അമേരിക്കയിൽ ചർച്ചിൽ ട്രക്കിടിച്ച് കയറ്റി വെടിവെപ്പും തീവെപ്പും; നാല് പേർ കൊല്ലപ്പെട്ടു; പ്രതി ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികൻ
വാഹനത്തിന്റെ ക്യാബിന് പിന്നിൽ രണ്ട് വലിയ അമേരിക്കൻ പതാകകളും ഘടിപ്പിച്ചിരുന്നു.
Photo| New York Post
ന്യൂയോർക്ക്: അമേരിക്കയിലെ മിഷിഗണിൽ ചർച്ചിൽ പിക്കപ്പ് ട്രക്കിടിച്ച് കയറ്റി വെടിവെപ്പും തീവെപ്പും. നാല് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതി ഇറാഖ് യുദ്ധതിൽ പങ്കെടുത്ത മുൻ യുഎസ് സൈനികൻ. മിഷിഗണിലെ ലാറ്റർ-ഡേ സെയിന്റ്സ് ജീസസ് ക്രൈസ്റ്റ് പള്ളിയിൽ ഞായറാഴ്ച രാവിലെ പ്രാർഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം.
മുൻ സൈനികനായ 40കാരൻ തോമസ് ജേക്കബ് സാൻഫോർഡാണ് കൊലയാളി. ഇയാളെ പിന്നീട് പൊലീസ് വകവരുത്തി. 2004 മുതൽ 2008 വരെ യുഎസ് നാവികസേനാംഗവും അക്കാലത്ത് ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തയാളുമാണ് സാൻഫോർഡെന്ന് യുഎസ് സൈനിക രേഖകൾ വ്യക്തമാക്കുന്നു.
Photo| AP
പ്രാർഥന പുരോഗമിക്കുന്നിതിനിടെ തന്റെ ഷെവി സിൽവറഡോ ട്രക്ക് ചർച്ചിലേക്ക് ഇടിച്ചുകയറ്റിയ ശേഷമാണ് ഇയാൾ വിശ്വാസികൾക്കു നേരെ വെടിയുതിർത്തത്. വാഹനത്തിന്റെ ക്യാബിന് പിന്നിൽ രണ്ട് വലിയ അമേരിക്കൻ പതാകകളും ഘടിപ്പിച്ചിരുന്നു. വെടിവെപ്പിന് ശേഷം പ്രതി ചർച്ചിന് തീയിടുകയായിരുന്നു. തീവെപ്പിൽ പള്ളിക്കെട്ടിടമാകെ കത്തിച്ചാമ്പലായി.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പാഞ്ഞെത്തി കൊലയാളിയെ വെടിവച്ച് കൊല്ലുകയായിരുന്നു. മിഷിഗണിലെ ബർട്ടണിനടുത്താണ് ഇയാളുടെ താമസമെന്നും ഇയാൾ മാത്രമാണ് പ്രതിയെന്നും അധികൃതർ സ്ഥിരീകരിച്ചു. വെടിവയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം, പള്ളിയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
പള്ളിയുടെ പരിസരത്ത് നിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബോംബ് സ്ക്വാഡിന്റെ ഒരു സംഘം സാൻഫോർഡിന്റെ വീട്ടിലും പരിശോധന നടത്തി. ആക്രമണം നടക്കുമ്പോൾ ചർച്ചിൽ നൂറുകണക്കിന് വിശ്വാസികളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തീകത്തുന്നതിന്റെ ആകാശ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാവിലത്തെ ആരാധനാ ഗാനത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. "ആരുടെയോ വണ്ടി അബദ്ധത്തിൽ പള്ളിയിൽ ഇടിച്ചുകയറിയതാണെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്, അതുകൊണ്ടുതന്നെ ഞങ്ങൾ അദ്ദേഹത്തെ സഹായിക്കാനായി പുറത്തേക്കിറങ്ങി- ദൃക്സാക്ഷി പറഞ്ഞു.
Photo| AP
സഹായിക്കാനായി ഓടിയിറങ്ങിയ താൻ കണ്ടത് ഒരാൾ ട്രക്കിൽ നിന്ന് ഇറങ്ങുന്നതാണെന്ന് 38കാരനായ പോൾ കിർബി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. അയാൾ തനിക്കു നേരെ വെടിയുതിർത്തു. അടുത്തുള്ള ഗ്ലാസ് വാതിലിലൂടെ വെടിയുണ്ട തുളച്ചുകയറി. ഗ്ലാസിന്റെ ഒരു കഷണം കൊണ്ട് തന്റെ കാലിൽ മുറിവേറ്റതായും കിർബി പറഞ്ഞു.
തുടർന്ന് കിർബി ഭാര്യയെയും രണ്ട് ആൺമക്കളെയും കണ്ടെത്താൻ പള്ളിയുടെ ഉള്ളിലേക്ക് ഓടി. അവർ പള്ളിയുടെ പിൻഭാഗത്തിലൂടെ ഓടി രക്ഷപെടുകയും കഴിയുന്നത്ര ആളുകളെ കാറിൽ കയറ്റുകയും ചെയ്തു. അക്രമി ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റിയപ്പോൾ പള്ളിയിലും പരിസരിത്തുമുണ്ടായിരുന്നവർ വലിയ സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.