വെറും മൂന്ന് മണിക്കൂര്‍ മീറ്റിങ്ങിന് വേണ്ടി ചൈനയിലെ ഇന്ത്യൻ സംരംഭകൻ യാത്ര ചെയ്തത് 1600 കി.മീ; ചെലവായത് 8000 രൂപ
ഞാൻ രാവിലെ ട്രെയിനിൽ കയറി, ഒരു വശത്തേക്ക് 800 കിലോമീറ്റർ സഞ്ചരിച്ചു
ബെയ്‍ജിങ്; ദിവസവും അഞ്ചും ആറും മണിക്കൂര്‍ യാത്ര ചെയ്ത് ഓഫീസിൽ പോകുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. മണിക്കൂറുകൾ ചെലവഴിച്ച് കിലോമീറ്ററുകൾ താണ്ടി, ഗതാഗതക്കുരുക്കും കടന്ന് ഓഫീസിലെത്തുമ്പോഴേക്കും ജോലി ചെയ്യാനുള്ള ഊര്‍ജവും പോകും. അപ്പോൾ പിന്നെ വെറും മൂന്ന് മണിക്കൂര്‍ മീറ്റിങ്ങിന് വേണ്ടി 1600 കിലോമീറ്റര്‍ ചെയ്ത സംരംഭകന്‍റെ കഥ കേട്ടാൽ നിങ്ങൾ തീര്‍ച്ചയായും ഞെട്ടും. ചൈനയിലെ ഇന്ത്യൻ സംരംഭകനും സ്കൈവിക്കിന്‍റെ സഹസ്ഥാപകനായ ആകാശ് ബൻസാലിനാണ് ഈ അനുഭവമുണ്ടായത്. മീറ്റിങ്ങിനായി 8000 രൂപയാണ് അദ്ദേഹത്തിന് ചെലവായത്.
"അപ്പോൾ, മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഒരു മീറ്റിംഗിനായി ഞാൻ ഒരു ദിവസം 1600 കിലോമീറ്റർ സഞ്ചരിച്ചു. ചൈനയിലെ ജീവിതം എത്ര സൗകര്യപ്രദമാണെന്ന് ഇത് കാണിക്കുന്നു. ഞാൻ രാവിലെ ട്രെയിനിൽ കയറി, ഒരു വശത്തേക്ക് 800 കിലോമീറ്റർ സഞ്ചരിച്ചു, ഒരു മീറ്റിംഗ് നടത്തി, രാത്രിയിൽ എന്‍റെ കിടക്കയിൽ ഉറങ്ങാൻ തിരിച്ചെത്തി'' ആകാശ് എക്സിൽ കുറിച്ചു. ചൈനയിലെ സ്റ്റേഷനുകൾ വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. അവിടുത്തെ ബോര്‍ഡിംഗ് പ്രകിയയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “നിങ്ങൾ പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുമ്പോൾ കിഴക്കും പടിഞ്ഞാറും ഇരുവശത്തുമുള്ള ഗേറ്റുകൾ തുറക്കും.സ്കാനറിൽ നിങ്ങളുടെ ഐഡിയോ പാസ്‌പോർട്ടോ സ്കാൻ ചെയ്യുക, വാതിൽ തുറക്കും'' ബൻസാൽ കുറിച്ചു.
"ഞാൻ അര മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തിയപ്പോൾ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്‍റെ അടുത്തേക്ക് വന്നു. ടിക്കറ്റ് പരിശോധിച്ചു, അടുത്ത 10 മിനിറ്റിനുള്ളിൽ പുറപ്പെടുന്ന ഒരു ട്രെയിനിനായി ടിക്കറ്റ് മാറ്റാൻ എന്നെ കൗണ്ടറിലേക്ക് കൊണ്ടുപോയി. ശ്രദ്ധിക്കൂ, ഞാൻ ഒന്നും പറഞ്ഞില്ല; ഈ മനുഷ്യൻ ഇതെല്ലാം സ്വയം ചെയ്തു. അയാൾക്ക് എന്നെ അവഗണിക്കാമായിരുന്നു." ബൻസാൽ വിശദീകരിക്കുന്നു.
നിരവധി പേരാണ് ആകാശിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചത്. ഗൂഗിൾ മീറ്റ് നടത്തിയാൽ പോരെ എന്ന ചോദ്യത്തിന് ഹാർഡ്‌വെയറിനെക്കുറിച്ചുള്ള ഒരു മീറ്റിംഗ് ആയിരുന്നുവെന്നും ഓൺലൈൻ ചർച്ച സാധ്യമല്ലെന്നുമായിരുന്നു ബൻസാലിന്‍റെ മറുപടി. ചിലര്‍ ടിക്കറ്റ് നിരക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ 800 കിലോമീറ്ററിന് 4000 രൂപയാണെന്ന് ആകാശ് പറഞ്ഞു. ''ചൈനയുടെ അതിവേഗ റെയിൽ സംവിധാനത്തിന്‍റെ കാര്യക്ഷമതയും സൗകര്യവും യാത്രയെ സുഗമമായ അനുഭവമാക്കി മാറ്റുന്നതായി തോന്നിപ്പിക്കുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമായ സംവിധാനങ്ങളും ഉപയോഗിച്ച് സാധ്യമാകുന്ന കാര്യങ്ങൾ ഇത് എടുത്തുകാണിക്കുന്നു, ഇത് ദീർഘദൂര യാത്രകൾ ഹ്രസ്വമായി തോന്നിപ്പിക്കുന്നു." മറ്റൊരാൾ അഭിപ്രായപ്പെട്ടു.