ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന ഹോളിവുഡ്; മാറ്റത്തിന്‍റെ കാറ്റ് വീശുമ്പോൾ...
ഇസ്രായേലി നുണകളെ പൊളിച്ചെഴുതുകയും ഫലസ്തീൻ ദുരിതത്തിന്‍റെ യാഥാർഥ്യം സ്ഥിരീകരിക്കുകയും ചെയ്യുന്ന എണ്ണമറ്റ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളെക്കുറിച്ച് പരാമർശമില്ല
Photo| AFP/Tiziana Fabi
ജറുസലെം: ''2023 ഒക്ടോബര്‍ 7 മുതലുള്ള രണ്ട് വര്‍ഷങ്ങളിൽ ഞാൻ കണ്ട ഏറ്റവും ഭയാനകവും അസ്വസ്ഥതയുളവാക്കുന്നതുമായ വീഡിയോ ഗസ്സയിലെ ഭീകരതയുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. അത് വിശക്കുന്ന കുഞ്ഞുങ്ങളുടെയോ, അറ്റുപോയ കൈകാലുകളുടെയോ ആയിരുന്നില്ല. മാത്യു കാസ്സൽ കഴിഞ്ഞ വേനൽക്കാലത്ത് തെൽ അവീവിൽ വെച്ച് ചിത്രീകരിച്ചതും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചതുമായ ഒരു ഗാർഡിയൻ വീഡിയോ റിപ്പോർട്ടായിരുന്നു അത്''. ഈജിപ്ഷ്യൻ ചലച്ചിത്ര നിരൂപകനും ക്യൂറേറ്ററും പ്രഭാഷകനുമായ ജോസഫ് ഫഹീം മിഡിൽ ഈസ്റ്റ് ഐയിൽ എഴുതിയ ലേഖനത്തിൽ കുറിക്കുന്നു.
ആ വീഡിയോയിൽ ഇസ്രായേലികൾ ബീച്ചുകളിൽ ആനന്ദിക്കുന്നതും തിരക്കേറിയ മാർക്കറ്റുകളിൽ ഷോപ്പിങ് നടത്തുന്നതും ട്രെൻഡി കോഫി ഷോപ്പുകളിൽ ഇരിക്കുന്നതും കാണാം. ഒരു യുദ്ധവിരുദ്ധ പ്രകടനത്തിൽ കാസ്സൽ അമ്പരന്നു നിൽക്കുമ്പോഴാണ് ഫലസ്തീനികളെ കുറിച്ച് വളരെക്കുറച്ച് മാത്രമേ പരാമർശമുള്ളൂ എന്ന് മനസ്സിലാക്കുന്നത്. "കേൾക്കൂ, യൂറോപ്യന്മാരും ആസ്ത്രേലിയക്കാരും വിഡ്ഢികളാണ്. ഇസ്‍ലാം അവരിലേക്ക് വരുന്നുണ്ടെന്ന് അവര്‍ക്ക് മനസിലാകുന്നില്ല" ഒരു ഇസ്രായേലി വൃദ്ധ വിളിച്ചുപറയുന്നു.
വീഡിയോയിലുള്ള ഭൂരിഭാഗം ഇസ്രായേലികളും ഒക്ടോബർ 7 മുതൽ കൊല്ലപ്പെട്ടതും പട്ടിണി കിടക്കുന്നതുമായ ഫലസ്തീനികളോട് യാതൊരു അനുകമ്പയും പ്രകടിപ്പിക്കുന്നില്ല. അതേസമയം ഗസ്സയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളുടെ ആധികാരികതയെ അവർ വിശ്വസിക്കുന്നില്ല. ആ ചിത്രങ്ങളിൽ 80 ശതമാനവും കൃത്രിമമാണെന്ന് ഒരു യുവതി ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിൽ നിന്നും ഗസ്സയിൽ നിന്നും പുറത്തുവരുന്ന മിക്ക ചിത്രങ്ങളും സഹതാപം പിടിച്ചുപറ്റുന്നതിനായി കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന 'പാലിവുഡ്' എന്ന അപകീർത്തികരമായ പദത്തെ അടിസ്ഥാനമാക്കിയാണ് 'ഗാസാവുഡ്' എന്ന പദം അവർ പരാമർശിക്കുന്നത്.
