ഗസ്സ വംശഹത്യ: സെനഗലിൽ വിദ്യാർഥി പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ഇസ്രായേൽ അംബാസിഡർ, പ്രസംഗിക്കാതെ വേദിവിട്ടു
ഇസ്രായേൽ അംബാസിഡർ പുറത്ത് പോകുമ്പോഴും മുദ്രാവാക്യം വിളിച്ചും ഫലസ്തീന്‍ പതാകകൾ വീശിയും വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു
ദാകര്‍: ശക്തമായ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് സെനഗലിലെ സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായി ഇസ്രായേല്‍ അംബാസിഡര്‍.
സെനഗലിലെ ഇസ്രായേൽ അംബാസഡർ യുവാൽ വാക്‌സിനാണ് സെനഗല്‍ തലസ്ഥാനമായ ദാക്കറിലെ യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. വിദ്യാര്‍ഥി പ്രതിഷേധത്തിന്റെയും അംബാസിഡര്‍ പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെനഗലിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചീഖ് ആന്റ ഡിയോപ് സർവകലാശാലയിൽ (യുസിഎഡി) അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് ഇസ്രായേല്‍ അംബാസിഡറെത്തിയത്. അദ്ദേഹം എത്തിയപ്പോൾ തന്നെ ഹാളിന് പുറത്ത് നിരവധി വിദ്യാർത്ഥികൾ തടിച്ചുകൂടി ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു.
ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേൽ യുദ്ധക്കുറ്റവാളിയായ രാഷ്ട്രം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും വിളിച്ചു. അതേസമയം വിദ്യാർത്ഥികൾ ഫലസ്തീൻ പതാകകൾ വീശുന്നതും അംബാസിഡറെ കൂക്കിവിളിക്കുന്നതും പ്രസംഗം നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
ഇതോടെ അദ്ദേഹത്തിന് വേദി വിടേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് വാക്‌സിനെ ക്യാമ്പസിന്റെ പുറത്തേക്ക് എത്തിച്ചത്. അദ്ദേഹം പോകുമ്പോഴും മുദ്രാവാക്യം വിളിച്ചും പതാകകൾ വീശിയും വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. ഗാംബിയ, ഗിനിയ, ഗിനിയ-ബിസൗ, കേപ് വെർഡെ, ചാഡ് എന്നിവിടങ്ങളിലെ ഇസ്രായേലിന്റെ നോൺ-റസിഡന്റ് അംബാസഡർ കൂടിയായ വാക്സ്.