ഫലസ്തീൻ ജനതക്ക് 181 കോടി സഹായം പ്രഖ്യാപിച്ച് അയർലാന്റ്

അയർലാന്റിന്റെ ധനസഹായം UNRWA ക്കെതിരായ ഇസ്രായേൽ, യു.എസ് നടപടികൾക്കിടെ

Update: 2025-02-08 06:40 GMT
Editor : André | By : Web Desk

സിമോൺ ഹാരിസ്

ഡബ്ലിൻ: ഫലസ്തീൻ ജനതക്കു വേണ്ടി പ്രവർത്തിക്കുന്ന യു.എൻ സന്നദ്ധ സംഘടനയായ യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസിക്ക് (UNRWA) 20 മില്ല്യൺ യൂറോ (181 കോടി രൂപ) സഹായധനം പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യമായ അയർലാന്റ്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ, വാണിജ്യ, പ്രതിരോധമന്ത്രിയുമായ സിമോൺ ഹാരിസ് ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 1949 മുതൽ ഫലസ്തീനി അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന UNRWA യെ ഈയിടെ ഇസ്രായേൽ നിരോധിക്കുകയും, ഏജൻസിക്ക് നൽകി വന്നിരുന്ന ധനസഹായം യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നിർത്തലാക്കുകയും ചെയ്തിരുന്നു.

Advertising
Advertising

സങ്കൽപ്പിക്കാൻ കഴിയാത്തത്ര വലിയ ദുരിതത്തിലൂടെയാണ് ഫലസ്തീനിലെ, പ്രത്യേകിച്ചും ഗസ്സയിലെ ജനങ്ങൾ കടന്നുപോകുന്നതെന്നും അവരെ സഹായിക്കുന്നതിനുള്ള പ്രായോഗിക പദ്ധതി എന്ന നിലയ്ക്കാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്നും സിമോൺ ഹാരിസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായ UNRWA ക്ക് നൽകിവരുന്ന സഹായത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഈ നിർണായക ഘട്ടത്തിൽ ഗസ്സയിലേക്ക് മാനുഷിക സഹായം എത്തുന്നത് ഉറപ്പാക്കുക എന്ന അയർലാന്റിന്റെ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് ഈ തീരുമാനം. UNRWA നടത്തുന്ന പ്രവർത്തനങ്ങൾ മറ്റാർക്കെങ്കിലും ചെയ്യാൻ കഴിയുന്നതല്ല. അതിനു പിന്തുണ നൽകുക എന്നത് വളരെ പ്രധാനമാണ്.' - സിമോൺ ഹാരിസ് പറഞ്ഞു.

ഇസ്രായേൽ - ഹമാസ് വെടിനിർത്തലിനെ തുടർന്ന് ഗസ്സയിൽ പ്രവേശിച്ച മാനുഷിക സഹായങ്ങളിൽ 60 ശതമാനവും എത്തിച്ചത് UNRWA ആണെന്നും ആരോഗ്യം, സാമൂഹ്യ സേവനം, ഗസ്സയിലെ മൂന്നു ലക്ഷത്തിലേറെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ഏജൻസിയുടെ പ്രവർത്തനം സ്തുത്യർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 മുതൽ വിവിധ ഘട്ടങ്ങളിലായി ഗസ്സയ്ക്ക് 67 ദശലക്ഷം യൂറോ ധനസഹായം അയർലാന്റ് നൽകിയിട്ടുണ്ട്.

ഇസ്രായേൽ അധിനിവേശം നടത്തുന്ന ഗസ്സ, കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ സേവനം നടത്തുന്ന UNRWA യെ കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായേൽ നിരോധിച്ചത്. ഏജൻസിയുമായി ബന്ധപ്പെടുന്നതിൽ നിന്ന് നെതന്യാഹു ഭരണകൂടം ഇസ്രായേലി ഉദ്യോഗസ്ഥരെ പൂർണമായി വിലക്കുകയും ചെയ്തു. ഇതോടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള UNRWA സ്റ്റാഫുകളുടെ വിസ റദ്ദാവുകയും ഏജൻസിയുടെ പ്രവർത്തനം ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്ക് മാറ്റുകയും ചെയ്തു.

യുനെസ്‌കോ, യു.എൻ മനുഷ്യാവകാശ കൗൺസിൽ എന്നിവയിൽ നിന്ന് പിന്മാറുന്നതായും UNRWA ക്ക് നൽകിവരുന്ന ധനസഹായം നിർത്തലാക്കുന്നതായും ഈ മാസം അഞ്ചിന് യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവച്ചു. UNRWA യുടെ പ്രവർത്തന ചെലവിൽ 22 ശതമാനവും വഹിച്ചിരുന്നത് യു.എസ് ആയിരുന്നു. ട്രംപ് ഫണ്ടിങ് നിർത്തിയതോടെ ഇസ്രായേലി യുദ്ധത്തിൽ ബുദ്ധിമുട്ടുന്ന ഫലസ്തീനികളുടെ ദുരിതം വർധിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News