ഇസ്രായേലി നുണകളെ പൊളിച്ചെഴുതുകയും ഫലസ്തീൻ ദുരിതത്തിന്‍റെ യാഥാർഥ്യം സ്ഥിരീകരിക്കുകയും ചെയ്യുന്ന എണ്ണമറ്റ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളെക്കുറിച്ച് പരാമർശമില്ല. ഇസ്രായേൽ സൈന്യം തന്നെ കണക്കാക്കിയ അമ്പരപ്പിക്കുന്ന സിവിലിയൻ മരണസംഖ്യയെക്കുറിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഒരാൾ പോലും സമ്മതിക്കുന്നില്ല...ജോസഫ് ഫഹീം ചൂണ്ടിക്കാട്ടുന്നു.
തിന്മയോടുള്ള നിസ്സംഗത തിന്മയെക്കാൾ വഞ്ചനാപരമാണ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗസ്സയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരാമര്‍ശിക്കപ്പെട്ട ഒരു സിനിമ ജോനാഥൻ ഗ്ലേസറിന്‍റ് 'ദി സോൺ ഓഫ് ഇന്‍ററസ്റ്റ്'(The Zone of Interest ) ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതൻമാരെ കൊന്നൊടുക്കിയിരുന്ന ഹിറ്റ്ലറിന്‍റെ ജർമനിയിലെ ഒഷ്വിറ്റ്സ് ആണ് ദ സോൺ ഓഫ് ഇന്ററസ്റ്റിന്‍റെ പശ്ചാത്തലം. കോൺസൻട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകൾ കാണിക്കാതെ അതിന്‍റെ തീവ്രത പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമായിരുന്നു ഇത്. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരവും ‘ദ സോൺ ഓഫ് ഇന്ററസ്റ്റ്’ നേടിയിരുന്നു. ഗ്ലേസര്‍ 2024ലെ പ്രശസ്തമായ ഓസ്കര്‍ പ്രസംഗം നടത്തുന്നതുവരെ ഗസ്സയോടുള്ള പാശ്ചാത്യ നിസ്സംഗതയെക്കുറിച്ച് സംസാരിക്കാൻ മിക്ക നിരൂപകരും മടിച്ചിരുന്നു.
ജൂത പൈതൃകത്തെയും ഹോളോകോസ്റ്റിനെയും എതിർക്കുന്നവരായാണ് താൻ ഈ വേദിയിൽ നിൽക്കുന്നതെന്നാണ് തന്‍റെ ഓസ്കർ ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്രസംഗത്തിൽ ജൊനാഥൻ ഗ്ലേസർ പറഞ്ഞത്. കൂടാതെ, ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനു ഇടയാക്കിയ ഇസ്രയേൽ ഗാസ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലും കൂടിയാണ് താൻ സംസാരിക്കുന്നതെന്നും, ഒരു ജൂതൻ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
Jonathan Glazer (Reuters)
"തിന്മയോടുള്ള നിസ്സംഗത തിന്മയേക്കാൾ വഞ്ചനാപരമാണ്," പോളിഷ്-അമേരിക്കൻ ജൂത ദൈവശാസ്ത്രജ്ഞൻ എബ്രഹാം ജോഷ്വ ഹെഷൽ ഒരിക്കൽ എഴുതി. "സമൂഹത്തിൽ തിന്മയുടെ സ്വീകാര്യത ഉറപ്പാക്കുന്ന ഒരു നിശബ്ദ ന്യായീകരണമാണിത്".
ഒരു അറബ് എഴുത്തുകാരനും ചലച്ചിത്രകാരനും എന്ന നിലയിൽ ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും സമ്മർദ്ദകരമായ കാലഘട്ടമായിരുന്നു ഒക്ടോബർ 7 ന് പിന്നാലെയുണ്ടായത്. ഹമാസിന്‍റെ ആക്രമണത്തിനു ശേഷമുള്ള അരാജകത്വവും ആശയക്കുഴപ്പവും ഇസ്രായേലിന്‍റെ പ്രതികാര നടപടികളുടെ ഭയാനകമായ പ്രവചനത്തിന് വഴിയൊരുക്കി. പെട്ടെന്ന്, വിഷയവുമായി ഇടപഴകാൻ ഉപയോഗിക്കുന്ന ഭാഷ അടിച്ചമർത്തുന്ന തരത്തിൽ പരിമിതമായി...ജോസഫ് വിശദീകരിക്കുന്നു.
