അറബ് ഭൂരിപക്ഷ മേഖലയില്‍ ഒളിക്കാന്‍ ഷെല്‍റ്ററുകളില്ല; ഫലസ്തീനികളെ ഇറാന്‍ മിസൈലുകള്‍ക്ക് ഇട്ടുകൊടുക്കുന്നോ ഇസ്രായേല്‍?

തമ്രയിലെ ആക്രമണ സമയത്ത് മിറ്റ്‌സ്‌പെയിലെ ജൂത സമൂഹം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

Update: 2025-06-18 11:27 GMT
Editor : Shaheer | By : Web Desk

തെല്‍ അവീവ്: ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഇറാന്‍ മിസൈലുകള്‍ അപ്രതീക്ഷിതമായി തമ്രയിലും പതിക്കുന്നത്. പട്ടണത്തില്‍ അധ്യാപകനായ മനാര്‍ ഖാത്തിബും കുടുംബവും തമ്രയിലെ വീട്ടില്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍. പെട്ടെന്നാണ് അപ്രതീക്ഷിതമായി എത്തിയ മിസൈല്‍ ആ വീടിനു മുകളില്‍ പതിച്ചത്. മനാറും അദ്ദേഹത്തിന്റെ 13ഉം 20ഉം വയസുള്ള രണ്ടു മക്കളും വീട്ടിലുണ്ടായിരുന്ന ബന്ധുവും തത്ക്ഷണം തന്നെ മരിച്ചു. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മൂന്നു നിലയുള്ള ആ കെട്ടിടം തകര്‍ന്നുകിടക്കുന്ന ദൃശ്യം മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അറബികളാണെന്ന തരത്തില്‍ ഇസ്രായേല്‍ ഹാന്‍ഡിലുകളും ആഘോഷിച്ചു.

Advertising
Advertising
Full View

എന്നാല്‍, ഇസ്രായേല്‍ ഭരണകൂടം വടക്കന്‍ മേഖലയിലെ അറബ് സമൂഹത്തെ യുദ്ധത്തില്‍ മനുഷ്യ കവചങ്ങളാക്കി ഉപയോഗിക്കുകയാണെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്. മറ്റ് ഇസ്രായേല്‍ പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളോ എയര്‍ ഡിഫന്‍സ് സന്നാഹങ്ങളോ ആ അറബ് മേഖലയിലില്ല. ജനങ്ങള്‍ക്ക് മാറാനായി ബോംബ് ഷെല്‍ട്ടര്‍ സജ്ജീകരണങ്ങളും അവിടെ വേണ്ടത്രയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷങ്ങളില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത് വടക്കന്‍ ഇസ്രായേല്‍ നഗരമായ ഹൈഫയിലായിരുന്നു. വലിയ നാശനഷ്ടങ്ങളാണു മേഖലയില്‍ ഒന്നാകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈഫയിലെ അറബ് ഭൂരിപക്ഷ പ്രദേശമായ തമ്രയില്‍ അതിന്റെ വ്യാപ്തി വലുതാകുന്നത് സ്വാഭാവികമാണെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

ജറൂസലമും തെല്‍ അവീവും കഴിഞ്ഞാല്‍ ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഹൈഫ. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ ഫലസ്തീന്‍ പ്രദേശങ്ങളിലൊന്നാണത്. 1931ലെ സെന്‍സസ് പ്രകാരം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന അവിടം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ സമ്പൂര്‍ണമായി ജൂത നിയന്ത്രണത്തിലാകുന്നുണ്ട്. മുസ്്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യയെയെല്ലാം ബഹുദൂരം പിന്നിലാക്കിയായിരുന്നു ഹൈഫയില്‍ അതിവേഗത്തില്‍ ജൂതകുടിയേറ്റവും അധിവാസവും സംഭവിച്ചത്. അരലക്ഷത്തോളമുണ്ടായിരുന്ന പ്രദേശത്തെ അറബ് ജനസംഖ്യ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് വെറും മുവ്വായിരത്തിലേക്കും നാലായിരത്തിലേക്കുമെല്ലാം ചുരുങ്ങുന്നത്.

