'പാകിസ്താനെ കാത്തിരിക്കുന്നത് വൻദുരന്തം, പാർട്ടിക്കെതിരെ ഭരണകൂടം സൈന്യത്തെയിറക്കുന്നു'; ആരോപണവുമായി ഇംറാൻ ഖാൻ

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ പാകിസ്ഥാൻ ഭരണസഖ്യവും സൈന്യവും തന്നെയും തന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫിനെ (പിടിഐ) അടിച്ചമർത്തുകയാണെന്ന് മുൻ പ്രധാനമന്ത്രി

Update: 2023-05-18 15:46 GMT

Imran Khan

Advertising

ലാഹോർ: പാകിസ്താനിലെ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താൻ വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും രാജ്യം ശിഥിലമായിപ്പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷം തന്റെ പാർട്ടിക്കെതിരെ സൈന്യത്തെ ഇളക്കിവിടാൻ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ബുധനാഴ്ച പുറത്തുവിട്ട വീഡിയോയിലാണ് ആരോപണങ്ങൾ തഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 70കാരനായ അധ്യക്ഷൻ ആരോപണങ്ങൾ ഉന്നയിച്ചത്. രാഷ്ട്രീയ അസ്ഥിരതകൾക്ക് തെരഞ്ഞെടുപ്പ് മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

'പി.ഡി.എം നേതാക്കൾക്കും ലണ്ടനിലുള്ള നവാസ് ഷരീഫിനോ രാജ്യത്തിന്റെ ഭരണഘടനയെ അപകീർത്തിപ്പെടുത്തപ്പെടുകയോ, സർക്കാർ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയോ, പാകിസ്ഥാൻ സൈന്യത്തിന് ചീത്തപ്പേരുണ്ടാകുകയോ ചെയ്യുമോയെന്ന കാര്യത്തിൽ ആശങ്കയില്ല. കൊള്ളയടിച്ച സമ്പത്ത് സംരക്ഷിക്കാനുള്ള തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രമാണ് അവർക്കുള്ളത്' ഇംറാൻ വിമർശിച്ചു.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ പാകിസ്ഥാൻ ഭരണസഖ്യവും സൈന്യവും തന്നെയും തന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫിനെ (പിടിഐ) അടിച്ചമർത്തുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് തന്നെ അകറ്റി നിർത്താൻ തനിക്കെതിരെ 100 ലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും തന്നെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച പോലീസ് ഇംറാന്റെ വീട് വളയുകയും പ്രധാന റോഡുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു. അദ്ദേഹത്തിന്റെ സമീപകാല അറസ്റ്റിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഡസൻ കണക്കിന് ആളുകൾക്ക് അദ്ദേഹം അഭയം നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

മെയ് 9 ന് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പിൽ നിന്ന് പാകിസ്താനിലെ അഴിമതി വിരുദ്ധ അന്വേഷണ സംഘമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(നാബ്) ഇംറാനെ അറസ്റ്റ് ചെയ്തിരുന്നു. അൽ ഖദീർ ട്രസ്റ്റ് അഴിമതി കേസിൽ അറസ്റ്റിലായ ഇംറാൻ ഖാനെ മോചിപ്പിക്കാൻ പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം എന്നുമാണ് കോടതി നിർദേശിച്ചത്. ദേശീയ ട്രഷറിയിൽ നിന്ന് 50 ബില്യൺ രൂപ കൊള്ളയടിച്ചെന്നാണ് ഇംറാൻ ഖാനും ഭാര്യയ്ക്കുമെതിരായ ആരോപണം. ഭാര്യ ബുഷ്‌റ ബീബിക്കും കോടതി സംരക്ഷണ ജാമ്യം നൽകി.

ഇംറാന്റെ അറസ്റ്റിനു പിന്നാലെ രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധങ്ങളും സംഘർഷവും ഉടലെടുത്തിരുന്നു. പിടിഐ പാർട്ടി പ്രവർത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പ്രവർത്തകർ ഇരച്ചുകയറി. ലാഹോറിലെ സൈനിക കമാൻഡറുടെ വീടിന് തീയിട്ടു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങൾ കത്തിച്ചു. പ്രതിഷേധക്കാരെ നേരിടാൻ ഇസ്ലാമാബാദ്, ബലുചിസ്താൻ പഞ്ചാബ് പ്രവിശ്യ ഉൾപ്പെടയുള്ള മേഖലകളിൽ നിരോധനാർജ്ഞ പ്രഖ്യാപിക്കുകയും മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇംറാന് ആശ്വാസകരമായ വിധി പരമോന്നത കോടതിയിൽ നിന്ന് പുറത്തുവന്നത്.

Former Prime Minister Imran Khan made serious allegations against the government of Pakistan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News