'പാൽ വാങ്ങാനായി ഹോസ്റ്റലിൽ നിന്നിറങ്ങി'; റഷ്യയിൽ കാണാതായ ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം ഡാമിൽ,ദുരൂഹത
സർവകലാശാലയിലെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്
മോസ്‌കോ: റഷ്യയിലെ ഉഫ നഗരത്തിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെടുത്തു.രാജസ്ഥാനിലെ ആൽവാറിലെ ലക്ഷ്മണൻ കഫൻവാഡ ഗ്രാമത്തിൽ താമസിക്കുന്ന അജിത് സിംഗ് ചൗധരിയെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്.
2023ലാണ് അജിത് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസ് കോഴ്‌സിന് ചേർന്നത്. ഒക്ടോബർ 19 നന് രാവിലെ 11 മണിയോടെ പാൽ വാങ്ങാനായി പോകുകയാണെന്ന് പറഞ്ഞാണ് അജിത് പുറത്തേക്കിറങ്ങിയത്.എന്നാൽ പിന്നീട് തിരികെയെത്തിയില്ല. വൈറ്റ് നദിയോട് ചേർന്ന് ഇന്നലെയാണ് അജിത്തിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് ആൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാങ് വാൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് കുടുംബത്തിന് മരണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. അജിത്തിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും ഷൂസും നദീതീരത്ത് നിന്ന് കണ്ടെത്തിയതായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിംഗ് ആൽവാർ പറഞ്ഞു.അജിത്തിന്റെ തിരോധാന വാർത്ത വന്നതിന് പിന്നാലെ കുടുംബം അങ്ങേയറ്റം ദുഃഖത്തിലായിരുന്നുവെന്നും തിരിച്ചെത്തുന്നതിനായി പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്തയായും അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. വിദ്യാർഥിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോട് ജിതേന്ദ്ര അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അജിത്തിന്റെ മൃതദേഹം സർവകലാശാലയിലെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ വിദ്യാർഥിയുടെ മരണത്തിൽ സർവകലാശാല ഔദ്യോഗികമായി പ്രതികരിക്കുകയോ പ്രസ്താവന പുറത്തിറക്കുകയോ ചെയ്തിട്ടില്ല. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ് അസോസിയേഷൻ,ഫോറിൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് വിങ് തുടങ്ങിയ അസോസിയേഷനും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ സമീപിച്ചിട്ടുണ്ട്.