ഹൈഫയില്‍ ഇപ്പോഴും അറബ് ഭൂരിപക്ഷമുള്ള ചുരുക്കം പ്രദേശങ്ങളിലൊന്നാണ് തമ്ര. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണം വലിയ നാശം വിതച്ച പ്രദേശങ്ങളിലൊന്ന് തമ്ര ആയത് യാദൃച്ഛികമായിരുന്നില്ലെന്നാണ് സിഎന്‍എന്‍, ദി ഗാര്‍ഡിയന്‍, യുറോന്യൂസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ഇസ്രായേല്‍ പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി ഭരണകൂടത്തിന്റെ ഒരു ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത മേഖലയാണത്. സുരക്ഷയുടെ കാര്യമെടുത്താലും അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിലായാലും, ഇസ്രായേല്‍ പ്രദേശമാണെന്നു പോലും സംശയം ഉദിക്കുന്ന തരത്തിലുള്ള വിവേചനമാണ് തമ്രയോട് ഭരണകൂടം കാണിക്കുന്നതെന്നാണു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാന്‍ ആക്രമണത്തിലൂടെ ആ വിവേചനമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തമ്രയിലെ 37,000ത്തോളം വരുന്ന ജനസംഖ്യയില്‍ 40 ശതമാനം പേര്‍ക്കു മാത്രമേ സുരക്ഷിതകേന്ദ്രങ്ങളും ഫലപ്രദമായ ബോംബ് ഷെല്‍റ്ററുകളുമെല്ലാം ലഭ്യമായിട്ടുള്ളൂ. നഗരത്തിലെ മേയറായ മൂസ അബൂ റൂമി തന്നെ വ്യക്തമാക്കിയ കാര്യമാണത്. നഗരത്തില്‍ ഷെല്‍റ്ററുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം ഒരിക്കലും ഫണ്ട് അനുവദിച്ചിരുന്നില്ല. അവര്‍ക്ക് മറ്റു പല മുന്‍ഗണനകളും താല്‍പര്യങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ആരോപിക്കുന്നുണ്ട് മേയര്‍.

മറ്റ് ഇസ്രായേല്‍ നഗരങ്ങളിലെല്ലാം എല്ലായിടത്തും കാണുന്ന പബ്ലിക് ബങ്കറുകളോ ഷെല്‍റ്ററുകളോ ഒന്നും അവിടെ കാണാന്‍ പോലും കിട്ടില്ല. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോംബ് ഷെല്‍റ്ററുകളാക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നഗരസഭ. സ്വന്തം വീടുകള്‍ സുരക്ഷിതമല്ലെന്നു തോന്നുന്നവര്‍ക്കെല്ലാം ഇവിടെ താമസിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആക്രമണത്തിനു പിന്നാലെ പല മന്ത്രിമാരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. കൂടുതല്‍ മന്ത്രിമാരും നേതാക്കളും ഇനിയും സന്ദര്‍ശനത്തിന് എത്തുമെന്നാണ് അറിയുന്നത്. ഈ സമയം മുതലെടുത്ത് തമ്രയോടുള്ള ഭരണകൂട വിവേചനം പൊതുശ്രദ്ധത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും മേയര്‍ മൂസ അബൂ റൂമി സിഎന്‍എന്നിനോട് പറയുന്നു. ജൂത ഇസ്രായേലികള്‍ക്കും ഇസ്രായേല്‍ ഫലസ്തീനികള്‍ക്കും ഇടയിലുള്ള വലിയ വിടവ് നികത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് തമ്ര ആക്രമണത്തിനു പിന്നാലെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഗസ്സ ആക്രമണം ആരംഭിച്ചതുതൊണ്ട് ഇസ്രായേലിലെ അറബ് സമൂഹം ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കൊന്നും ഭരണകൂടം ഇനിയും ചെവി കൊടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മേഖലയില്‍ അറബികള്‍ക്കും ജൂത സമൂഹത്തിനും നല്‍കുന്ന സംരക്ഷണത്തിലും പരിഗണനയിലുമെല്ലാം വലിയ വ്യത്യാസമുണ്ടെന്നും അതില്‍ പറയുന്നുണ്ട്.