സെൻസർഷിപ്പ് മുതൽ ഐക്യദാർഢ്യം വരെ
ഒക്ടോബര്‍ 7ന് ശേഷം പാശ്ചാത്യ കലയും വിനോദമേഖലയും യുക്രൈനിനോട് കാണിച്ചത്ര ദയ ഫലസ്തീനോട് കാണിച്ചിട്ടില്ല. ഇസ്രായേലിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഹോളിവുഡ് ഉടൻ തന്നെ രംഗത്തെത്തി. എന്നാൽ ഫലസ്തീനെ പരസ്യമായി പിന്തുണയ്ക്കുന്ന കലാകാരന്മാരെ സ്ഥാപനങ്ങളും പുസ്തകമേളകളും വിലക്കി. ചലച്ചിത്രമേളകൾ ആ വിഷയത്തെ പൂർണമായും അവഗണിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ നിരന്തരം ഉയർത്തിപ്പിടിച്ച അഭിപ്രായ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് തെളിഞ്ഞു.ആ സമയത്താണ് വംശീയതയുടെ കിണര്‍ അതിന്‍റെ എല്ലാം വൃത്തികേടുകളും പുറത്തേക്ക് ഒഴുക്കിക്കൊണ്ട് പൊട്ടിത്തെറിച്ചത്.
ആദ്യ ആഴ്ചകളിൽ പുറത്തുവന്ന നിരവധി രചനകൾ പരിഷ്കൃത ഇസ്രായേലികളും ക്രൂരരായ അറബികളും തമ്മിലുള്ള യുദ്ധമാണിതെന്ന് പരോക്ഷമായി സൂചന നൽകി. പുരോഗമന ജൂതന്മാരും അവരുടെ പ്രാകൃത അറബ് അയൽക്കാരും തമ്മിലുള്ള യുദ്ധം.പിന്നീട്, ഫലസ്തീനികളുടെ മരണസംഖ്യയും അവരുടെ സാഹചര്യത്തെയും കാരണത്തെയും കുറിച്ചുള്ള അവബോധവും വർധിച്ചതിനൊപ്പം പൊതുജനാഭിപ്രായത്തിലും മാറ്റങ്ങൾ വന്നു. മാർക്ക് റുഫാലോ, ജാവിയർ ബാർഡെം, സൂസൻ സരണ്ടൻ, മെലിസ ബാരേര, ബെല്ല ഹഡിഡ്, ദുവ ലിപ, നാൻ ഗോൾഡിൻ, ആനി എർണോക്സ് എന്നിങ്ങനെ ഒരുപിടി കലാകാരന്മാരും എഴുത്തുകാരും ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മനുഷ്യാവകാശ ഗ്രൂപ്പുകളും രാഷ്ട്രങ്ങളും ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ അതായത് ഇസ്രായേലി ആക്രമണം ഇനി ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് മനസിലായപ്പോൾ മാത്രമാണ് നിരവധി മറ്റ് സെലിബ്രിറ്റികൾ ഗസ്സയോട് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഫലസ്തീനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്‍റെ ധാരണയെ ഈ സെലിബ്രിറ്റികളുടെ മനോഭാവം എത്രത്തോളം സ്വാധീനിച്ചുവെന്ന് വ്യക്തമല്ല. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഇല്ലാതിരുന്ന പിന്തുണക്ക് അത് കാരണമായി. 1978-ലെ തന്‍റെ ഓസ്കർ പ്രസംഗത്തിൽ "സയണിസ്റ്റ് ഗുണ്ടകളുടെ ഭീഷണിയെ അപലപിച്ചപ്പോൾ ഇംഗ്ലീഷ് നടി വനേസ റെഡ്ഗ്രേവിന്‍റേത് ഒറ്റപ്പെട്ട ഒരു ശബ്ദമായിരുന്നു.
