ഹോര്‍മുസിലെ കടല്‍മൈനുകള്‍ ഒഴിവാക്കി കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ റൂട്ട് മാപ്പ് പുറത്തുവിട്ട് ഐആര്‍ജിസി
ഐആര്‍ജിസി പുറത്തുവിട്ട ഹോര്‍മുസിൻ്റെ മാപ്പില്‍ 'അപകട മേഖല' പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ച മൈനുകള്‍ ഒഴിവാക്കി കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മാപ്പ് പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസുമായി വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ വീണ്ടും ഹോര്‍മുസ് അടക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
ഐആര്‍ജിസി പുറത്തുവിട്ട ഹോര്‍മുസിന്റെ മാപ്പില്‍ 'അപകട മേഖല' എന്നെഴുതിയ മേഖല വട്ടമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം, ഹോര്‍മുസിന്റെ തെക്കന്‍ ഭാഗത്ത് ഒമാനോട് ചേര്‍ന്ന് പോകുന്ന കപ്പലുകള്‍ ഇറാനിയന്‍ തീരത്തോട് ചേര്‍ന്ന് വടക്കന്‍ റൂട്ടുകളിലൂടെയാണ് പോകേണ്ടത്. ഇതിന്റെ വിശദാംശങ്ങളടങ്ങിയ മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഇറാന്‍ വീണ്ടും ഹോര്‍മുസ് അടക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന അഭ്യൂഹങ്ങളുയരുന്നത്.
നാളെയാണ് വെടിനിര്‍ത്തല്‍ ധാരണകളില്‍ പാക് മധ്യസ്ഥതയില്‍ ഇസ്‌ലാമാബാദില്‍ ഇറാനും യുഎസുമായുള്ള ചര്‍ച്ച നടക്കുക. ചര്‍ച്ച പരാജയപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ കപ്പലുകളും വിമാനങ്ങളും സൈനികരും അവിടെത്തന്നെ തുടരും. കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.