്രധാന എതിരാളിയായ എസ്പിഡിയെ കൂട്ടുപിടിക്കുമോ അതോ മറ്റു ചെറു പാർട്ടികളെ ആശ്രിയിക്കുമോ എന്നാണ് അറിയാനുള്ളത്.
അതേസമയം നിലവില്‍ അധികാരത്തിലുള്ള ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16.5 ശതമാനം വോട്ടും 121 സീറ്റുമാണ് ലഭിച്ചത്. എസ്പിഡിയുടെ സഖ്യകക്ഷികളില്‍ ഒന്നായിരുന്ന പരിസ്ഥിതിവാദികളായ ഗ്രീന്‍സ് 12.13 ശതമാനം വോട്ടുകള്‍ നേടി. ഫലം പുറത്തുവന്നു തുടങ്ങിയതിനു പിന്നാലെ എസ്പിഡി നേതാവായ നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പരാജയം സമ്മതിച്ചു.
എന്നാല്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) 20 ശതമാനം വോട്ടുമായി (151 സീറ്റ്) രണ്ടാം സ്ഥാനത്തെത്തി.