ഇത് ഉയിർത്തെഴുന്നേൽപ്പ്; ​ഗസ്സയിൽ ഇസ്രായേൽ തകർത്ത അൽ ശിഫ ആശുപത്രിയിൽ 170 ഡോക്ടർ‍മാരുടെ ബിരുദദാന ചടങ്ങ്

ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നിരവധി ഫലസ്തീനികളും എത്തിയിരുന്നു.

Update: 2025-12-26 09:32 GMT

Photo|TRT WORLD

​ഗസ്സ സിറ്റി: ഗസ്സയിൽ യുദ്ധനിയമങ്ങൾ കാറ്റിൽപ്പറത്തി വംശഹത്യ തുടരുന്ന ​ഇസ്രായേൽ ഇവിടുത്തെ ആശുപത്രികളടക്കമുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും തകർത്തിരുന്നു. ​ഗസ്സയിലെ പ്രശസ്ത ആരോ​ഗ്യകേന്ദ്രമായ അൽ ശിഫ ആശുപത്രിയടക്കമുള്ളവയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തത്. ഡ‍ോക്ടർമാരടക്കം നിരവധി ആരോ​ഗ്യപ്രവർത്തകരെയും കുഞ്ഞുങ്ങളടക്കമുള്ള രോ​ഗികളേയും ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തോറ്റുപിന്മാറാൻ ​ഗസ്സ നിവാസികൾ തയാറായില്ല.

എല്ലാം തകർന്ന ഈയൊരു അവസ്ഥയിലും ഉയിർത്തെഴുന്നേൽപ്പിന്റെ വാർത്തകളാണ് ​ഗസ്സയിൽ നിന്ന് വരുന്നത്. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റുകൾ നേടിയ ഡോക്ടർമാരുടെ ബിരുദദാന ചടങ്ങാണ് ​ഗസ്സയുടെ കരുത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുന്നത്. അങ്ങേയറ്റത്തെ പ്രതിസന്ധിയിലും തോൽക്കാൻ മനസില്ലാതെ പഠിച്ച് ബിരുദം നേടിയ ഡോക്ടർമാർക്കുള്ള ബിരുദദാന ചടങ്ങ് ഇസ്രായേൽ തകർത്ത അതേ അൽ ശിഫ ആശുപത്രിയിലാണ് നടന്നത്. 

Advertising
Advertising

സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 170 ഡോക്ടർമാരാണ് ചടങ്ങിന്റെ ഭാ​ഗമായത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നിരവധി ഫലസ്തീനികളും എത്തിയിരുന്നു. തകർന്നടിഞ്ഞ ആശുപത്രി കെട്ടിടത്തിന് മുന്നിൽ അവർ ഷീറ്റ് വിരിച്ച് കസേരകളിട്ട് പോഡിയം വച്ച് പരിപാടി നടത്തി. രക്തസാക്ഷികളായവരെ സ്മരിക്കാനും അവർ മറന്നില്ല.

​ഗസ്സയിലെ ഭൂരിഭാ​ഗം ശതമാനം ആരോ​ഗ്യകേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നിരിക്കുകയാണ്. അവശേഷിക്കുന്നവയാകട്ടെ ആവശ്യമായ മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ പ്രതിസന്ധിയിലാണ്. ​ഗസ്സയിലെ 36 ആശുപത്രികളിൽ വളരെ കുറഞ്ഞ എണ്ണം മാത്രമാണ് ഭാ​ഗികമായെങ്കിലും പ്രവർത്തിക്കുന്നത്.


കഴിഞ്ഞവർഷം, അൽ ശിഫ ആശുപത്രിയി​ൽ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. മൂന്ന് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രി കോമ്പൗണ്ടിൽ മാത്രം കണ്ടെത്തിയത്. 2024 മെയിൽ മാത്രം 50ലേറെ മൃതദേഹങ്ങളാണ് ഇവിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഇവയിൽ കൂടുതലും സ്ത്രീകളുടെയും കുട്ടികളേയുമായിരുന്നു. 2023 ഒക്ടോബർ ഏഴിന് ശേഷം 2024 മെയ് 10 വരെ ഏഴ് കൂട്ടക്കുഴിമാടമാണ് ​ഗസ്സയിൽ കണ്ടെത്തിയത്. ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ക്രൂരത വെളിപ്പെടുത്തുന്നതായിരുന്നു ഈ കൂട്ടക്കുഴിമാടങ്ങ​ൾ.


ഗസ്സയിലെ ആശുപത്രികളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് 520ലേറെ മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടു​ണ്ടെന്നാണ് കണക്കുകൾ. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തുകയും തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചിടുകയുമായിരുന്നെന്ന് ഫലസ്തീനിയൻ സന്നദ്ധസേനകൾ വെളിപ്പെടുത്തിയിരുന്നു. അൽ ശിഫയിൽ മാത്രം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ടായിരുന്നു.













 


 


 


 


 


 


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News