ഗസ്സയിൽ സ്ഥിരം വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎന്നിൽ പ്രമേയം; അനുകൂലിക്കാതെ വിട്ടുനിന്ന് ഇന്ത്യ

ഗസ്സയിൽ അടിയന്തരവും സ്ഥിരവും ഉപാധിരഹിതവുമായ വെടിനിർത്തൽ ആവശ്യപ്പെട്ട് സ്‌പെയിൻ ആണ് പ്രമേയം അവതരിപ്പിച്ചത്.

Update: 2025-06-13 12:09 GMT

ന്യൂഡൽഹി: ഗസ്സയിൽ അടിയന്തരവും സ്ഥിരവും ഉപാധിരഹിതവുമായ വെടിനിർത്തൽ ആവശ്യപ്പെട്ട് സ്‌പെയിൻ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്ന് ഇന്ത്യ. 193 അംഗ യുഎൻ ജനറൽ അസംബ്ലിയിൽ 149 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 12 രാജ്യങ്ങൾ എതിർത്തു, 19 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഹമാസ് ബന്ദികളാക്കിയവരെ മാന്യമായും ഉപാധിരഹിതമായും മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യക്കൊപ്പം അൽബേനിയ, കാമറൂൺ, ഇക്വഡോർ, എത്യോപ്യ, മലാവി, പാനമ, സൗത്ത് സുഡാൻ, ടോഗോ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്നു. അധിനിവേശ ശക്തിയായ ഇസ്രായേൽ ഗസ്സയുടെ മുഴുവൻ അതിർത്തികളും തുറന്നുകൊടുക്കണമെന്നും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Advertising
Advertising

ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിൽ നേരത്തെയും പ്രമേയങ്ങളിൽ വോട്ട് ചെയ്യാതെ ഇന്ത്യ വിട്ടുനിന്നിട്ടുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. ഗസ്സയിലെ മാനുഷിക സാഹചര്യം വഷളായ സാഹചര്യത്തിലാണ് പുതിയ പ്രമേയം വന്നത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലും ആളുകൾ കൊല്ലപ്പെടുന്നതിലും ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനായി യോജിച്ച പരിശ്രമമുണ്ടാകണം. അതുകൊണ്ടാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ എല്ലായിപ്പോഴും സമാധാനത്തിന്റെയും മാനവികതയുടെയും പക്ഷത്താണെന്ന് ഹരീഷ് ആവർത്തിച്ചു. ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്നും മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കുറ്റപ്പെടുത്തലുകളും വാദപ്രതിവാദങ്ങളും തുടരുന്നത് സമാധാനത്തിന്റെ വഴിയിൽ കല്ലുകടിയാവും. ഫലസ്തീൻ- ഇസ്രായേൽ പ്രശ്‌നത്തിൽ ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News