കടയുടമ ഡിസ്‌കൗണ്ട് നൽകിയത് അവിഹിതം കാരണമെന്ന് സംശയം; ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
ഗുരുതരമായി പരിക്കേറ്റെങ്കിലും ഭർത്താവിന് മാപ്പുനൽകുന്നതായി ഭാര്യ പറഞ്ഞു
ബെയ്ജിങ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ചൈനയിലെ സോങ്‌യുവാനിലാണ് സംഭവം. ഇറച്ചിക്കടയുടമ ഭാര്യക്ക് ഡിസ്‌കൗണ്ട് നൽകിയതാണ് സംശയത്തിന്റെ അടിസ്ഥാനം. ഭാര്യയും കടയുടമയും തമ്മിലുള്ള അവിഹിത ബന്ധമാണ് ഡിസ്‌കൗണ്ട് നൽകിയതിന് കാരണമെന്ന് സംശയിച്ചാണ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തിയത്. ഗുരുതര പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തന്റെ കിടപ്പുമുറിയിലെ അലമാരയിൽ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ചാണ് ഭർത്താവ് സൗ കുത്തിയതെന്ന് സൗത്ത് ചൈന മോർണിങ് റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന്റെ സംശയം അടിസ്ഥാനരഹിതമാണെന്ന് പിന്നീട് തെളിഞ്ഞു. ആക്രമണത്തിൽ ഭാര്യ ഷാവോവിന്റെ ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റു.
എന്നാൽ, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയേണ്ടി വന്നിട്ടും തന്റെ ഭർത്താവിന് മാപ്പുനൽകുകയാണെന്നാണ് ഭാര്യ വ്യക്തമാക്കിയത്. 30 വർഷമായി ഒന്നിച്ചു ജീവിക്കുന്നവരാണെന്നും തങ്ങൾ തമ്മിൽ ഇതുവരെ മറ്റുപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ഭാര്യ വിശദീകരിക്കുന്നു. സംഭവത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ഭാര്യ വ്യക്തമാക്കി. ' നന്നായി പണം സമ്പാദിക്കുകയും അതുമുഴുവൻ കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്നയാളുമാണ് സൗ. കൂടാതെ എനിക്ക് എന്റെ മകനും പേരമകനുമുണ്ട്. ഈ സംഭവത്തിനു പിറകെ കൂടുതൽ നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നാണ് ഭാര്യ പ്രതികരിച്ചത്.
മനഃപൂർവം കൊലപാതകം നടത്താനുള്ള ശ്രമമായിരുന്നു സൗ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഗാർഹിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതും കോടതി പരിഗണനയിലെടുത്തു. ഭാര്യ പ്രതിക്ക് മാപ്പുനൽകാൻ തീരുമാനിച്ചതുകൂടി കണക്കിലെടുത്ത് പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാൻ കോടതി തീരുമാനമെടുത്തു. പ്രതിക്ക് പത്തുവർഷവും ആറുമാസവും തടവുശിക്ഷയാണ് കോടതി വിധിച്ചത്.