വാഷിംഗ്ടൺ: അമേരിക്കയുടെ സൈനിക നയങ്ങളെയും ഇറാനുമായുള്ള സംഘർഷങ്ങളെയും ലിയോ പതിനാലാമൻ മാർപാപ്പ വിമര്‍ശിച്ചതിന് പിന്നാലെ വത്തിക്കാനും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നതായി റിപ്പോര്‍ട്ട്. പെന്‍റഗണിൽ വെച്ച് നടന്ന ഒരു രഹസ്യ കൂടിക്കാഴ്ചയിൽ വത്തിക്കാൻ നയതന്ത്രപ്രതിനിധിക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് ലഭിച്ചതായി ദി ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജനുവരിയിൽ പെന്‍റഗണിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ വത്തിക്കാൻ പ്രതിനിധിയായ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി ''യുഎസിന് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തിയുണ്ടെന്നും അമേരിക്കയിൽ ജനിച്ച ആദ്യത്തെ പോണ്ടിഫ് ആയ പോപ്പ് ലിയോ അവരുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും" പറഞ്ഞു. യുഎസ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് കോൾബിയാണ് ഈ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകിയത്.
കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ, കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നായ ' അവിഗ്‍നൻ പാപ്പസി'യെ (Avignon Papacy) കുറിച്ച് പരാമർശിച്ചതായാണ് റിപ്പോർട്ട്. സഭയെ ഭയപ്പെടുത്താനായി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പരാമർശം. പതിനാലാം നൂറ്റാണ്ടിൽ ഫ്രഞ്ച് രാജഭരണകൂടം കത്തോലിക്കാ സഭയെ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാക്കിയ കാലഘട്ടമാണിത്.
ജനുവരി 9-ന് മാർപാപ്പ നടത്തിയ പ്രസംഗത്തിൽ അമേരിക്കയുടെ സൈനിക ഇടപെടലുകളെയും ഇറാനുമായുള്ള സംഘർഷാവസ്ഥയെയും പരോക്ഷമായി വിമർശിച്ചിരുന്നു. ഇതാണ് അമേരിക്കൻ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. "പരസ്പരമുള്ള ചര്‍ച്ചകൾ പ്രോത്സാഹിപ്പിക്കുകയും സമവായം തേടുകയും ചെയ്യുന്നതിന് പകരം, ബലപ്രയോഗത്തിൽ അധിഷ്ഠിതമായ നയതന്ത്രം അധികാരം പിടിച്ചെടുക്കുന്നു. യുദ്ധം വ്യാപിക്കുകയാണ്. യുദ്ധം ചെയ്യാനുള്ള ആവേശം എല്ലായിടത്തും പടരുകയാണ്'' എന്നാണ് പോപ്പ് പറഞ്ഞത്.
ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പ്രസംഗം ട്രംപ് ഭരണകൂടത്തോടുള്ള കടുത്ത ശത്രുതയായിട്ടാണ് വൈറ്റ് ഹൗസ് വിലയിരുത്തിയത് എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ ക്രിസ്റ്റഫർ ഹെയ്‌ൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ നടപടി ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. നാറ്റോ സഖ്യം ഇല്ലാതാക്കണമെന്ന് ട്രംപ് ഭരണകൂടം ശക്തമായി വാദിച്ചിരുന്നു. കാനഡയുടെയും ഗ്രീൻലാൻഡിന്റെയും നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സഖ്യകക്ഷികളെപ്പോലും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.
വത്തിക്കാൻ പ്രതിനിധികളും അമേരിക്കൻ ഉദ്യോഗസ്ഥരും തമ്മിൽ ഇതിനുമുമ്പ് പെന്‍റഗണിൽ വെച്ച് കൂടിക്കാഴ്ചകൾ നടന്നതായി പൊതുരേഖകളിലില്ല. സാധാരണയായി ഇത്തരം നയതന്ത്ര ചർച്ചകൾ വൈറ്റ് ഹൗസിലോ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലോ ആണ് നടക്കാറുള്ളത്. കൂടിക്കാഴ്ചക്ക് പിന്നാലെ ഈ വര്‍ഷം നടത്താനിരുന്നു പോപ്പിന്‍റെ അമേരിക്കൻ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാൽ വത്തിക്കാൻ പ്രതിനിധിയുമായുള്ള ആശയവിനിമയം സാധാരണ നിലയിലുള്ളതായിരുന്നുവെന്നും ഭീഷണി പ്രയോഗങ്ങളുണ്ടായില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
"പെന്‍റഗണും വത്തിക്കാൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ച തികച്ചും ആദരപൂർണവും യുക്തിസഹവുമായ ഒരു ചർച്ചയായിരുന്നു. വിശുദ്ധ സിംഹാസനത്തോട് ഞങ്ങൾക്ക് അങ്ങേയറ്റത്തെ ബഹുമാനമാണുള്ളത്. വത്തിക്കാനുമായുള്ള തുടർച്ചയായ സംവാദങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു." വിവാദങ്ങളോടുള്ള അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.