അറബ് ശബ്ദങ്ങൾക്ക് ഒരു വാതിൽ
അമേരിക്കൻ, യൂറോപ്യൻ സംസ്കാരങ്ങളിൽ ഫലസ്തീൻ കഥകൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ടിവി പരമ്പരകളായ മോയും റാമിയും ഫലസ്തീൻ ആഖ്യാനത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. യൂറോപ്യൻ സ്ഥാപനങ്ങളിൽ നിന്ന് ധാരാളം ഫണ്ടിങ് നേടിയിട്ടുള്ള സ്വതന്ത്ര ഫലസ്തീൻ സിനിമകൾ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിൽ ഇടം നേടിയിട്ടുണ്ട്. എഴുത്തുകാർ, സംഗീതജ്ഞർ, ദൃശ്യ കലാകാരന്മാർ എന്നിവർ ഏതൊരു ഗൗരവമേറിയ സാംസ്കാരിക രംഗത്തും അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുന്നു. കൂടുതൽ കലാകാരന്മാരും സംഗീതജ്ഞരും സെലിബ്രിറ്റികളും ഇസ്രായേലിനെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
യാസ്മിൻ സഹെർ, ബാസിം ഖന്ദഖ്ജി, മൊസാബ് അബു തോഹ, ലെന ഖലഫ് തുഫാഹ - എന്നീ ഫലസ്തീൻ എഴുത്തുകാർ അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംഗീത നിശകളിൽ ഫലസ്തീൻ പതാകകളും തണ്ണിമത്തൻ ചിഹ്നങ്ങളും പരിചിതമായ കാഴ്ചയായി മാറിയിരിക്കുന്നു. ഫലസ്തീൻ സിനിമകളെ പിന്തുണക്കുന്ന ഹോളിവുഡ് താരങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്‍റി 'നോ അദര്‍ ലാൻഡ്'ന് ഓസ്കര്‍ പുരസ്കാരം ലഭിച്ചു. അതേസമയം, വിനോദ മേഖലയിലെ സയണിസ്റ്റ് അനുകൂല ലോബി കൂടുതൽ കൂടുതൽ അരികുവൽക്കരിക്കപ്പെടുകയും ബഹിഷ്കരിക്കപ്പെടുകയും ചെയ്തു.
Basel Adra and Yuval Abraham won an Academy Award in March 2025 for their film 'No Other Land' (AFP)
ഫലസ്തീന് അനുകൂലമായ കാറ്റ്
അമേരിക്കയും ജർമനിയും ഉൾപ്പെടെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും നടത്തിയ സര്‍വെകൾ പ്രകാരം ഇസ്രായേലിനെ പിന്തുണക്കുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. എന്നാൽ ഇസ്രായേലി കലാകാരന്മാരെ ഒഴിവാക്കാൻ സാംസ്കാരിക സ്ഥാപനങ്ങൾ ഇപ്പോഴും മടിക്കുന്നു, പക്ഷേ സർക്കാർ പിന്തുണയുള്ള ഇസ്രായേലി കലാകാരന്മാരുമായുള്ള സഹകരണത്തിൽ ശ്രദ്ധേയമായ കുറവുണ്ട്. പാശ്ചാത്യ ലോകത്തെയാകെ വിഴുങ്ങിയ എണ്ണമറ്റ പ്രതിഷേധങ്ങളും അചഞ്ചലമായ ജനകീയ പ്രസ്ഥാനങ്ങളും ഇല്ലായിരുന്നെങ്കിൽ ഇത് യാഥാര്‍ഥ്യമാകുമായിരുന്നില്ല.
സിനിമയിലെ ഫലസ്തീൻ
ഫലസ്തീൻ പ്രമേയമായുള്ള സിനിമകൾ ഇപ്പോഴും വ്യാപകമായിട്ടില്ല. ആവിഷ്കാരത്തിന്‍റെ മാനദണ്ഡങ്ങൾ ഇപ്പോഴും ഇടുങ്ങിയതാണ്. ഒക്ടോബർ 7 ന് ശേഷമുള്ള ഫലസ്തീൻ കഥകളുടെ ഏറ്റവും സ്വീകാര്യമായ പ്രമേയങ്ങൾ ഗസ്സ, നഖ്ബ , കൊളോണിയലിസ്റ്റ് കുടിയേറ്റങ്ങൾ എന്നിവയാണ്. ഹാനി അബു-അസദിന്‍റെ പാരഡൈസ് നൗ (2005),എലിയ സുലൈമാന്റെ ഡിവൈൻ ഇന്‍റർവെൻഷൻ (2002), തെവ്ഫിക് സാലിഹിന്റെ ദി ഡ്യൂപ്സ് (1972) എന്നിവ പോലുള്ള ചിത്രങ്ങൾക്ക് ധനസഹായം ലഭിക്കാനോ ഉടൻ തന്നെ പ്രദർശിപ്പിക്കാനോ സാധ്യതയില്ല.
തകർന്ന ഫലസ്തീൻ ജീവിതങ്ങളെ തുറന്നുകാട്ടുന്ന മുയാദ് അലായന്‍റെ ദി റിപ്പോർട്ട് ഓൺ സാറ ആൻഡ് സലീം (2018) മഹാ ഹജിന്റെ മെഡിറ്ററേനിയൻ ഫീവര്‍ (2022) എന്നീ ചിത്രങ്ങൾക്കും ഇത് തന്നെയാണ് സ്ഥിതി.