രണ്ട് സെക്കൻഡിൽ 700 kmph വേഗത; ലോക റെക്കോർഡ് തകർത്ത് ചൈനീസ് ട്രെയിൻ

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾക്ക് പേരുകേട്ട രാജ്യമാണ് ചൈന

Update: 2025-12-27 10:21 GMT

ബീജിങ്: സമയത്ത് എത്തിയാൽ വൈകി വരും. അല്പം വൈകിയെത്തിയാൽ നേരത്തെ പോകും. ഇന്ത്യൻ ട്രെയിനുകളെ കുറിച്ചുള്ള പ്രധാന ആക്ഷേപങ്ങളാണിത്. രാജ്യത്തെ വലിയ ശതമാനം ആളുകൾ ആശ്രയിക്കുന്നതും ഏറ്റവും വലിയ തൊഴിൽ ദാതാവുമായ ഗതാഗത സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ പറഞ്ഞുവരുന്നത് മറ്റൊരു റെയിൽവേ സംവിധാനത്തെ കുറിച്ചാണ്.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾക്ക് പേരുകേട്ട രാജ്യമാണ് ചൈന. വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിക്കുന്ന മാഗ്ലെവ് ട്രെയിനുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അവർ. ഇതോടെ ഏറ്റവും പുതിയ ലോക റെക്കോർഡും ചൈനയുടെ പേരിലായി. ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകർ മാഗ്നറ്റിക് ലെവിറ്റേഷൻ രീതി ഉപയോഗിച്ചാണ് ട്രെയിനിന്റെ വേഗത വർധിപ്പിച്ചിരിക്കുന്നത്.

Advertising
Advertising

400 മീറ്റർ (1,310 അടി) മാഗ്ലെവ് ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ് ട്രെയിനാണിത്. നഗ്നനേത്രങ്ങൾ കൊണ്ട് പിന്തുടരാൻ കഴിയാത്തത്ര വേഗത്തിൽ ഒരു വെള്ളി മിന്നൽപ്പിണർ പോലെ ട്രെയിൻ കടന്നുപോകുന്നത് പരീക്ഷണ വീഡിയോയിൽ കാണാം. സൂപ്പർകണ്ടക്റ്റിംഗ് മാഗ്നറ്റുകൾ ഉപയോഗിച്ച് ട്രെയിനിനെ ഗൈഡ്‌വേയ്ക്ക് മുകളിൽ ഉയർത്തി അതിവേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന സംവിധാനമാണ് മാഗ്ലെവ് ട്രെയിനുകൾ. 

10 വർഷമായി ഈ പദ്ധതിയിൽ പ്രവർത്തിക്കുന്ന സംഘമാണ് ഇപ്പോൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം  ഇതേ ട്രാക്കിൽ നടത്തിയ പരീക്ഷണത്തിൽ മണിക്കൂറിൽ 648 കിലോമീറ്റർ വേഗതയിലെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതേ സർവകലാശാലയാണ് രാജ്യത്തെ ആദ്യത്തെ മനുഷ്യനെ വഹിക്കാവുന്ന സിംഗിൾ ബോഗി മാഗ്ലെവ് ട്രെയിൻ വികസിപ്പിച്ചത്. ഇതോടെ ഈ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News