Writer - അൻഫസ് കൊണ്ടോട്ടി
anfas123
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മരണവാര്‍ത്ത സത്യമല്ലെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും വെളിപ്പെടുത്തലുമായി നിയമസഭാംഗം. പാകിസ്ഥാന്‍ തെഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടിയുടെ സെനറ്റര്‍ ഖുറം സീശാനാണ് ശനിയാഴ്ച വാദമുന്നയിച്ചത്. ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അദിയാലയിലെ തടവറില്‍ കഴിയുകയാണെന്നും സീശാന്‍ പറഞ്ഞു.
'ഇമ്രാന്‍ ജീവനോടെയുണ്ട്. അദിയാലയിലെ തടവറില്‍ കഴിയുകയാണ് അദ്ദേഹം. പാകിസ്ഥാന്‍ വിടണമെന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്'. സീശാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇമ്രാന്‍ ഖാന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതി രാജ്യത്തെ ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ അവര്‍ പുറത്തുവിടാത്തതെന്നും സീശാന്‍ പ്രതികരിച്ചു.
ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യങ്ങളോട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം എന്നായിരുന്നു സീശാന്റെ മറുപടി.
'അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഒരു മാസത്തിലേറെയായി അദ്ദേഹം തടങ്കലിലാണ്. കുടുംബക്കാര്‍ക്കോ അഭിഭാഷകര്‍ക്കോ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കോ കാണാന്‍ പോലും അവസരം നല്‍കിയിരുന്നില്ല. ഇത് തികച്ചും മനുഷ്യാവകാശങ്ങള്‍ക്കെതിരായ ലംഘനമാണ്. അദ്ദേഹത്തെ തടങ്കലിലിട്ട് പീഡിപ്പിച്ച് കാര്യം സാധിക്കാമെന്നാണ് അവര് കരുതുന്നത്. ഈയടുത്ത കാലത്താണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും അദിയാനയിലെ ജയിലിലാണുള്ളതെന്നും ഞങ്ങളറിഞ്ഞത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ മരിച്ചതായി പാകിസ്ഥാനിലെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണം നടന്നിരുന്നു. പിന്നാലെ അദ്ദേഹത്തെ കാണാന്‍ അനുമതി തേടി സഹോദരിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. 2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇമ്രാന്‍ ഖാനെ ജയിലിലടച്ചത്.