മെക്‌സിക്കോയിലെ ഇസ്രായേൽ അംബാസഡറെ കൊലപ്പെടുത്താൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി യുഎസ്

ശ്രമം മെക്‌സിക്കൻ സുരക്ഷാ വിഭാ​ഗം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ ആക്‌സിയോസിനോട് പറഞ്ഞു

Update: 2025-11-07 16:47 GMT

ജെറുസലേം: മെക്‌സിക്കോയിലെ ഇസ്രായേൽ അംബാസഡർ ഐനാറ്റ് ക്രാൻസ് നൈഗറിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ, അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ശ്രമം മെക്‌സിക്കൻ സുരക്ഷാ വിഭാ​ഗം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ ആക്‌സിയോസിനോട് പറഞ്ഞു.

2024 അവസാനത്തോടെയാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിലെ ഉന്നതരായ ഖുദ്‌സ് ഫോഴ്‌സ് ഗുഢാലോചനക്ക് തുടക്കമിട്ടതെന്നും ഈ വർഷം അത് തടഞ്ഞെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലാറ്റിനമേരിക്കയിൽ ഉടനീളമുള്ള ഇറാനിയൻ ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി വെനിസ്വേലയിലെ ഇറാനിയൻ എംബസിയിൽ വർഷങ്ങളോളം ചെലവഴിച്ച ഐആർജിസിയുടെ യൂണിറ്റ് 11000-ൽ നിന്നുള്ള ഒരു പ്രവർത്തകനാണ് ഇതിന് നേതൃത്വം നൽകിയതെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

ആ ഗൂഢാലോചന പരാജയപ്പെടുത്തിയെന്നും നിലവിൽ ഭീഷണി ഉയർത്തുന്നില്ലെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ എഎഫ്പിയോട് പറഞ്ഞു.

''ലോകമെമ്പാടുമുള്ള ഇസ്രായേലി, ജൂത ലക്ഷ്യങ്ങൾക്കെതിരായf ഇറാനിൽ നിന്നും അതിന്റെ സഖ്യകക്ഷികളിൽ നിന്നുമുള്ള ഭീഷണികളെ തടയുന്നതിന്, ലോകമെമ്പാടുമുള്ള സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുമായി പൂർണ സഹകരണത്തോടെ, ഇസ്രായേലി ഇന്റലിജൻസ്, സുരക്ഷാ സമൂഹം അക്ഷീണം പ്രവർത്തിക്കുന്നത് തുടരും''- ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറെൻ മാർമോർസ്റ്റീൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News