തെൽ അവീവിലെ ഹൂതി ആക്രമണം; 30 പേർക്ക് പരിക്ക്

പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് തലസ്ഥാന നഗരിയിൽ മിസൈൽ പതിച്ചത് ജനങ്ങളെയും സർക്കാറിനെയും ആശങ്കയിലാക്കി

Update: 2024-12-22 02:42 GMT

തെൽ അവീവ്: ഇസ്രായേലിലെ തെൽ അവീവിൽ ഹൂതികൾ നടത്തിയ ഹൈപ്പർ സോണിക് ബലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റു. പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് തലസ്ഥാന നഗരിയിൽ മിസൈൽ പതിച്ചത് ജനങ്ങളെയും സർക്കാറിനെയും ആശങ്കയിലാക്കി. ഇന്നലെ പുലർച്ചെ നാലിനായിരുന്നു തെൽ അവീവിൽ ഹൂതികളുടെ മിസൈൽ ആക്രമണം.

തെൽ അവീവ് ആക്രമണത്തിൽ ഇസ്രയേലിന്റെ ബാലിസ്റ്റിക് മിസൈൽത്താവളമാണു ലക്ഷ്യമിട്ടതെന്നു ഹൂതികൾ പ്രസ്താവിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാ, ഹൈദൈദ തുറമുഖം എന്നിവിടങ്ങളിൽ രണ്ട് ദിവസം മുൻപ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. ഇനിയും തിരിച്ചടി നൽകുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം തടയുന്നതിൽ ഇസ്രായേലിന്റെ എയർ ഡിഫൻസ് സിസ്റ്റം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ.

Advertising
Advertising

അതേസമയം, ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 25 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മധ്യഗസ്സയിലെ നുസുറത്ത് ക്യാംപിലെ ആക്രമണത്തിൽ 5 കുട്ടികളടക്കം 7 പേരും ഗസ്സ സിറ്റിയിൽ വീട്ടിൽ ബോംബിട്ടതിനെത്തുടർന്ന് 7 കുട്ടികളും 2 സ്ത്രീകളുമടക്കം 12 പേരും കൊല്ലപ്പെട്ടു.

ഗസ്സയിൽ ഇസ്രയേൽ തുടരുന്ന ബോംബാക്രമണങ്ങളെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. ആക്രമണം വംശഹത്യയാണോയെന്നു രാജ്യാന്തര സമൂഹം പരിശോധിക്കണമെന്ന മാർപാപ്പയുടെ പരാമർശത്തെ ഇസ്രായേൽ വിമർശിച്ചതിനു പിന്നാലെയാണിത്. അതേസമയം, വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് അമേരിക്ക അറിയിച്ചു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News