ഇസ്രായേൽ ടാങ്കുകൾ അൽ ഷിഫ ആശുപത്രിയിൽ; ഹമാസിനോട് കീഴടങ്ങാന്‍ ആവശ്യം

ആശുപത്രിക്കുള്ളിൽ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം

Update: 2023-11-15 06:56 GMT
Editor : abs | By : Web Desk

തെൽ അവീവ്: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലേക്ക് ഇരച്ചു കയറി ഇസ്രായേൽ സൈന്യം. ടാങ്കുകൾ അടക്കമുള്ള യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് ഇസ്രായേൽ ആക്രമണം. ഹമാസ് പോരാളികളോട് കീഴടങ്ങാനും ഇസ്രായേല്‍ ആവശ്യപ്പെട്ടു. 

ആശുപത്രിക്കുള്ളിൽ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം. ആശുപത്രിയെ ഹമാസ് ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവും ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഹമാസ് അധികൃതർ നിഷേധിക്കുകയാണ്. ഇതിന് തെളിവു നൽകാനും ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ചു.

ആശുപത്രി സമുച്ചയത്തിന് അകത്തു നിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അൽ ഷിഫയിലെ എമർജൻസി വിഭാഗത്തിലാണ് ആദ്യം സേന കടന്നു കയറിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ ടാങ്കുകളുമെത്തി. ഇസ്രായേൽ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹമാസ് ഭരണകൂടം ആരോപിച്ചു.

Advertising
Advertising

അൽ ഷിഫ ആശുപത്രിയിൽ ഡോക്ടർമാരും രോഗികളും വീടു നഷ്ടപ്പെട്ട ആളുകളും മാത്രമേയുള്ളൂവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അൽ ഖുദ്‌രി പറഞ്ഞു. ഭയക്കാനോ ഒളിക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ 650 പേർ ചികിത്സയിലുണ്ടെന്ന് അൽ ജസീറ റിപ്പോർട്ടു ചെയ്യുന്നു. 5000-7000 അഭയാർത്ഥികളും ആശുപത്രി സമുച്ചയത്തിന് അകത്തുണ്ട്. 

നേരത്തെ, ആശുപത്രിയിലേക്കുള്ള വെള്ളവും വെളിച്ചവും ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. ഇന്ധനം തീർന്ന് ഇരുട്ടിലായതോടെ ഇൻക്യുബേറ്ററിലുണ്ടായിരുന്ന ഏഴ് നവജാത ശിശുക്കൾ ഉൾപ്പെടെ 36 പേർ മരണത്തിന് കീഴടങ്ങി. ബോംബിങ്ങിലും വെടിവയ്പ്പിലും മരിച്ചവർ അടക്കമുള്ള നൂറിലധികം പേരെ ആശുപത്രി വളപ്പിൽ കഴിഞ്ഞ ദിവസം കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയിരുന്നു. ഇന്ധനം തീര്‍ന്നതോടെ നൂറു കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News