തെൽ അവിവ് ഉൾപ്പടെ ഇസ്രായേൽ നഗരങ്ങളിൽ വീണ്ടും ഇറാൻ ആക്രമണം

ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ ഖോണ്ടാബിലെ ഘനജല ഗവേഷണ റിയാക്ടറിനടുത്ത് ആക്രമണം നടത്തി ഇസ്രായേൽ

Update: 2025-06-19 07:32 GMT

തെൽ അവിവ്: ഇന്നലെ രാത്രി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. തെൽ അവിവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. രണ്ട് ദിവസത്തിനിടയിലെ കനത്ത ആക്രമണത്തിൽ തെൽഅവിവും ജെറുസേലേമും വിറച്ചു. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് നിരവധി കെട്ടിടങ്ങളിൽ ഇറാന്റെ മിസൈൽ പതിച്ചു. കനത്ത നാശനഷ്ടമുണ്ടായി. അമ്പതിലേറെ പേർ ചികിത്സയിലാണ്. ഇന്റലിജൻസ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിനിടെ സൊറോക ആശുപത്രിയിലും മിസൈൽ പതിച്ചു. ഗസ്സയിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇവിടെ നിന്നും ഇന്നലെ രോഗികളെ മാറ്റിയിരുന്നു. ഇതിന് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

Advertising
Advertising

ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ വിഷവാതകം ചോർന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് അപകടകരമായ വസ്തുക്കൾ ചോർന്നിട്ടില്ലെന്ന് ഇസ്രായേൽ ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ. ഇസ്രയേലിന്റെ കമാന്റ് ആന്റ് ഇന്റലിജൻസ് ആസ്ഥാനമാണ് ലക്ഷ്യം വെച്ചതെന്ന് ഇറാൻ വിശദീകരണം. ഈ ആക്രമണത്തിനിടെയാണ് സൊറോക ആശുപത്രിയിൽ മിസൈൽ പതിച്ചത്. ആക്രമണത്തിൽ ബീർഷെബയിലും നാല് കെട്ടിടങ്ങൾ തകർന്നു. ആക്രമണത്തിൽ കുറഞ്ഞത് 30 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.  ടെൽ അവിവിലെ ഇസ്രായേലി സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. 

പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഇറാൻ വീണ്ടും നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തി. ഫോർദോ ആണവകേന്ദ്രം ആക്രമിക്കാൻ ആയുധം കൊണ്ട് നേരിട്ട് സാധിക്കില്ലെങ്കിൽ മനുഷ്യരെ ഉപയോഗിച്ചുള്ള ഓപ്പറേഷൻ നടത്താമെന്ന് ഇസ്രയേൽ യുഎസിനെ അറിയിച്ചു. ഇതിനിടെ ഇറാനുമായി ചർച്ചക്കുള്ള വാതിൽ അടഞ്ഞിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഒമാന്റെയും മറ്റു ഗൾഫ് രാഷ്ട്രങ്ങളുടേയും സമാധാന ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

അതേസമയം, ഇറാനെതിരെ ആക്രമണം നടത്താൻ യുഎസ് തയ്യാറെടുക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസ് സൈനിക ഇടപെടലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാഷിംഗ്ടൺ ഡിസിയിൽ അത്തരം നടപടിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യതയ്ക്കായി അമേരിക്ക തയ്യാറെടുക്കുകയാണ് എന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക ഇറാനുമായി നേരിട്ട് സംഘർഷത്തിൽ ഏർപ്പെടാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു എന്നതിൻ്റെ സൂചനയാണ് ഈ റിപ്പോർട്ട്.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News