'മതഭ്രാന്തും വിവേചനവും വേണ്ട'; ഇന്ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്

Update: 2025-03-15 06:35 GMT
Editor : സനു ഹദീബ | By : Web Desk

ഇന്ന് ലോകമെമ്പാടുമുള്ള ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള അന്താരാഷ്ട്ര ദിനം. ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയ വൻ തോതിൽ വര്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം എത്തുന്നത്. ആഗോള തലത്തിൽ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങളും ആക്രമണങ്ങളും വിവേചനങ്ങളും വർധിക്കുന്നു എന്ന തിരിച്ചറിവിലാണ് 2022 മാർച്ച് 15 ന് ലോക ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ്) അവതരിപ്പിച്ചത്.

Advertising
Advertising

അമേരിക്കൻ അടക്കമുള്ള രാജ്യങ്ങളിൽ ഇസ്‌ലാമോഫോബിയ റിപ്പോർട്ടുകൾ അടുത്തിടെ വിവിധ അന്താരാഷ്ട്ര സംഘടനകൾ പുറത്ത്‌വിട്ടിരുന്നു. ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ വംശഹത്യ ഉൾപ്പടെയുള്ള സംഭവങ്ങൾ ഇതിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 74.4 ശതമാനം വര്‍ദ്ധനവ് 2024 ല്‍ ഉണ്ടായതായി വാഷിംഗ് ടണ്‍ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബ് (India Hate Lab) റിപ്പോര്‍ട്ട്. മുസ്ലിങ്ങൾക്ക് നേരെയുള്ള വിവേചനവും വിദ്വേഷകുറ്റകൃത്യങ്ങളും വർധിച്ചിട്ടുണ്ട്. കേരളത്തിലും വിദ്വേഷപ്രസംഗങ്ങൾ വർധിച്ചതായി കാണാം.

മതഭ്രാന്തും വിവേചനവും വേണ്ടെന്ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒരു വിഭാഗം ആക്രമിക്കപ്പെടുമ്പോൾ, എല്ലാവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപകടത്തിലാണ്. ലോകമെമ്പാടുമുള്ള എല്ലാവരും മതാന്ധതയെ തള്ളിക്കളയുകയും വംശീയ വിദ്വേഷത്തെയും വിവേചനത്തെയും ഇല്ലാതാക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

"ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ഈ അന്താരാഷ്ട്ര ദിനത്തിൽ, സമത്വം, മനുഷ്യാവകാശങ്ങൾ, അന്തസ്സ് എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും, വിശ്വാസം പരിഗണിക്കാതെ എല്ലാവർക്കും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ കഴിയുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹങ്ങൾ കെട്ടിപ്പടുക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം," യുഎൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News