ബന്ദികളാക്കിയ നാല് ഇസ്രായേൽ സൈനികരെ മോചിപ്പിച്ച് ഹമാസ്

കരീന റീവ്, ഡാനിയെല്ല ഗിൽബോവ, നാമ ലെവി, ലിരി അൽബാഗ് എന്നീ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്.

Update: 2025-01-26 16:18 GMT

ഗസ്സ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. ഗസ്സയിലെ ഫലസ്തീൻ സ്‌ക്വയറിൽവെച്ച് നാലുപേരെയും റെഡ് ക്രോസ് വളണ്ടിയർമാർക്ക് കൈമാറി. ഇതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 200 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബന്ദികളെ കൈമാറുമ്പോൾ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും നൂറുകണക്കിന് പോരാളികളും പൊതുജനങ്ങളും ഫലസ്തീൻ സ്‌ക്വയറിൽ എത്തിയിരുന്നു. ബന്ദികളെ കൈമാറുന്നതിന് മുമ്പ് ഹമാസ് പോരാളികളും റെഡ് ക്രോസ് പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു.

Advertising
Advertising

കരീന റീവ്, ഡാനിയെല്ല ഗിൽബോവ, നാമ ലെവി, ലിരി അൽബാഗ് എന്നീ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രായേലി സൈനിക യൂണിഫോം ധരിച്ചെത്തിയ ഇവർ ആൾക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നത് തെൽ അവീവിൽ ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചിരുന്നു.



വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം നെറ്റ്സാരിം ഇടനാഴിയിൽനിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങാൻ ഇത് സഹായകരമാകും. കൂടുതൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഗസ്സയിലേക്ക് എത്തിക്കുന്നതിനായി റഫ അതിർത്തി തുറക്കാനും ഇസ്രായേൽ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News