ഗസ്സയിൽ ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസിന്റെ ചെറുത്തുനിൽപ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

17 പേർക്ക് പരിക്ക്

Update: 2025-06-25 04:18 GMT
Editor : നബിൽ ഐ.വി | By : Web Desk

​ഗസ്സ സിറ്റി: ഗസ്സയിലെ ഖാൻ യൂനുസിൽ ഹമാസ്​ പോരാളികൾ നടത്തിയ ചെറുത്തുനിൽപ്പിൽ നാല്​ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 17 പേർക്ക്​ പരിക്കേറ്റു. കാണാതായ സൈനികന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൂടെ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. അതേസമയം, ഹമാസിനെ തുരത്തും വരെ ഗസ്സയിൽ യുദ്ധം തുടരുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

യുദ്ധലക്ഷ്യങ്ങൾ നേടാതെ ഇറാൻ യുദ്ധം നിർത്തേണ്ടി വന്നതിന് പിന്നാലെ ഗസ്സയിൽ നിന്നേറ്റ​ അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടിയിരിക്കുകയാണ്​ ഇസ്രായേൽ. ഖാൻ യൂനുസിലെ പടിഞ്ഞാറൻ സതാർ പ്രദേശത്ത് തമ്പടിച്ച ഇസ്രായേൽ സൈനികർക്ക്​ നേരെയാണ്​ ഹമാസ്​ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡും സറയ അൽ ഖുദ്സും ഒളിയാക്രമണം നടത്തിയത്.

Advertising
Advertising

ഫലസ്തീൻ പോരാളികളുടെ ആക്രമണം നേരിട്ട സൈനികരെ രക്ഷിക്കാൻ എത്തിയ സേനാ യൂണിറ്റിന് നേരെയും ആക്രമണം നടന്നു. മൂന്ന്​ സൈനികർ സംഭവസഥലത്ത്​ കൊല്ലപ്പെട്ടു. കാണാതായ സൈനികനായി ഇസ്രായേൽ വ്യോമസേനയുടെ ഹെലികോപ്ടറുകളും മറ്റും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പരിക്കേറ്റ 17 സൈനികരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ഹെലികോപ്ടർ മാർഗം തെൽ അവീവിലെ സൈനിക ആശുപത്രിയിലേക്ക്​മാറ്റി.

ഫലസ്തീൻ പോരാളികൾ നടത്തിയത്​ ​ഗറില്ലാ യുദ്ധതന്ത്രമാണെന്നും കൂടുതൽ ജാഗ്രത വേണമെന്നും സൈന്യം നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി കൂടുതൽ ശക്തമായി. ഇന്നലെ മാത്രം 86 പേരെയാണ്​ സൈന്യം വധിച്ചത്. മധ്യ ഗസ്സയിൽ ഇസ്രായേൽ സൈന്യം ഡ്രോണുകളും വെടിയുമുതിർത്തു. വാദി ഗസ്സയുടെ തെക്ക്, സലാ അൽ-ദിൻ റോഡിൽ ട്രക്കുകൾക്കായി കാത്തിരിക്കുന്നവർക്ക് നേരെ നടന്ന വെടിവെപ്പിൽ 56 പേർ കൊല്ലപ്പെട്ടു.

ട്രക്കുകൾക്ക് സമീപമെത്താൻ ആളുകൾ ഓടുന്നതിനിടിയൽ സൈന്യം വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറയുന്നു. വെടിവെപ്പിൽ 146 പേർക്ക് പരിക്കേറ്റു. ഇവരിൽ 62 പേരുടെ നില ഗുരുതരമാണ്. ഹമാസിനെ അമർച്ച ചെയ്ത് ബന്ദികളെ മോചിപ്പിക്കും വരെ ഗസ്സയിൽ ആക്രമണം തുടരമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News