സിവില്‍ ഡിഫന്‍സിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ഇസ്രായേലിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നിര്‍മിക്കുന്നത്. 1990കള്‍ക്കുശേഷം നിര്‍മിച്ച എല്ലാ വീടുകള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും വ്യാവസായിക കെട്ടിടങ്ങള്‍ക്കുമെല്ലാം ഒപ്പം ബോംബ് ഷെല്‍റ്ററുകളും ഉണ്ടായിരിക്കണമെന്ന് ഇസ്രായേല്‍ നിയമം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അറബ് ഭൂരിപക്ഷ മേഖലയിലെ സ്ഥിതി ഇതല്ല. അത്തരം നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം ശ്രദ്ധ വച്ചിട്ടേയില്ല.

ഇതിനു പുറമെ, അറബ് ഭൂരിപക്ഷ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലൊന്നും മറ്റിടങ്ങളിലെ പോലെ പൊതു ഷെല്‍റ്ററുകളോ സംരക്ഷിത കേന്ദ്രങ്ങളോ ബങ്കറുകളോ ഒന്നും കാര്യമായി ലഭ്യമല്ലെന്ന് അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായേല്‍ പറയുന്നു. വടക്കന്‍ മേഖലയിലെ അറബ് പട്ടണങ്ങളിലെ പ്രതിരോധ-സുരക്ഷാ രംഗങ്ങളിലെല്ലാം വലിയ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. വംശീയതയാണ് ഈ വിവേചനങ്ങള്‍ക്കെല്ലാം കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്.

തൊട്ടടുത്തുള്ള ജൂതഭൂരിപക്ഷ പ്രദേശമായ മിറ്റ്‌സ്‌പെ അവീവ് ഈ വിവേചനങ്ങളുടെ നേര്‍സാക്ഷ്യമാണ്. വലിയ സുരക്ഷാ സംവിധാനങ്ങളും ബങ്കറുകളും ഷെല്‍റ്ററുകളുമെല്ലാം അവിടെ വ്യാപകമായി കാണാനാകും. തമ്രയിലെ ആക്രമണ സമയത്ത് മിറ്റ്‌സ്‌പെയിലെ ജൂത സമൂഹം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ഇറാനില്‍നിന്നുള്ള മിസൈലുകളും റോക്കറ്റുകളും വര്‍ഷിക്കുമ്പോള്‍ 'നിങ്ങളുടെ ഗ്രാമം കത്തിയമരട്ടെ' എന്ന് ആര്‍ത്തുവിളിച്ചായിരുന്നുവത്രെ ആഘോഷം. ഇസ്രായേല്‍ സമൂഹത്തിനിടയില്‍ പടര്‍ന്നുപിടിക്കുന്ന വംശീയതയുടെയും ഫാസിസ്റ്റ് മനോഭാവത്തിന്റെയും പ്രതിഫലനമാണു സംഭവമെന്നാണ് പാര്‍ലമെന്റിലെ അറബ് അംഗമായ ഡോ. അഹ്മദ് തീബി വിമര്‍ശിച്ചത്. ലജ്ജാകരണവും അറപ്പുളവാക്കുന്നതുമായ ദൃശ്യങ്ങളാണ് മിറ്റ്‌സ്‌പെ അവീവില്‍നിന്നു പുറത്തുവന്നതെന്നാണ് മറ്റൊരു പാര്‍ലമെന്റ് അംഗം നാമ ലാസിമി എക്‌സില്‍ കുറിച്ചത്. മേഖലയിലെ ഷെല്‍റ്ററുകളുടെ ദൗര്‍ലബ്യത്തിനു കാരണം ഇസ്രായേല്‍ ഭരണകൂടത്തിന്റെ വംശീയനയമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News