'ഇത് യുദ്ധക്കുറ്റം, ഞങ്ങൾ നിങ്ങൾക്കൊപ്പമില്ല'; യൂറോപ്യൻ പാർലമെന്റിൽ ആഞ്ഞടിച്ച് അയർലാൻഡ്

"അവർ എനിക്കു വേണ്ടി സംസാരിക്കേണ്ട. അയർലാൻഡിനു വേണ്ടിയും"

Update: 2023-10-17 11:56 GMT
Editor : abs | By : Web Desk
Advertising

ബ്രസൽസ്: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡണ്ട് ഉർസുല വോൻ ഡെർ ലെയനെതിരെ അയർലാൻഡ്. വിഷയത്തിൽ യൂറോപ്യൻ കമ്മിഷന്റെ പിന്തുണ ഇസ്രായേലിനാണ് എന്നു പറയാൻ ആരാണ് പ്രസിഡണ്ടിന് അധികാരം നൽകിയതെന്ന് അയർലാൻഡ് പ്രതിനിധി ക്ലാര ഡാലി ചോദിച്ചു. ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണ് എന്നും സമാധാനത്തിനും വെടിനിർത്തലിനുമാണ് യൂറോപ്യൻ യൂണിയൻ പരിശ്രമിക്കേണ്ടത് എന്നും ഇ.യു പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അവർ പറഞ്ഞു.

'നാൽപ്പതു വർഷമായി ഞാൻ രാഷ്ട്രീയത്തിൽ. ഇക്കാലയളവിൽ ഗസ്സയിൽ ഇതുപോലെ ഒന്ന് കണ്ടിട്ടില്ല. എല്ലാം പൊതുജന സമക്ഷമുണ്ട്. ലോകം മുഴുവൻ അതു കണ്ടുകൊണ്ടിരിക്കുന്നു. പത്തു ദിവസമായി തുടരുന്ന നിരന്തര വ്യോമാക്രമണത്തിൽ ഗസ്സയിലെ ആയിരത്തിൽ ഒരാളെ ഇസ്രായേൽ കൊന്നു. വെള്ളവും വൈദ്യുതിയും ഇന്ധനവും 24 മണിക്കൂർ മാത്രമേ ശേഷിക്കുന്നുള്ളൂ. നിരപരാധികളായ മനുഷ്യർക്ക് മേലാണ് കൂട്ടായ ശിക്ഷ നടപ്പാക്കുന്നത്. എല്ലാം നിയമവിരുദ്ധമാണ്. എല്ലാം യുദ്ധക്കുറ്റമാണ്. അന്താരാഷ്ട്ര നിയമം അനുസരിച്ച് വെടിനിർത്തലിനും സിവിലിയന്മാരുടെ സംരക്ഷണത്തിനുമായി യൂറോപ്യൻ യൂണിയൻ വാദിക്കുന്നതിനിടെ, ഉർസുല വോൻ ഡെർ ലെയൻ (യൂറോപ്യൻ കമ്മിഷന്‍ പ്രസിഡണ്ട്) ടെല്‍ അവീവിലെത്തി ഫോട്ടോ എടുത്ത് യൂറോപ് വരുംദിവസങ്ങളിൽ ഇസ്രായേലിന്റെ കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. അവർക്കെങ്ങനെ അതിനു ധൈര്യം വന്നു. വിദേശകാര്യങ്ങളിൽ അവർക്കൊരു അധികാരവുമില്ല. അവർ എനിക്കു വേണ്ടി സംസാരിക്കേണ്ട. അയർലാൻഡിനു വേണ്ടിയും വേണ്ട. യൂറോപ്പിലെ ജനങ്ങൾക്കു വേണ്ടിയും സംസാരിക്കേണ്ട. ഞങ്ങൾ സമാധാനത്തിനും ഫലസ്തീൻ ജനതയുടെ നീതിക്കും വേണ്ടി നിലകൊള്ളുന്നു.' - ക്ലാര പറഞ്ഞു. 



യൂറോപ്യൻ യൂണിയന് കീഴിലുള്ള സ്വതന്ത്ര രാഷ്ട്രീയ സംഘടനയാണ് യൂറോപ്യൻ കമ്മിഷൻ. യൂറോപ്യൻ പാർലമെന്റിന്റെയും യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെയും തീരുമാനങ്ങൾ നടപ്പാക്കുന്ന ഉത്തരവാദിത്വം കമ്മിഷന്റേതാണ്.

ഒക്ടോബർ 13ന് ടെൽ അവീവ് സന്ദർശനത്തിനിടെയാണ് ഉർസുല ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത്. 'നമ്മൾ ഇസ്രായേലിന്റെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കൾക്ക് നേരെ ആക്രമണമുണ്ടാകുമ്പോൾ അവരുടെ കൂടെ നിൽക്കണം. ഹമാസിന്റെ യുദ്ധ നടപടിക്കെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടൻ വിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' - എന്നാണ് ഉർസുല പറഞ്ഞിരുന്നത്. യൂറോപ്യൻ പാർലമെന്റ് പ്രസിഡണ്ട് റോബർട്ട മെറ്റ്‌സോളയും ഇവർക്കൊപ്പമുണ്ടായിരുന്നു.  





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News