ഫലസ്തീനികളുടെത് നിലനിൽപ്പിനായുള്ള പോരാട്ടം: ജയിംസ് കാമറൂൺ
'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന തന്റെ പുതിയ ചിത്രത്തിൽ കൊളോണിയലിസത്തിന്റെയും പ്രതിരോധത്തിന്റെയും പ്രമേയങ്ങളെ കുറിച്ചുള്ള ചർച്ചക്കിടെ ആയിരുന്നു കാമറൂണിന്റെ പ്രതികരണം
ന്യൂയോർക്ക്: ഫലസ്തീനികൾ നടത്തുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് ഹോളിവുഡ് സംവിധായകൻ ജയിംസ് കാമറൂൺ. 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന തന്റെ പുതിയ ചിത്രത്തിൽ കൊളോണിയലിസത്തിന്റെയും പ്രതിരോധത്തിന്റെയും പ്രമേയങ്ങളെ കുറിച്ചുള്ള ചർച്ചക്കിടെ ആയിരുന്നു കാമറൂണിന്റെ പ്രതികരണം. ഡയറക്ടർ ബ്രീഫിന് നൽകിയ അഭിമുഖത്തിൽ പത്രപ്രവർത്തകനായ ബ്രാൻഡൻ ഡേവിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നടക്കുന്ന യഥാർഥ സംഘർഷങ്ങളെ സിനിമ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്നും സ്‌ക്രീനിൽ അക്രമം ചിത്രീകരിക്കുന്നതിന്റെ ധാർമിക വെല്ലുവിളികളെ കുറിച്ചുമായിരുന്നു ചർച്ച.
'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന ചിത്രത്തിൽ യുദ്ധരംഗങ്ങളെ ഗസ്സ, യുക്രൈൻ, സുഡാൻ തുടങ്ങി നിലവിലെ ആഗോള സംഘർഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് കാമറൂൺ സംസാരിച്ചത്. അതൊരു നേർത്ത നൂൽപ്പാലമാണ്. കൊലപാതകങ്ങൾ കൂടുതൽ കൊലപാതകങ്ങളിലേക്ക് മാത്രമേ നയിക്കൂ. അതൊരു അവസാനമില്ലാത്ത വർധിച്ചുവരുന്ന ചാക്രിക രീതിയാണ്. ഇതാണ് ഗസ്സയിലും സുഡാനിലും യുക്രൈനിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും കാമറൂൺ പറഞ്ഞു.
നീതിപൂർവമായ ചില പോരാട്ടങ്ങളുണ്ട്. സമ്പൂർണമായി ഉന്മൂലനം ചെയ്യാനുള്ള നീക്കം പോരാടാനുള്ള ഒരു കാരണമാണ്. അത് നിലനിൽപ്പിന്റെ പ്രശ്‌നമാണെന്നും കാമറൂൺ പറഞ്ഞു.അധിനിവേശക്കാരെ ചെറുക്കുന്ന നാവി ഗോത്ര വർഗക്കാരെ കുറിച്ച് പറയുന്ന സിനിമ യഥാർഥ ലോകത്തെ സാമ്രാജ്യത്വം പരിസ്ഥിതി നാശം, വ്യവസ്ഥാപിതമായ അക്രമം എന്നിവക്കെതിരെയുള്ള പോരാട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കാമറൂൺ പറഞ്ഞു. സിനിമയിലെ ദുഃഖം, നഷ്ടം, വീണ്ടെടുപ്പ് തുടങ്ങിയ പ്രമേയങ്ങൾ മനുഷ്യന്റെ അമിതലോഭത്തെയും ബോധപൂർവമായ നാശത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ വിഷയത്തിൽ ഇതാദ്യമായല്ല കാമറൂൺ ഇടപെടുന്നത്. 2025ന്റെ തുടക്കത്തിൽ, 'There Is Another Way' എന്ന ഡോക്യുമെന്ററിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് ശേഷം സമാധാനത്തിനായി നിലകൊണ്ട പലസ്തീനികളുടെയും ഇസ്രായേലികളുടെയും കൂട്ടായ്മയായ 'കോംബാറ്റന്റ്‌സ് ഫോർ പീസ്' (Combatants for Peace) എന്ന സംഘടനയെക്കുറിച്ചുള്ള 67 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണിത്.