'ഓക്‌സിജനില്ല,രക്തബാങ്കുകളും ലാബുകളും ഉടൻ അടച്ചുപൂട്ടും'; ഗസ്സയിലെ ആശുപത്രികളിൽ മരണത്തോട് മല്ലിടിച്ച് മാസം തികയാതെ പ്രസവിച്ച 100 ലധികം കുഞ്ഞുങ്ങൾ

വൈദ്യുതിയോ എസിയോ ഇല്ലാതെ ശസ്ത്രക്രിയകൾ നടത്തുന്നു. ജീവനക്കാരിൽ നിന്നുള്ള വിയർപ്പ് രോഗികളുടെ മുറിവുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നും ഇത് അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍

Update: 2025-07-10 06:39 GMT
Editor : Lissy P | By : Web Desk

representative image

ഗസ്സ സിറ്റി: ഇസ്രായേൽ ഉപരോധം മൂലം ഇന്ധനക്ഷമം രൂക്ഷമായ ഗസ്സയിൽ ആശുപത്രികളുടെ അവസ്ഥയും അതീവ പ്രതിസന്ധിയിൽ. വടക്കൻ ഗസ്സയിലെ അൽ-ഷിഫ ആശുപത്രിയും തെക്കൻ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലും സ്ഥിതി ഗുരുതരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാസം തികയാതെ പ്രസവിച്ച നൂറിലധികം നവജാത ശിശുക്കളുടെയും 300ഓളം ഡയാലിസ് രോഗികളുടെയും ജീവൻ അപകടത്തിലാണെന്ന് അൽ-ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

''ഓക്‌സിജൻ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത് നിർത്തും. ഓക്‌സിജൻ ഇല്ലാത്ത ആശുപത്രി ഇനി ഒരു ആശുപത്രിയുമുണ്ടാകില്ല. ലാബും രക്തബാങ്കുകളും അടച്ചുപൂട്ടപ്പെടും, റഫ്രിജറേറ്ററുകളിലെ രക്ത യൂണിറ്റുകൾ നശിക്കും''- സാൽമിയ പറഞ്ഞു. ആശുപത്രികൾ ഉടൻ ശവപ്പറമ്പുകളായി മാറുമെന്നുംഅദ്ദേഹം പറഞ്ഞു.

Advertising
Advertising

തീവ്രപരിചരണ വിഭാഗത്തിനും ഓപ്പറേഷൻ റൂമുകൾക്കും വൈദ്യുതി ലാഭിക്കുന്നതിനായി അൽ-ഷിഫയുടെ ഡയാലിസിസ് വിഭാഗം ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. വൈദ്യുതി ഇല്ലാതെ ഒരു മിനിറ്റ് പോലും ഇനി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വിതരണം അടിയന്തരമായി എത്തിച്ചില്ലെങ്കിൽ പ്രദേശത്ത് 'നൂറുകണക്കിന്' ആളുകൾ മരിക്കുമെന്ന് ഗസ്സയിലെ ഫീൽഡ് ഹോസ്പിറ്റലുകളുടെ ഡയറക്ടർ മർവാൻ അൽ-ഹംസ് അൽ ജസീറയോട് പറഞ്ഞു.മാസം തികയാതെ പ്രസവിച്ച ഡസന്‍കണക്കിന് കുഞ്ഞുങ്ങള്‍ അടുത്ത രണ്ടുദിവസത്തിനുള്ളില്‍ മരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസ്, തീവ്രപരിചരണ രോഗികൾക്കും ജീവൻ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിക്കുകൾ വഷളാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനക്ഷാമം മൂലം നിർണായകമായ അവസാന മണിക്കൂറിലേക്ക് പ്രവേശിച്ചതായി നാസർ മെഡിക്കൽ കോംപ്ലക്‌സ് പറഞ്ഞു. ഇന്ധനം തീർന്നുകൊണ്ടിരിക്കുമ്പോൾ രോഗികളുടെ ജീവൻ രക്ഷിക്കാനായി മരണത്തോടും സമയത്തോടും ഇരുട്ടിനോടും മല്ലിടുകയാണ് ഡോക്ടർമാർ. മെഡിക്കൽ ടീമുകൾ അവസാന ശ്വാസം വരെ പോരാടകയാണ്. ശ്മശാനമായി മാറുന്നതിന് മുമ്പ് രക്ഷപ്പെടുത്താൻ പറ്റുന്നവരെയെല്ലാം രക്ഷിക്കക..ഇത് മാത്രമാണ് ഡോക്ടർമാരുടെ മുന്നിലുള്ളത്. ആശുപത്രിയുടെ വക്താവായ മുഹമ്മദ് സാക്കർ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

വൈദ്യുതിയോ എയർ കണ്ടീഷനോ ഇല്ലാതെ ഡോക്ടർമാർ ശസ്ത്രക്രിയകൾ നടത്തുന്നു. ജീവനക്കാരിൽ നിന്നുള്ള വിയർപ്പ് രോഗികളുടെ മുറിവുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നും ഇത് അണുബാധയ്ക്ക് കാരണമാകുമെന്നും സാക്കർ പറഞ്ഞു. നാസർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുമ്പോൾ ഡോക്ടർമാർ അമിതമായി വിയർക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഇവിടെ ഫാനില്ല,എസികൾ ഓഫായിക്കഴിഞ്ഞു. ജീവനക്കാരെല്ലാം ക്ഷീണിതരാണ്. കടുത്ത ചൂടിനെക്കുറിച്ച് അവർ പരാതിപ്പെടുകുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023 ഒക്ടോബർ 7-ന് ശേഷം ഗസ്സയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ 600-ലധികം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ വർഷം മെയ് വരെ, ഗസ്സയിലെ 36 ആശുപത്രികളിൽ 19 എണ്ണം മാത്രമേ ഭാഗികമായി പ്രവർത്തിക്കുന്നുള്ളൂ, എല്ലാ ആശുപത്രികളുടെയും 94 ശതമാനവും തകർക്കുകയോ നശിക്കുകയോ ചെയ്തു.ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇസ്രായേൽ സൈന്യം ഗസ്സയിൽ 1,500-ലധികം ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തി, 185 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ ഭൂമിയിലെ ഏറ്റവും മികച്ച ആശുപത്രി ജീവനക്കാരെ നിങ്ങൾക്ക് ലഭിക്കും', എന്നാൽ അവർക്ക് മരുന്നും ഇന്ധനവും നിഷേധിച്ചാൽ, ഒരു ആരോഗ്യ സൗകര്യം പ്രവർത്തിപ്പിക്കുന്നത് 'അസാധ്യമാകുമെന്ന് കഴിഞ്ഞ ദിവസം ഗസ്സയില്‍ നിന്ന് മടങ്ങിയെത്തിയ യുണിസെഫ് വക്താവ് ജെയിംസ് എൽഡർ അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News